Sections

സങ്കീർണ്ണമായ ഹൃദയതടസ്സങ്ങൾ അത്യാധുനിക കീഹോൾ ബൈപ്പാസ് സർജറിയിലൂടെ വിജയകരമായി നീക്കംചെയ്ത് കിംസ്ഹെൽത്ത്

Saturday, May 16, 2026
Reported By Admin
KIMSHEALTH Performs Complex Keyhole Bypass Surgery

തിരുവനന്തപുരം: 53 കാരനായ കൊല്ലം സ്വദേശിയിൽ സങ്കീർണ്ണമായ കീഹോൾ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. കഠിനമായ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്നാണ് രോഗിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

അടിയന്തരമായി നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയത്തിലേക്കുള്ള പ്രധാന ധമനികളിലെല്ലാം ബ്ലോക്കുകൾ കണ്ടെത്തുകയും, രോഗിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയുമായിരുന്നു. കഠിനമായ ജോലികളിലേക്ക് വേഗത്തിൽ മടങ്ങണമെന്ന രോഗിയുടെ താൽപ്പര്യപ്രകാരമാണ് സാധാരണ ബൈപ്പാസിന് പകരം മിനിമലി ഇൻവേസീവ് കീഹോൾ ബൈപ്പാസ് ശസ്ത്രക്രിയ തിരഞ്ഞെടുത്തത്.

നെഞ്ചിന്റെ മുൻഭാഗത്തെ അസ്ഥി മുറിക്കാതെ, വശങ്ങളിലെ ചെറിയ മുറിവുകളിലൂടെയാണ് സാധാരണയായി കീഹോൾ ശസ്ത്രക്രിയ നടത്തുന്നത്. ഇടതുവശത്തു കൂടി നടത്തുന്ന ഈ ശസ്ത്രക്രിയയിൽ വലതുവശത്തെ ധമനിയിലെ തടസ്സം നീക്കുന്നത് ഏറെ വെല്ലുവിളിയുയർത്തുന്ന ഒന്നാണ്. എന്നാൽ, ഈ വെല്ലുവിളി മറികടന്ന് ഇടത് ധമനിയിലെ രണ്ട് തടസ്സങ്ങളും വലത് ധമനിയിലെ ഒരു തടസ്സവും വിജയകരമായി ബൈപ്പാസ് ചെയ്യാൻ ഡോക്ടർമാർക്ക് സാധിച്ചു. ഹൃദയമിടിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ ഹാർട്ട് ലങ് മെഷീന്റെ സഹായമില്ലാതെയാണ് ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.

'ഒമ്പത് മണിക്കൂർ നീണ്ടുനിന്ന ഈ ശസ്ത്രക്രിയ, അത്യാധുനിക സാങ്കേതികവിദ്യയുടെയും വിദഗ്ധരായ ഡോക്ടർമാരുടെയും സഹായത്തോടെ ഹൃദയത്തിലെ ഏത് പ്രധാന തടസ്സങ്ങളും കീഹോൾ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് തെളിയിക്കുന്നതാണ്,' എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. അതുൽ എബ്രഹാം പറഞ്ഞു.

കാർഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ദിനേഷ് ഡേവിഡ്, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. വിപിൻ ബി. നായർ, കാർഡിയാക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ്., അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഹരി ദേവ് ജെ.ജെ. എന്നിവരും ചികിത്സയുടെ ഭാഗമായി. ആശുപത്രിയിൽ ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി മടങ്ങിയ രോഗി മൂന്നാഴ്ചക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.