Sections

അനുഭവവേദ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി കേരളം വളരുന്നു: കെടിഎം 2026 ൽ വിദേശ ബയർമാർ

Sunday, Sep 27, 2026
Reported By Admin
KTM 2026: Foreign Buyers Praise Kerala’s Experiential Tourism

കൊച്ചി: ആയുർവേദ-വെൽനസ് ടൂറിസം മേഖലകളിലെ മുൻനിര സ്ഥാനം നിലനിർത്തുന്നതിനൊപ്പം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മികച്ച അനുഭവവേദ്യ ടൂറിസം കേന്ദ്രമായി കേരളം വളരുകയാണെന്ന് കെടിഎമ്മിൽ പങ്കെടുക്കുന്ന വിദേശ ബയർമാർ അഭിപ്രായപ്പെട്ടു.

കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം 2026) ഭാഗമായി നടന്ന ബി-ടു-ബി ചർച്ചകളിലാണ് പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ ശാന്തസുന്ദരമായ അന്തരീക്ഷം, സ്വാഭാവിക പ്രകൃതിദൃശ്യങ്ങൾ, ആകർഷകമായ പ്രാദേശിക ജീവിതരീതി, സവിശേഷമായ ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവയിലൂടെയാണ് സംസ്ഥാനത്തിന്റെ മുൻനിര വളർച്ച സാധ്യമാകുന്നതെന്നും അവർ പറഞ്ഞു.

അനുഭവവേദ്യ യാത്രകൾ, പ്രകൃതി, വന്യജീവി സമ്പത്ത്, ആഡംബര താമസസൗകര്യങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന പാക്കേജുകളാണ് തങ്ങൾ കെടിഎമ്മിൽ തേടുന്നതെന്ന് യുഎസിലെ 'വൈൽഡ് ഗിഫ്റ്റ് അഡ്വഞ്ചർ ട്രാവൽ കമ്പനി'യിലെ ജെസ്സി ഫ്ലെഗെയ്ൻ പറഞ്ഞു. പ്രകൃതിയും ചരിത്രവും ഒത്തുചേരുന്ന അന്തരീക്ഷമാണ് സഞ്ചാരികൾ ആഗ്രഹിക്കുന്നത്. ഗോൾഡൻ ട്രയാംഗിൾ മേഖലയിൽ നിന്ന് വേറിട്ട ഭൂപ്രകൃതിയും ശാന്തമായ അന്തരീക്ഷവും ബീച്ചുകളും തേയിലത്തോട്ടങ്ങളും കേരളത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ തിരക്ക് വളരെ കുറവാണെന്നത് പ്രധാനമാണെന്നും ഫ്ലെഗെയ്ൻ ചൂണ്ടിക്കാട്ടി.

പ്രകൃതിസൗന്ദര്യമാണ് കേരളത്തിന്റെ പ്രധാന ആകർഷണമെന്ന് തായ്വാനിലെ 'സിപി ട്രാവൽ സർവീസ് കോർപ്പറേഷനി'ലെ ജാൻ ആൻ പിംഗ്, ഹുവാങ് സുവോ-യൻ എന്നിവർ പറഞ്ഞു. ഇന്ത്യാ സന്ദർശന വേളയിൽ താജ്മഹൽ മാത്രം കണ്ട് മടങ്ങുന്ന തായ്വാനിലെ ജനങ്ങൾക്ക് മുന്നിൽ കേരളത്തിന്റെ വൈവിധ്യങ്ങൾ എത്തിക്കാൻ ആഗ്രഹിക്കുന്നതായി എഴുത്തുകാരൻ കൂടിയായ സൂ-യെൻ പറഞ്ഞു. കേരളത്തിലെ കായലുകളും കടൽത്തീരങ്ങളും കലാരൂപങ്ങളായ കഥകളി, കളരിപ്പയറ്റ് എന്നിവയും വളരെ ആകർഷകമാണെന്ന് ജാൻ ആൻ പിംഗ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 30 വർഷത്തിലധികമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന യുകെയിലെ വെയിൽസ് ആസ്ഥാനമായുള്ള 'വെയിൽസ് ബെക്കൺസ് ലിമിറ്റഡ്' കമ്പനിയിൽ നിന്നുള്ള എറിക് ഹോളിഡേ 2002 മുതൽ കെടിഎമ്മിൽ പങ്കാളിയാണ്. യുകെയിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇന്ത്യയെ പരിചയപ്പെടാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. ശാന്തവും പച്ചപ്പു നിറഞ്ഞതുമായ അന്തരീക്ഷവും കായൽത്തീരങ്ങളും ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ലളിതമായ ജീവിതരീതി, തനത് ഭക്ഷണവിഭവങ്ങൾ, യോഗ, ആയുർവേദം എന്നിവ ആഗോളതലത്തിൽ മാർക്കറ്റ് ചെയ്യാനാകുമെന്ന് ന്യൂയോർക്കിൽ ട്രാവൽ ഏജൻസി നടത്തുന്ന മെയ്ല മെലോ പറഞ്ഞു. കേരളത്തിലെ ഗ്രാമീണ ജീവിതവും മത്സ്യവിഭവങ്ങളും ഹോംസ്റ്റേ സംസ്കാരവും സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് നൽകുന്നത്. കേരളത്തിനായി ഒരു സമഗ്ര വിപണന പദ്ധതി തയ്യാറാക്കാൻ ആഗ്രഹിക്കുന്നു. ഹോട്ടലുകളിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക ജീവിത രീതി നേരിട്ടറിയാൻ ഹോംസ്റ്റേകൾ സഹായകമാണെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രമുഖ യാത്രാ-ഹോസ്പിറ്റാലിറ്റി മേളകളിലൊന്നായ കേരള ട്രാവൽ മാർട്ടിന്റെ പതിമൂന്നാം പതിപ്പിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1500 ലധികം ബയർമാരാണ് പങ്കെടുക്കുന്നത്. ടൂറിസം സംരംഭകരുടെ 383 സ്റ്റാളുകളും കേരളം, തമിഴ്നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പങ്കാളികൾക്കായി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെ സംസ്ഥാനത്തെ 12 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക സന്ദർശന പരിപാടികളും ഒരുക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.