Sections

പുതിയ സംരംഭവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Friday, Mar 24, 2023
Reported By admin
business

വിവിധങ്ങളായ സൗകര്യങ്ങൾ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്


കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ 'ചിറ്റിലപ്പിള്ളി സ്ക്വയർ' എന്ന പുതിയ സംരംഭം ഏപ്രിൽ 2ന് ഉദ്ഘാടനം ചെയ്യും. ആരോഗ്യസംരക്ഷണം, സാഹസികത, കായിക വിനോദം എന്നിവ ലക്ഷ്യമാക്കിയുള്ള വെൽനസ് പാർക്കും ഇവന്റ് ഹബും ഉൾപ്പെട്ടതാണു 11 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ചിറ്റിലപ്പിള്ളി സ്ക്വയർ.

സൗകര്യങ്ങൾ കൂടിയാലും ജനങ്ങളിൽ ആരോഗ്യം കുറഞ്ഞു വരുന്നതായാണു കാണുന്നതെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ആരോഗ്യം വളരണമെങ്കിൽ ഇത്തരം കേന്ദ്രങ്ങൾ കൂടി നമുക്കിടയിൽ ആവശ്യമാണെന്ന ചിന്തയാണു വെൽനസ് പാർക്ക് ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്നും ഏപ്രിൽ മൂന്നിന് പൊതുജനങ്ങൾക്കായി പാർക്ക് തുറന്നു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നീന്തൽ പഠിപ്പിക്കാൻ നീന്തൽകുളം, സ്കേറ്റിങ് ട്രാക്ക്, സൈക്ലിങ് ട്രാക്ക്, ഓപൺ ജിം, ഡബിൾ ലെവൽ റോപ്പ് കോഴ്സ്, സിപ്പ്-ലൈൻ, റോക്ക് ക്ലൈംബിങ്, ക്രിക്കറ്റ് ബാറ്റിങ് പിച്ച്, ബാസ്ക്കറ്റ് ബോൾ/വോളി ബോൾ കോർട്ട് തുടങ്ങി വിവിധങ്ങളായ സൗകര്യങ്ങൾ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ട്രാഫിക് നിയമ ബോധവൽക്കരത്തിനായുള്ള ചിൽഡ്രൻസ് ട്രാഫിക് പാർക്ക്, ശലഭോദ്യാനം, ഫിഷ് പോണ്ട്, ബേഡ്സ് പോണ്ട്, വിവിധങ്ങളായ ഗെയിമുകൾ എന്നിവയും മറ്റു പ്രത്യേകതകളാണ്.

മൾട്ടിപർപ്പസ് കൺവൻഷൻ ഹാളുകൾ, കൺവൻഷൻ സെന്ററുകൾ, എക്സിബിഷൻ ഏരിയ, റസ്റ്റോറന്റുകൾ, 500 കാറുകൾക്കുള്ള മൾട്ടിലെവൽ പാർക്കിങ് സൗകര്യം തുടങ്ങിയവയും പാർക്കിലുണ്ട്. പ്രതിമാസ പാക്കേജിലാണു പ്രവേശന ഫീസ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ 9 വരെ 30 ദിവസത്തേക്ക് 1200 രൂപ, 11 മുതൽ രാത്രി 8 വരെ 2000 രൂപ, ഏതു സമയത്തും വരാൻ സൗകര്യമുള്ള 2800 രൂപ എന്നിങ്ങനെയാണു ഫീസ് നിരക്ക്. സീപോർട്ട് എയർപോർട്ട് റോഡിൽ ഭാരതമാതാ കോളജിന് എതിർവശത്താണു ചിറ്റിലപ്പിള്ളി സ്ക്വയർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.