- Trending Now:
കൊല്ലം: രാജ്യത്തെ തന്നെ ആദ്യത്തെ ലേക്ക് സൈഡ് ഐടി പാർക്കായ കൊല്ലം ടെക്നോപാർക്ക് (ഫേസ് -5), കേരളത്തിൻറെ ഐടി ഭൂപടത്തിൽ വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കുകയാണ്. മെട്രോ നഗരങ്ങളിലെ തിരക്കുകളിൽ നിന്ന് മാറി അഷ്ടമുടിക്കായലിൻറെ ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ കാമ്പസ്, ദക്ഷിണ കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഐടി ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്.
ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള 'അഷ്ടമുടി' ഐടി കെട്ടിടം ആധുനിക സൗകര്യങ്ങളാൽ സമ്പന്നമാണ്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ രൂപകല്പന ചെയ്ത ഈ കെട്ടിടത്തിന് അന്താരാഷ്ട്ര തലത്തിലുള്ള ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. നിലവിൽ 17 ഓളം കമ്പനികളിലായി അഞ്ഞൂറ്റിയമ്പതിലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രത്യേക സാമ്പത്തിക മേഖലയിൽ (SEZ-സ്പെഷ്യൽ ഇക്കണോമിക് സോൺ) ആണ് കാമ്പസ് പ്രവർത്തിക്കുന്നത്. ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ആംഫി തിയേറ്റർ, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവ ക്യാമ്പസിനെ ഒരു സമ്പൂർണ്ണ 'ലൈവ്-വർക്ക്-പ്ലേ' ആവാസവ്യവസ്ഥയാക്കി മാറ്റും. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഏറെ പ്രയോജനകരമായ രീതിയിൽ 8 മുതൽ 25 സീറ്റുകൾ വരെയുള്ള സ്മാർട്ട് ബിസിനസ് സെൻററുകൾ ഇവിടെ പ്ലഗ്-ആൻഡ്-പ്ലേ സൗകര്യത്തോടെ ലഭ്യമാണ്.
കാമ്പസിൻറെ ചുറ്റുമുള്ള അക്കാദമിക് സ്ഥാപനങ്ങൾ കൊല്ലം ടെക്നോപാർക്കിൻറെ വളർച്ചയ്ക്ക് നിർണായക പിന്തുണയാണ് നൽകുന്നത്. പ്രശസ്തമായ ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പെരുമൺ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ, സാങ്കേതിക വൈദഗ്ധ്യമുള്ള ബിരുദധാരികളെ കമ്പനികൾക്ക് ലഭ്യമാകുന്നു. ഇതിനൊപ്പം നാട്ടിൽ തന്നെ മികച്ച ശമ്പളത്തോടു കൂടിയുള്ള തൊഴിലവസരവും ലഭിക്കുന്നു. കൂടാതെ, സോഫ്റ്റ്വെയർ ഡെവലപ്മെൻറ് മുതൽ എഐ വരെയുള്ള മേഖലകളിൽ പ്രാഗത്ഭ്യമുള്ള മികച്ച തൊഴിൽവൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകളുടെ സാന്നിധ്യം ഇവിടത്തെ ഐടി ഇക്കോസിസ്റ്റത്തെ കൂടുതൽ ശക്തമാക്കുന്നു. കുറഞ്ഞ ചെലവിൽ ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ആഗോള കമ്പനികൾക്ക് കൊല്ലം ടെക്നോപാർക്ക് മികച്ച നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്.
ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിലും കുണ്ടറയിലെ ഈ കാമ്പസ് ഏറെ മുന്നിലാണ്. കൊല്ലം നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരമുള്ള ഇവിടേക്ക് റോഡ്, റെയിൽ പാതകൾ വഴി എളുപ്പത്തിൽ എത്തിച്ചേരാനാകും. സംസ്ഥാനത്തെ ഏറ്റവും പ്രധാനമുള്ള രണ്ട് റോഡുകളായ എംസി റോഡ്, ദേശീയപാത 66 എന്നിവയിൽ നിന്ന് തുല്യ ദൂരത്തിലാണ് കൊല്ലം ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്നത്. ട്രെയിൻ മാർഗ്ഗം എത്തുന്ന ജീവനക്കാരുടെ സൗകര്യാർത്ഥം കുണ്ടറ ജംഗ്ഷനിൽ നിന്നും മറ്റും ശനിയാഴ്ചകൾ ഉൾപ്പെടെ പ്രത്യേക കെഎസ്ആർടിസി സർവീസുകളും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രി, ഫയർ സ്റ്റേഷൻ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ബീച്ച് എന്നിവ പാർക്കിൻറെ വളരെ സമീപത്താണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.