- Trending Now:
തിരുവനന്തപുരം: വിവിധ മേഖലകളിൽ നിന്നുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളേയും അക്കാദമിക മേഖലയിലെ വിദഗ്ധരേയും പുതുതലമുറ സംരംഭകരുമായി ബന്ധിപ്പിക്കുന്ന 'മിഷൻ 14 എക്സ് ' സംരംഭവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം).
സംസ്ഥാനത്തെ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ഇന്നൊവേഷൻ ആൻഡ് ഒൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻററുകളിൽ (ഐഇഡിസി) വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്കും സംരംഭകത്വത്തിനും പിന്തുണ നല്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
മിഷൻ 14 എക്സിൻറെ ഭാഗമായി സംസ്ഥാനത്തെ ഐഇഡിസി ക്ലസ്റ്ററുകളിലെ നൂതനാശയങ്ങളെയും സംരംഭകത്വ മികവിനേയും പിന്തുണയ്ക്കുന്ന വിദഗ്ധരുടെ നെറ്റ് വർക്ക് സൃഷ്ടിക്കും. ഇതിനായി സംരംഭകത്വ മേഖലയിൽ വൈദഗ്ധ്യമുള്ളവരുടെ പാനൽ കെഎസ്യുഎം തയ്യാറാക്കും. പുതുതലമുറയിലെ നവീനാശയക്കാർ, സംരംഭകർ, വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾ എന്നിവയുമായി പരിചയസമ്പന്നരായ പ്രൊഫഷണലുകളെ ബന്ധിപ്പിക്കാൻ ഇതിലൂടെ വിഭാവനം ചെയ്യുന്നു.
സ്റ്റാർട്ടപ്പ് സംരംഭകത്വം, നിക്ഷേപം, സാങ്കേതികവിദ്യ, ഇന്നവേഷൻ, മെൻറർഷിപ്പ്, ഗവേഷണം, ബിസിനസ് തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ളതും ഏഴു വർഷത്തിലധികം പരിചയസമ്പന്നരുമായ പ്രൊഫഷണലുകൾക്കും അക്കാദമിക് ഫാക്കൽറ്റി അംഗങ്ങൾക്കും 'മിഷൻ 14 എക്സി' ൻറെ ഭാഗമാകാം.
'ക്ലസ്റ്റർ തലത്തിലുള്ള ഇന്നൊവേഷൻ പ്രോഗ്രാമുകൾ, സ്റ്റാർട്ടപ്പ് സ്ക്രീനിംഗുകൾ, സാങ്കേതിക മൂല്യനിർണയങ്ങൾ, സംരംഭക ആവാസവ്യവസ്ഥ മെച്ചപ്പെടുത്തൽ തുടങ്ങിയവയെ പിന്തുണയ്ക്കാൻ കഴിവുള്ള ശക്തമായ ജില്ലാതല വിദഗ്ദ്ധ സംഘങ്ങളെ സൃഷ്ടിക്കുക എന്നതാണ് മിഷൻ 14 എക്സിലൂടെ ലക്ഷ്യമിടുന്നതെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും യുവ സംരംഭകരേയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ മുൻനിര സ്റ്റാർട്ടപ്പുകളുടേയും വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടേയും മികച്ച കേന്ദ്രമെന്ന നിലയിൽ കേരളത്തിൻറെ സ്ഥാനത്തെ ഉയർത്തിക്കാട്ടാൻ ഇതിലൂടെ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തോടൊപ്പം സ്റ്റാർട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ്യുഎം ആവിഷ്കരിച്ച പദ്ധതിയാണ് ഇന്നവേഷൻ ആൻഡ് ഒൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻറർ. മെഡിക്കൽ-കാർഷിക ശാസ്ത്ര പഠനം മുതൽ പോളിടെക്നിക്, എൻജിനീയറിങ് ആർട്സ് & സയൻസ്, മ്യൂസിക്, ലോ, ഫൈൻ ആർട്സ്, ട്രെയിനിംഗ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജുകൾ, മറ്റ് കോളേജുകൾ തുടങ്ങി സംസ്ഥാനത്തൊട്ടാകെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഐഇഡിസികളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
യുവസംരംഭകരുടെ ആശയങ്ങളെ ഉത്പന്നങ്ങളാക്കി വികസിപ്പിക്കാൻ സഹായിക്കുന്ന ആശയ മൂല്യനിർണയ പാനലുകൾ, ഇന്നൊവേഷൻ അവലോകന സെഷനുകൾ, സ്റ്റാർട്ടപ്പ് സ്ക്രീനിംഗുകൾ, മെൻറർഷിപ്പ് , സംരംഭക മാർഗ്ഗനിർദ്ദേശ പരിപാടികൾ തുടങ്ങിയവയിൽ വിദഗ്ധർ സജീവമായി പങ്കെടുക്കണം. നൂതന ആശയങ്ങളെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന സ്റ്റാർട്ടപ്പ് ഇൻകുബേഷൻ പ്രോഗ്രാമായ 'ഐഡിയബോക്സ്' പോലുള്ളവ ശക്തിപ്പെടുത്താൻ സഹായിക്കണം.
'മിഷൻ 14 എക്സി' ൻറെ ഭാഗമാകാൻ താല്പര്യമുള്ള വിദഗ്ധർക്ക് പ്രൊഫഷണൽ നെറ്റ് വർക്കുകൾ വ്യാപിപ്പിക്കാൻ സാധിക്കും. കേരളത്തിൻറെ ഇന്നൊവേഷൻ ആവാസവ്യവസ്ഥയുടെ ഭാഗമാകാനാകും. വിദ്യാർത്ഥി സംരംഭകർക്കിടയിൽ നിന്ന് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ, ഭാവി സാധ്യതയുള്ള കണ്ടെത്തലുകൾ എന്നിവ തിരിച്ചറിയുന്നതിനൊപ്പം സംസ്ഥാനത്തുടനീളമുള്ള മികച്ച യുവ സംരംഭകരുമായി ഇടപഴകാനുള്ള അവസരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: https://ksum.in/Mission14X-Application-form
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.