- Trending Now:
കൊച്ചി: മെച്ചപ്പെട്ട മാനേജ്മെന്റ് മാതൃകയിലൂടെ കൊച്ചി മുസിരിസ് ബിനാലെയുടെ (കെഎംബി) പുതിയ പതിപ്പിന്റെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവും സുഗമവുമാക്കാൻ കഴിഞ്ഞതായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) ചെയർപേഴ്സൺ ഡോ. വേണു വി. അക്കൗണ്ടിംഗ് സംവിധാനം കുറ്റമറ്റതാക്കിയതും ഭരണനിർവ്വഹ മേഖലയിൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയമിച്ചതും കെഎംബിയുടെ നടത്തിപ്പിന് ഊർജ്ജം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെബിഎഫ് സംഘടിപ്പിക്കുന്ന ബിനാലെയുടെ ആറാം പതിപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഡോ.വേണു.
കെഎംബി-6 ഡിസംബർ 12 ന് ആരംഭിക്കും. 110 ദിവസത്തെ ബിനാലെ 2026 മാർച്ച് 31 വരെ നീണ്ടുനിൽക്കും.
2012 ലെ ആദ്യ പതിപ്പ് മുതൽ വിവിധ തലങ്ങളിൽ കൊച്ചി മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോ. വേണു സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച് ഒരു മാസത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് കെബിഎഫ് ചെയർപേഴ്സണായി ചുമതലയേറ്റത്.
ബിനാലെയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളും അവ പരിഹരിക്കാൻ കൈക്കൊണ്ട നടപടികളും അദ്ദേഹം വിശദീകരിച്ചു. ഒരു വർഷം മുമ്പ് ഫൗണ്ടേഷൻ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡോ. വേണു പറഞ്ഞു. സിഎക്സ്ഒകളിൽ ഉൾപ്പടെയുള്ള പ്രധാന തസ്തികകളിൽ മികച്ച പ്രൊഫഷണലുകളെ നിയമിച്ചു. എസ്ഒപികൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ) നിർവ്വചിക്കുകയും പ്രൊഫഷണൽ അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുകയെന്ന ഫൗണ്ടേഷന്റെ പ്രധാന ദൗത്യത്തിന്റെ ഭാഗമാണിത്. വാർഷിക ഓഡിറ്റിംഗ് കുറ്റമറ്റതാക്കാനുള്ള സംവിധാനം കെബിഎഫിന് ഇല്ലായിരുന്നു.
ഭരണ സംവിധാനം കുറ്റമറ്റ രീതിയിൽ പുന:കമീകരിക്കുന്നതിൽ താൻ ശ്രദ്ധാലുവായിരുന്നവെന്ന് ഡോ. വേണു പറഞ്ഞു. ഭരണപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ ബിനാലെയുടെ കഴിഞ്ഞ പതിപ്പ് (കെഎംബി-5) കൂടുതൽ മികച്ച അനുഭവമാകുമായിരുന്നു.
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ബിനാലെയുടെ ഖ്യാതിക്ക് മങ്ങലേൽപ്പിച്ച സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ മാനേജ്മെന്റ് മാതൃകയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2010-ൽ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത കെബിഎഫ് വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തപ്പോൾ ഫൗണ്ടേഷൻ അതിന്റെ ട്രസ്റ്റ് ഡീഡിൽ ഭേദഗതി വരുത്തുകയും അധികാരികൾക്ക് വ്യക്തതയും ഉത്തരവാദിത്തവും കൊണ്ടുവരികയും ചെയ്തു. ധനകാര്യ, അക്കൗണ്ടിംഗ് രീതികളെ ശുദ്ധീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കലാപരമായ മികവിന് കൊച്ചി മുസിരിസ് ബിനാലെ ആഗോള പ്രശസ്തി നേടിയപ്പോഴും ഫൗണ്ടേഷൻ അതിന്റെ അഞ്ച് പതിപ്പുകളുടെയും നടത്തിപ്പിൽ പ്രതിസന്ധി നേരിട്ടിരുന്നുവെന്നത് ദു:ഖകരമാണെന്ന് ഡോ. വേണു ചൂണ്ടിക്കാട്ടി.
കെബിഎഫിന് പിന്തുണ നൽകുന്നവർക്ക് ട്രസ്റ്റിന്റെ പുനഃസ്ഥാപന ഉത്തരവ് നല്ല സന്ദേശമാണ് നൽകിയത്. ഇത് ആത്മവിശ്വാസം വർധിപ്പിച്ചു. ഫണ്ടർമാർ വലിയ തോതിൽ വരാൻ തുടങ്ങി. ഇതിൽ കേരള സർക്കാരിന്റെയും ടാറ്റ ട്രസ്റ്റിന്റെയും പേര് എടുത്തുപറയണം.
ബിനാലെയുടെ പുതിയ പതിപ്പിൽ 22 വേദികൾ ഉണ്ടാകും. കെഎംബിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്നതാണിത്. 2023 ൽ ആകെ 14 വേദികളാണ് ഉണ്ടായിരുന്നത്. ആറാം പതിപ്പിലേക്കുള്ള കലാകാരന്മാരുടെ തെരഞ്ഞെടുപ്പ് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും ക്യൂറേറ്റർ നിഖിൽ ചോപ്രയും പൂർത്തിയാക്കിയതോടെ വേദിയുടെ എണ്ണത്തിൽ ഉണ്ടായ ഈ വർധനവ് അംഗീകരിക്കുന്നതിൽ കെഎംബിക്ക് ഒരു പ്രശ്നവുമില്ലായിരുന്നുവെന്ന് വേണു പറഞ്ഞു.
22 വേദികൾക്ക് പുറമേ ഏഴ് സമാന്തര പ്രദർശന വേദികളുമുണ്ടാകും. ഇവയെല്ലാം സന്ദർശിക്കാൻ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരും. ഇത് ബിനാലെ കാണാനെത്തുന്നവർക്ക് വിലപ്പെട്ട അനുഭവമായി മാറുമെന്ന് ഉറപ്പാണ്.
മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിന് പുറത്തും ബിനാലെ പ്രദർശനത്തിന്റെ നല്ലൊരു പങ്കിന് വേദിയാകും. എറണാകുളം ഡൗൺ ടൗണിലെ ദർബാർ ഹാൾ ഗാലറിക്ക് പുറമേ വില്ലിംഗ്ടൺ ഐലന്റ് കെഎംബി-6 ന്റെ പുതിയ വേദിയാകും. കെഎംബി-6 സന്ദർശനം പൂർത്തിയാക്കാൻ ബോട്ടിംഗ് യാത്രകളും വേണ്ടിവരും. നഗരത്തിലെ പുതിയ വാട്ടർ മെട്രോയ്ക്ക് ഇത് ഗുണം ചെയ്യുമെന്ന് വേണു അഭിപ്രായപ്പെട്ടു.
ബിനാലെ സീസൺ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് മികച്ച ബിസിനസ് സാധ്യതകൾ പ്രദാനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോംസ്റ്റേകളും റിസോർട്ടുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും ഇത് നല്ല സമയമായിരിക്കും. ബിനാലെയുമായി ബന്ധപ്പെട്ടുള്ള ടൂറിസം സാധ്യതകളെയും പാക്കേജുകളെയും കുറിച്ചുള്ള സാധ്യതകൾ തേടാൻ കേരള ട്രാവൽ മാർട്ട് ഉൾപ്പെടെയുള്ള പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.