- Trending Now:
കുടുംബശ്രീ ഉൽപന്നങ്ങളുടെ വൈവിധ്യവുമായി കനകക്കുന്നിലെ കേരളീയം വിപണനമേള. അടുക്കള ഉപകരണങ്ങൾ മുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വരെയുള്ള 50 സ്റ്റാളുകളുമായാണ് കുടുംബശ്രീ കേരളീയത്തിന്റെ ആകർഷണകേന്ദ്രമാകുന്നത്. ആയുർവേദ ഉത്പന്നങ്ങൾ, കുത്താൻപുള്ളി കൈത്തറി, മറയൂർ ശർക്കര, ഹൽവകൾ, ദാഹശമനികൾ, തേൻ, ചെടികൾ, ആഭരണങ്ങൾ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ഉൽപ്പന്നങ്ങളാണ് സ്റ്റാളുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രവേശന കവാടത്തിലുള്ള പൂന്തോട്ടത്തിൽ ആയിരത്തോളം ചെടികളും ഒരുക്കിയിട്ടുണ്ട്.
ജാതിക്കയുടെ നൂറോളം സ്ക്വാഷുകൾ, നൂറ്റെൺപതോളം അച്ചാറുകൾ, തേൻ ജാതിക്ക, ജാതിക്ക ജാം, ഇഞ്ചി നാരങ്ങ, തുടങ്ങി വ്യത്യസ്തമായ പുതു രുചികൾ ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് ഇവിടെ. വൻ തേൻ, ചെറു തേൻ, ഇറ്റാലിയൻ തേനീച്ചയുടെ തേൻ, സൂര്യകാന്തി തേൻ തുടങ്ങി തേനൂറും വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. ചാമ, വരക്, മാനിച്ചോളം, തിന ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളും മേളയ്ക്ക് മാറ്റുകൂട്ടുന്നു.
അട്ടപ്പാടിയിലെ ധാന്യങ്ങളും ധാന്യപ്പൊടികളും പലവിധ അവലുകളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. ആലപ്പുഴ ചക്ക വിഭവങ്ങളായ ചക്കക്കുരു ചമ്മന്തി, ചക്കമിൽക്ക് കുക്കീസ്, ഉണക്ക ചക്ക, ചക്ക അച്ചാർ, ചക്കപ്പൊടി, ചക്ക അലുവ, ഇടിച്ചക്ക അച്ചാർ എന്നിവയും കായംകുളം മീനച്ചാറും ബ്രഹ്മി ഉൽപ്പനങ്ങളും നാവിൽ രുചി ഉണർത്തുന്നവയാണ്.
വീട്ടിൽ തന്നെ നിർമിക്കുന്ന എണ്ണകൾ, ഫെയ്സ് പാക്കുകൾ, ഹെയർ പാക്കുകൾ, സോപ്പുകൾ, ലോഷനുകൾ, വിവിധയിനം അച്ചാറുകൾ ചമ്മന്തിപ്പൊടികൾ, തേൻ, ഉപ്പേരികൾ, ചിപ്സ്, ഡ്രൈഫുഡ്സ്, കോഴിക്കോടൻ ഹൽവകൾ, പഴയകാല മിഠായികൾ എന്നിവയും വ്യത്യസ്തരുചികൾ തേടുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
നിലമ്പൂരിൽ നിന്നുള്ള കളിമൺ പാത്രങ്ങൾ, കളിമൺ കിളികൾ, ധൂപങ്ങൾ, പുട്ടുകുറ്റി, കാഴ്ചക്കാർക്ക് കൗതുകമാകുന്ന മൺപാത്രങ്ങൾ കൊണ്ടുണ്ടാക്കിയ പ്ലാവില, മാജിക് കൂജ, കളിപ്പാട്ടങ്ങൾ എന്നിവയും ബഡ്സ് സ്കൂളുകളിലെ വിദ്യാർത്ഥികളും അമ്മമാരും ചേർന്ന് നിർമ്മിക്കുന്ന നോട്ട്പാട്, വിത്തു പേന, ബാഗുകൾ, മെഴുകുതിരി, ചെടികൾ, പൂ ചട്ടികൾ, എന്നിവയും കുടുംബശ്രീയുടെ വിപണന മേളക്ക് മാറ്റുകൂട്ടുന്നുണ്ട്.
ഹാൻഡി ക്രാഫ്റ്റ് സ്വർണാഭരണങ്ങൾ, ഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങൾ, ടൈഗർ സ്റ്റോൺ, സാൻഡ് സ്റ്റോൺ, ഹൈദരാബാദ് പേൾ ആഭരണങ്ങൾ, മുത്തുമാലകൾ, വളകൾ, കമ്മലുകൾ, മുള കൊണ്ടുള്ള ആഭരണങ്ങൾ ഇങ്ങനെ പോകുന്നു കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ നീണ്ട നിര.
വിദഗ്ധ നിർദേശങ്ങൾ പങ്കുവെച്ച് കേരളീയം സാമ്പത്തിക സെമിനാർ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.