- Trending Now:
കൊച്ചി: മാധ്യമരംഗത്ത് നിർമ്മിത ബുദ്ധി(എഐ) സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ 'ബിയോണ്ട് ടുമോറോ 2026' സമ്മേളനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 11-ന് കളമശ്ശേരിയിലെ കൊച്ചി ഡിജിറ്റൽ ഹബ്ബിലാണ് പരിപാടി.
'എഐ ഇൻ മീഡിയ - ദ സ്റ്റോറി ഈസ് ബീയിംഗ് റീറൈറ്റൺ ബൈ മെഷീൻസ്' എന്ന പ്രമേയത്തിലാണ് സമ്മേളനം. സിനിമ, മാധ്യമപ്രവർത്തനം, പബ്ലിഷിംഗ്, പരസ്യം, ഡിജിറ്റൽ കണ്ടന്റ്, വിഷ്വൽ ആർട്സ്, എന്റർടൈൻമെന്റ്, ക്രിയേറ്റർ എക്കോണമി തുടങ്ങിയ മേഖലകളിൽ എഐ വരുത്തുന്ന സ്വാധീനത്തെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. സാങ്കേതികവിദ്യ ക്രിയേറ്റീവ് വ്യവസായങ്ങളെ എങ്ങനെ മാറ്റിയെഴുതുന്നുവെന്നും സ്റ്റാർട്ടപ്പുകൾക്കും ഉള്ളടക്കം സൃഷ്ടാക്കൾക്കും എങ്ങനെയെല്ലാം പുതിയ അവസരങ്ങൾ തുറന്നുനൽകുന്നുവെന്നും വിലയിരുത്തുകയാണ് ലക്ഷ്യം.
കേരള സ്റ്റാർട്ടപ്പ് മിഷൻ ഫിക്കി ടൂറിസം ആൻഡ് കൾച്ചർ കമ്മിറ്റിയുമായി സഹകരിച്ച് 2024-ലാണ് ബിയോണ്ട് ടുമോറോ സമ്മേളനത്തിന് തുടക്കമിട്ടത്. തുടർന്ന് ക്രിയേറ്റീവ് എക്കോണമിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കായി ഉയർന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട വേദിയായി ഇത് മാറി. വിദഗ്ധർ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ പാനൽ ചർച്ചകൾ, വ്യവസായ ലോകത്തെ അവതരണങ്ങൾ, നെറ്റ്വർക്കിംഗ് അവസരങ്ങൾ എന്നിവ സമ്മേളനത്തിൽ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി പ്രത്യേക റൗണ്ട് ടേബിൾ ചർച്ചയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചലച്ചിത്ര പ്രവർത്തകർ, മാധ്യമ രംഗത്തെ പ്രമുഖർ, പ്രസാധകർ, കലാകാരന്മാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ഗെയിമിംഗ് പ്രൊഫഷണലുകൾ, മാർക്കറ്റിംഗ് വിദഗ്ദ്ധർ, ക്രിയേറ്റീവ് സംരംഭകർ എന്നിവരുൾപ്പെടെ ദേശീയതലത്തിൽ ശ്രദ്ധേയരായ ഇരുപതിലധികം പ്രഭാഷകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. സിനിമ, വിനോദം, പബ്ലിഷിംഗ്, ആർട്ട്, മീഡിയടെക്, ക്രിയേറ്റീവ് ടെക് സ്റ്റാർട്ടപ്പുകൾ, അതിവേഗം വളരുന്ന ക്രിയേറ്റർ എക്കോണമി എന്നിവയിലെ എഐ സ്വാധീനത്തെ ആസ്പദമാക്കിയാണ് വിവിധ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
എഐ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ച് അറിവ് നേടാനും, രംഗത്തെ പ്രമുഖരിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കാനും, സ്റ്റാർട്ടപ്പുകളുമായും കണ്ടന്റ് ക്രിയേറ്റർമാരുമായും സഹകരിച്ച് പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനും ഈ പരിപാടി പങ്കാളികൾക്ക് അവസരമൊരുക്കുന്നു. സർഗ്ഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പങ്കെടുക്കാവുന്ന ഈ പരിപാടിയിലേക്ക് രജിസ്ട്രേഷൻ മുഖേനയാണ് പ്രവേശനം. താല്പര്യമുള്ളവർക്ക് beyondtomorrow.startupmission.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.