- Trending Now:
തിരുവനന്തപുരം: വൈദ്യുത വാഹന (ഇവി) വിപണിയിലെ പുത്തൻ സംരംഭങ്ങൾക്കും നൂതന ആശയങ്ങൾക്കും കരുത്തുപകരാൻ കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്യുഎം) ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി (ട്രെസ്റ്റ്) റിസർച്ച് പാർക്കും സംയുക്തമായി 'ഇവോൾവ് - ഇവി ഇന്നൊവേഷൻ കോഹോർട്ട്' (EVolve - EV Innovation Cohort) എന്ന പുതിയ ഇൻകുബേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. ആറുമാസം നീണ്ടുനിൽക്കുന്ന ഈ ഡീപ്-ടെക് പ്രോഗ്രാമിലൂടെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ തുടക്കക്കാരായ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ സാങ്കേതിക പിന്തുണയും മാർഗനിർദ്ദേശങ്ങളും നൽകുകയാണ് ലക്ഷ്യം.
വാഹന രൂപകല്പന, ബാറ്ററികൾ, ഊർജ്ജ സംഭരണ സാങ്കേതികവിദ്യകൾ, പവർ ഇലക്ട്രോണിക്സ്, ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ, സോഫ്റ്റ്വെയർ ആൻഡ് കണക്റ്റിവിറ്റി സൊല്യൂഷനുകൾ, സർക്കുലർ ഇക്കണോമി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം.
തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക ഉപദേശങ്ങൾക്കും വിദഗ്ധരുടെ മാർഗനിർദ്ദേശങ്ങൾക്കും പുറമെ വ്യവസായ മേഖലയിലെ പ്രമുഖരുമായുള്ള ബന്ധം സ്ഥാപിക്കാനും മികച്ച ഇന്നൊവേഷൻ ആവാസ വ്യവസ്ഥയുടെ ഭാഗമാകാനും അവസരം ലഭിക്കും. ആറു മാസത്തെ പരിശീലനത്തിന് ശേഷം നടക്കുന്ന 'ഡെമോ ഡേ'യിൽ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും പ്രമുഖ നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
കെഎസ്യുഎമ്മിൻറെ മികച്ച സംവിധാനങ്ങളും ട്രെസ്റ്റ് റിസർച്ച് പാർക്കിൻറെ ഗവേഷണ മികവും ഒത്തുചേരുന്നതിലൂടെ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇതു വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജനുവരി 27 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://ksum.in/evolve എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.