Sections

വനിതാ സംരംഭകത്വത്തിന് പിന്തുണയുമായി കെഫോൺ-ടി.എം.എ-ഡബ്ല്യു.ഇ.എൻ ധാരണാപത്രം

Sunday, Mar 08, 2026
Reported By Admin
KFON MoU to Empower Women Entrepreneurs Digitally

തിരുവനന്തപുരം: വനിതാ സംരംഭകരുടെ ഡിജിറ്റൽ ശാക്തീകരണവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ട് കേരള ഫൈബർ ഓപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡ് (കെഫോൺ), തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടി.എം.എ), വിമൺ എൻട്രപ്രണേഴ്സ് നെറ്റ്വർക്ക് (ഡബ്ല്യു.ഇ.എൻ) എന്നിവർ തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ഒപ്പുവെച്ച കരാറിന് മൂന്ന് വർഷത്തെ കാലാവധിയുണ്ടാകും.

ഈ കൂട്ടായ്മയുടെ ഭാഗമായി വനിതാ സംരംഭക സംഘടനകൾക്കും വനിതകൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾക്കും കെഫോൺ ശൃംഖലയിലൂടെ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാൻ സഹായിക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കും. കൂടാതെ ഡിജിറ്റൽ ടെക്നോളജീസ്, ഇ-കൊമേഴ്സ്, ഓൺലൈൻ മാർക്കറ്റിംഗ്, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പരിശീലന പരിപാടികൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, അവബോധ ക്യാമ്പെയ്നുകൾ എന്നിവയും സംഘടിപ്പിക്കും. കൂടാതെ കെഫോൺ ഇൻഫ്രാസ്ട്രക്ടച്ചർ ഉപയോഗപ്പെടുത്തി ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി കെഫോൺ എക്സ്ക്ലൂസിവ് 'ഷീ ടീം' ശാക്തീകരണവും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.

''കെഫോണിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വനിതാ സംരംഭകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും അവരുടെ സംരംഭങ്ങളെ വിപുലീകരിക്കാനും സാമ്പത്തിക വളർച്ചയിൽ കൂടുതൽ സജീവ പങ്കാളികളാകാനും ഈ കൂട്ടായ്മ സഹായകരമാകും,'' പ്രിൻസിപ്പൽ സെക്രട്ടറിയും കെഫോൺ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട) പറഞ്ഞു.

തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷനിൽ നടന്ന ചടങ്ങിൽ കെഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ്, തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, വിമൺ എൻട്രപ്രണേഴ്സ് നെറ്റ്വർക്ക് പ്രസിഡന്റ് റെസ്മി മാക്സിം എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.