Sections

കിംസ്‌ഹെൽത്തിൽ അത്യാധുനിക 3 ടെസ്ല എംആർഐ, സ്‌പെക്ട് സി ടി  സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്തു

Sunday, May 31, 2026
Reported By Admin
KIMSHEALTH Launches Advanced 3 Tesla MRI, SPECT-CT

തിരുവനന്തപുരം: ആരോഗ്യപരിചരണ രംഗത്ത് ആധുനിക ഡയഗ്നോസ്റ്റിക് സേവനങ്ങൾ അവതരിപ്പിച്ച് കിംസ്ഹെൽത്ത്. ഇതിന്റെ ഭാഗമായി അത്യാധുനിക 3 ടെസ്ല എംആർഐ സ്കാനും സ്പെക്ട് -സിടി സംവിധാനവും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിലേക്കുള്ള കിംസ്ഹെൽത്തിന്റെ തുടർച്ചയായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ അത്യാധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങളുടെ അവതരണമെന്ന് ചടങ്ങിൽ അധ്യക്ഷത നിർവഹിച്ച കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. കൃത്യമായ രോഗനിർണയം വേഗത്തിലുള്ള ചികിത്സയ്ക്കും മികച്ച ചികിത്സാ ഫലങ്ങൾക്കും ഏറെ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ആരോഗ്യരംഗത്ത് അന്താരാഷ്ട്ര നിലവാരങ്ങൾ കൈവരിക്കുന്നതിനായി കിംസ്ഹെൽത്ത് നടത്തുന്ന നിരന്തര ശ്രമങ്ങൾ അഭിനന്ദനാർഹമാണ്,'' ഉദ്ഘാടന പ്രസംഗത്തിനിടെ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും, ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പൊതുമേഖലയും സ്വകാര്യ ആരോഗ്യരംഗവും തമ്മിലുള്ള ശക്തമായ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

3 ടെസ്ല എംആർഐ സിസ്റ്റം ഉയർന്ന നിലവാരത്തിലുള്ള ഇമേജിംഗ് കൃത്യത, വേഗത്തിലുള്ള സ്കാൻ സമയം, മെച്ചപ്പെട്ട ഡയഗ്നോസ്റ്റിക് കാര്യക്ഷമത എന്നിവ നൽകുന്നു. വൈഡ്-ബോർ ഡിസൈനോടുകൂടി ഒരുക്കിയിരിക്കുന്ന ഈ സ്കാനർ, പ്രത്യേകിച്ച് എംആർഐ പരിശോധനയ്ക്കിടെ ആശങ്കയോ ക്ലോസ്ട്രോഫോബിയയോ അനുഭവിക്കുന്ന രോഗികൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നു. അത്യാധുനിക ഇമേജിംഗ് ശേഷിയുടെ സഹായത്തോടെ സങ്കീർണ്ണമായ രോഗാവസ്ഥകൾ കൂടുതൽ കൃത്യമായി കണ്ടെത്താനും വിലയിരുത്താനും ഡോക്ടർമാർക്ക് ഇത് സഹായകരമാണ്.

വേഗത്തിലും കുറഞ്ഞ ഡോസ് റേഡിയേഷൻ ഉപയോഗിക്കുന്നതുമായ തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന സ്പെക്ട് - സി ടി സംവിധാനം, രോഗികളുടെ റേഡിയേഷൻ എക്സ്പോഷർ ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം അത്യുത്തമമായ ഇമേജ് ഗുണനിലവാരവും ഡയഗ്നോസ്റ്റിക് കൃത്യതയും ഉറപ്പാക്കുന്നു.

ഉദ്ഘാടനച്ചടങ്ങിൽ കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം നജീബ് സ്വാഗതം പറയുകയും. കിംസ്ഹെൽത്ത് കാൻസർ സെന്റർ & കിംസ്ഹെൽത്ത് സി.എസ്.ആർ - സി.ഇ.ഒ രശ്മി അയിഷ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ റേഡിയോ ഡയഗ്നോസിസ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുനിമോൾ പി.കെ.എം 3 ടെസ്ല എംആർഐ സംവിധാനത്തെ പരിചയപ്പെടുത്തുകയും, ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ് ഡോ. അരുൺ രാജ് എസ്.ടി സ്പെക്ട് - സി ടി സംവിധാനത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.