Sections

അപൂർവ ഹൃദയവൈകല്യം; മാലദ്വീപ് സ്വദേശിയിൽ ചികിത്സ വിജയകരമായി പൂർത്തിയാക്കി കിംസ്ഹെൽത്ത്

Tuesday, Jun 16, 2026
Reported By Admin
KIMSHEALTH Treats Rare Heart Defect Without Surgery

തിരുവനന്തപുരം: 55 വയസ്സുകാരനായ മാലദ്വീപ് സ്വദേശിക്ക് നൂതന ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത്. കഠിനമായ ശ്വാസംമുട്ടലും നെഞ്ചിടിപ്പും അനുഭവച്ചിരുന്നതിനെത്തുടർന്നാണ് രോഗി ഒപിയിൽ എത്തിയത്.

തുടർന്ന് നടത്തിയ വിശദമായ ട്രാൻസ്-തൊറാസിക്, ട്രാൻസ്-ഈസോഫാഗിയൽ എക്കോകാർഡിയോഗ്രഫി പരിശോധനയിലാണ് 'സൈനസ് വെനോസസ് ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ്' (SVASD) എന്ന അപൂർവ രോഗാവസ്ഥ സ്ഥിരീകരിച്ചത്. ഹൃദയത്തിലെ അറകളെ വേർതിരിക്കുന്ന ഭിത്തിയിലെ അസാധാരണമായ ദ്വാരം മൂലം ഓക്സിജൻ അടങ്ങിയതും അടങ്ങാത്തതുമായ രക്തം പരസ്പരം കലരുന്ന അവസ്ഥയാണിത്. ഏട്രിയൽ സെപ്റ്റൽ ഡിഫക്റ്റ് (ASD) കേസുകളിൽ ഏകദേശം 5% മുതൽ 10% വരെ മാത്രമാണ് ഈ അവസ്ഥ കാണപ്പെടുന്നത്.

സാധാരണയായി ഇത്തരം രോഗങ്ങൾ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ (open heart surgery) യിലൂടെ മാത്രമാണ് ചികിത്സിക്കാറുള്ളത്. എന്നാൽ ഈ രോഗിയിൽ, തുടയിലെ രക്തക്കുഴലിലൂടെ കത്തീറ്റർ കടത്തിവിട്ട് 'കവേർഡ് സ്റ്റെന്റ്' (Covered Stent) ഉപയോഗിച്ചാണ് ഹൃദയത്തിലെ ദ്വാരം അടച്ചതെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ കിംസ്ഹെൽത്ത് കാർഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ശ്യാം ശശിധരൻ പറഞ്ഞു. ശരീരത്തിന്റെ മുകൾഭാഗത്തുനിന്നും ഓക്സിജൻ കുറഞ്ഞ രക്തം ഹൃദയത്തിന്റെ വലത് ഏട്രിയത്തിലേക്ക് എത്തിക്കുന്ന വലിയ സിരയായ സുപ്പീരിയർ വീനക്കാവയിലാണ് ഈ സ്റ്റെന്റ് സ്ഥാപിച്ചത്.

കഴിഞ്ഞ ദശകത്തിൽ വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് ആഗോളതലത്തിൽ വലിയ അംഗീകാരമാണ് ലഭിച്ചുവരുന്നത്. ഈ ചികിത്സാരീതി ലോകമെമ്പാടുമായി 1,500ൽ താഴെ കേസുകളിൽ മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളതെന്നും ഡോ. ശ്യാം ശശിധരൻ കൂട്ടിച്ചേർത്തു.

അത്യാധുനിക കാർഡിയാക് സിടി ഉൾപ്പെടെയുള്ള മൾട്ടി-മോഡാലിറ്റി ഇമേജിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് ഹൃദയത്തിന്റെ ഘടന കൃത്യമായി വിലയിരുത്തിയ ശേഷമാണ് ഈ ചികിത്സ നടത്തിയത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന ചികിത്സ വിജയകരമായി പൂർത്തിയാവുകയും, രോഗി അതിവേഗം സുഖം പ്രാപിച്ച് രണ്ടാം ദിവസം തന്നെ ആശുപത്രി വിടുകയും ചെയ്തു.

കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രമേശ് നടരാജൻ, കാർഡിയോതൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ, കാർഡിയോ തൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ്, ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജോസഫ് തോമസ് എന്നിവരും ചികിത്സയുടെ ഭാഗമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.