Sections

ക്ഷീരഗ്രാമം പദ്ധതി വ്യാപിപ്പിച്ച് പാലുത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കും: മന്ത്രി ജെ ചിഞ്ചുറാണി

Tuesday, Mar 14, 2023
Reported By Admin
Dairy Farmers

കർഷക പുരസ്കാര വിതരണത്തിൻറെയും കന്നുകാലി പരിപാലന കേന്ദ്രത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു


ക്ഷീരഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് പാലുത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുമെന്ന് മൃസംരംക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ കർഷക പുരസ്കാര വിതരണത്തിൻറെയും കന്നുകാലി പരിപാലന കേന്ദ്രത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം പത്ത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്. ഇത്തവണ അത് ഇരുപത് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. ഇതുവഴി ഓരോ പഞ്ചായത്തിലും നൂറോളം പശുക്കൾ അധികമായി ലഭ്യമാകും. സംസ്ഥാന വ്യാപകമായി നടത്തിയ ക്ഷീരസംഗമങ്ങളിലൂടെ കർഷകരുടെ പരാതികൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിച്ചു. അതിദരിദ്ര കുടുംബങ്ങൾക്ക് 90 ശതമാനം സബ്സിഡിയിൽ പശുക്കളെ നൽകുന്ന പദ്ധതി നടപ്പാക്കി വരികയാണ്. ക്ഷീരസംഘങ്ങൾ വഴിയാണ് ഇത് നടപ്പാക്കുന്നത്. പാലുത്പാദനത്തിൽ സംസ്ഥാനം 90 ശതമാനം സ്വയംപര്യാപ്തത ഇതിനോടകം നേടിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കന്നുകാലി പരിപാലന കേന്ദ്രത്തിൽ പുതുതായി പണികഴിപ്പിച്ച സ്റ്റാഫ് ക്വാർട്ടേഴ്സിൽ നാല് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൌകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഒരു കോടി രൂപ ചെലവഴിച്ചാണ് ക്വാർട്ടേഴ്സിന്റെ നിർമാണം. 2021-22 വർഷത്തെ മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം കല്ലിയൂരിലെ കെ എൻ വിജയകുമാറിനും സമ്മിശ്ര കർഷകനുള്ള പുരസ്കാരം അവനവഞ്ചേരി സ്വദേശി എം.കെ അജിത്കുമാറിനും മന്ത്രി സമ്മാനിച്ചു. കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ വി കെ പ്രശാന്ത് എം.എൽ. എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ മുഖ്യാതിഥിയായിരുന്നു. മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, വെറ്റിനറി ഡോക്ടർമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.