- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിൽ (കെടിഎം) സംസ്ഥാനത്തെ ടൂറിസം വികസനത്തിന്റെ പുതിയയ സാധ്യതയായി വളരുകയാണ് ഹോംസ്റ്റേകൾ. പ്രാദേശിക സംസ്കാരം, ഭക്ഷണരീതികൾ, നിത്യജീവിതം എന്നിവ അടുത്തറിയാൻ അവസരമൊരുക്കുന്ന സമൂഹ-കേന്ദ്രീകൃത വാസസ്ഥലങ്ങളോടാണ് പുതുതലമുറ സഞ്ചാരികൾക്ക ഏറെ താത്പര്യമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
പരമ്പരാഗത ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഒപ്പം അനുഭവവേദ്യ യാത്രകൾ വാഗ്ദാനം ചെയ്യുന്ന ഹോംസ്റ്റേകൾ ഇത്തവണ മാർട്ടിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ആഭ്യന്തര-അന്തർദേശീയ ബയർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, വിൽപ്പനക്കാർക്ക് മികച്ച ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തിലെ പുതിയ ടൂറിസം കേന്ദ്രങ്ങളും നവീനഅനുഭവങ്ങളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോംസ്റ്റേ അസോസിയേഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിലവിൽ അംഗീകാരമുള്ള 1,800-ഓളം ഹോംസ്റ്റേകളും 48 സാമൂഹ്യാധിഷ്ഠിത കേന്ദ്രങ്ങളുമുണ്ട്. നാട്ടുകാർക്കൊപ്പം താമസിച്ച് അവരുടെ ജീവിതരീതികൾ കണ്ടറിയാൻ ഇത്തരം കേന്ദ്രങ്ങൾ അവസരമൊരുക്കുന്നുവെന്ന് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്സ്) ഐടി കൺവീനറും ടൂറിസം പ്രോജക്ട്സ് കോർഡിനേറ്ററുമായ റാഫേൽ ഹെർമിൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ അസോസിയേഷൻ ബ്രോഷറുകളും ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ അതിഥികൾക്ക് നേരിട്ട് ബുക്കിംഗ് സാധ്യമാക്കുന്നതും പ്രത്യേക പാക്കേജുകൾ ഒരുക്കുന്നതും മേഖലയുടെ സ്വീകാര്യത വർധിപ്പിക്കുന്നു.
യുവാക്കളായ സഞ്ചാരികൾക്കിടയിലും ടെക്നോളജി പ്രൊഫഷണലുകൾക്കിടയിലും ഹോംസ്റ്റേകൾക്ക് വലിയ പ്രിയമാണ്. ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ആംസ് ഹോളിഡേയ്സ് പ്രതിനിധി അമിതാ കൺവിന്ദെ, ഡൽഹി ട്രാവൽ ഇൻ-ലെ രവി കാലിയ, നൈജീരിയയിലെ അബിക്കി ട്രാവൽസ് ഉടമ അബിക്കെ ഒഡുനായ തുടങ്ങിയ പ്രമുഖ ടൂർ ഓപ്പറേറ്റർമാർ കേരളം മുന്നോട്ടുവെക്കുന്ന വ്യത്യസ്തമായ ഉൽപ്പന്നങ്ങളെയും കെടിഎമ്മിലെ മികച്ച ക്രമീകരണങ്ങളെയും പ്രശംസിച്ചു.
ടൂറിസം വകുപ്പിൽ നിന്നുള്ള കാര്യക്ഷമമായ പിന്തുണയും വേഗത്തിലുള്ള സർട്ടിഫിക്കേഷൻ നടപടികളും തങ്ങൾക്ക് വലിയ സഹായമാണെന്ന് എറണാകുളം വരാപ്പുഴയിലെ ഹോംസ്റ്റേ സംരംഭകൻ ജെയ്മോൻ പറഞ്ഞു. അതോടൊപ്പം, കൃത്യമായ സർക്കാർ അംഗീകാരവും സൗകര്യങ്ങൾക്കനുസരിച്ചുള്ള തരംതിരിവും ഉറപ്പാക്കണം. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത് തടയണമെന്നും സംരംഭകർ ആവശ്യപ്പെട്ടു.
കേരള ട്രാവൽ മാർട്ടിന്റെ അവസാനദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ വൈകീട്ട് അഞ്ച് വരെ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.