Sections

പൈതൃകം-സംസ്‌ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികൾ

Wednesday, Nov 26, 2025
Reported By Admin
Kochi–Muziris Biennale 6: 12 New Venues, 110-Day Global Art Fest

കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെ.എം.ബി) ആറാം ലക്കത്തിന്റെ വേദികൾ. നിലവിലുള്ള ഒമ്പത് വേദികൾക്കും ഏഴ് കൊലാറ്ററൽ വേദികൾക്കും പുറമെ പന്ത്രണ്ട് പുതിയ വേദികൾ കൂടി ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചിമകൊച്ചി, വെല്ലിംഗ്ടൺ ഐലൻഡ് തുടങ്ങി എറണാകുളം വരെ വ്യാപിച്ചു കിടക്കുന്ന ഈ വേദികൾ ഡിസംബർ 12 മുതൽ സമകാലീനകലയുടെ ആഗോളവിരുന്നിന് ആതിഥേയത്വം വഹിക്കും.

ഗോവയിലെ എച്ച്.എച്ച് ആർട്ട് സ്പേസസുമായി ചേർന്ന് പ്രശസ്ത കലാകാരനായ നിഖിൽ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം പതിപ്പ് 110 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രദർശനത്തിന് ശേഷം മാർച്ച് 31 ന് സമാപിക്കും. ഫോർ ദി ടൈം ബീയിംഗ് എന്നതാണ് ഇത്തവണത്തെ ബിനാലെ പ്രമേയം.

ഓരോ വേദിയും ഈ നഗരത്തിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും കൂട്ടായ ഓർമ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. 2012-ൽ ബിനാലെ ആരംഭിച്ചതു മുതൽ തന്നെ പഴയതും ശൂന്യവുമായ മുൻ ഗോഡൗണുകളും ചരിത്രപരമായ കെട്ടിടങ്ങളും കലാപ്രദർശന വേദികളായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഉപയോഗിച്ച് വരുന്നുണ്ട്.

നിരന്തരമായ പരിണാമം സംഭവിക്കുന്ന സമകാലീന കലയുടെ സ്വഭാവത്തെയും ക്യൂററ്റോറിയൽ പ്രമേയത്തെയും പ്രതിധ്വനിക്കുന്ന വിധത്തിലാണ് ഓരോ വേദിയും തെരഞ്ഞെടുത്തതെന്ന് ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി പറഞ്ഞു. എറണാകുളത്തെ ദർബാർ ഹാൾ മുതൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളിലെ വേദികൾ കൊച്ചിയുടെ ജീവിതത്തിന്റെയും അതിജീവിച്ച കാലത്തിന്റെയും പര്യവേക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള 66 കലാകാരന്മാരുടെയും കൂട്ടായ്മകളുടെ സൃഷ്ടികളുമാണ് പ്രധാനവേദികളിൽ പ്രദർശിപ്പിക്കുന്നത്. ഇത് കൂടാതെ കേരളീയരായ 36 കലാകാരന്മാരുടെയും കൂട്ടായ്മകളുടെയും ക്യൂറേറ്റഡ് പ്രദർശനമായ 'ഇടം', രാജ്യത്തെ ഏഴ് മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥി കലാകാരന്മാർ ക്യൂറേറ്റ് ചെയ്യുന്ന സ്റ്റുഡന്റ്സ് ബിനാലെ(എസ് ബി), കമ്മ്യൂണിറ്റികൾ, കുട്ടികൾ, കലാ അധ്യാപകർ, അധ്യാപകർ എന്നിവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഫൗണ്ടേഷന്റെ ഗവേഷണാധിഷ്ഠിത കലാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ആർട്ട് ബൈ ചിൽഡ്രൻ (എബിസി) എന്നിവയും വിവിധ വേദികളിലായി നടക്കും. കൂടാതെ സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, നെറ്റ്വർക്കുകൾ എന്നിവയ്ക്കിടയിൽ പങ്കാളിത്തം വളർത്തി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതിയായ റെസിഡൻസി പോലുള്ള സമാന്തര പ്രദർശനങ്ങളും ഉണ്ടാകും.

വേദികളിലെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ (എസ്.ബി, ഇൻവിറ്റേഷൻസ്), അർത്ഥശില, കൊച്ചി (എസ്.ബി), ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ (ഇൻവിറ്റേഷൻസ്), വാട്ടർ മെട്രോ (എ.ബി.സി) എന്നിവയാണ് ഫോർട്ട് കൊച്ചിയിലെ പുതിയ വേദികൾ.

മട്ടാഞ്ചേരിയിലെ ബസാർ റോഡിൽ ബി.എം.എസ് വെയർഹൗസ് (എസ്.ബി), 111 മർക്കസ് ആൻഡ് കഫെ (കെ.എം.ബി), എസ്.എം.എസ് ഹാൾ (കെ.എം.ബി), ദേവസ്സി ജോസ് ആൻഡ് സൺസ് (ഇൻവിറ്റേഷൻസ്, റെസിഡൻസി), സിമി വെയർഹൗസ് (ഇൻവിറ്റേഷൻസ്), ക്യൂബ് ആർട്ട് സ്പേസസ് (ഇടം), സ്പേസ്, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് (കെ.എം.ബി, ഇൻവിറ്റേഷൻസ്, എസ്.ബി) എന്നിവയാണ് മട്ടാഞ്ചേരിയിലെ വേദികൾ.

വെല്ലിംഗ്ടൺ ദ്വീപിലെ വാട്ടർ മെട്രോ സ്റ്റേഷന് അടുത്താണ് ഐലൻഡ് വെയർഹൗസ് (കെ.എം.ബി) സ്ഥിതി ചെയ്യുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട ഈ വേദികളെല്ലാം വാട്ടർ മെട്രോ വഴി ബന്ധിപ്പിച്ചിരിക്കുന്നു.

എറണാകുളത്തെ ദർബാർ ഹാളും (കെ.എം.ബി) വാട്ടർ മെട്രോ വഴിയും മറ്റ് ബോട്ട് സർവീസുകൾ വഴിയും മറ്റ് ബിനാലെ വേദികളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഡച്ച് വാസ്തുവിദ്യയുടെ വിസ്മയമായ ഡേവിഡ് ഹാൾ (ഇൻവിറ്റേഷൻസ്), അർത്ഥശില കൊച്ചി, സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ, ആസ്പിൻവാൾ ഹൗസ് (കയർ ഗോഡൗൺ, ഡയറക്ടർ ബംഗ്ലാവ്), പെപ്പർ ഹൗസ്, അർമാൻ കളക്ടീവ് ആൻഡ് കഫെ (ഇടം), ആനന്ദ് വെയർഹൗസ്, ഗാർഡൻ കൺവെൻഷൻ സെന്റർ (ഇടം) വി.കെ.എൽ വെയർഹൗസ്, പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ ഊട്ടുപുര (ഇൻവിറ്റേഷൻസ്) എന്നിവയാണ് ഫോർട്ട് കൊച്ചിയിലെ മറ്റ് വേദികൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.