Sections

വനിതാ ടൂറിസം സംരംഭങ്ങൾക്ക് പലിശ സബ്സിഡി വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരളം

Saturday, Mar 14, 2026
Reported By Admin
Kerala Launches Interest Subsidy for Women Tourism Startups

  • ടൂറിസത്തിൽ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം മേഖലയിൽ വനിതകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 4 ശതമാനം പലിശ സബ്സിഡി നൽകുന്ന ഇൻട്രസ്റ്റ് സബ് വെൻഷൻ പദ്ധതി നിലവിൽ വന്നു. സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് ടൂറിസം വകുപ്പിനു കീഴിലുള്ള കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണ് (കെആർടിഎംഎസ്) പദ്ധതി നടപ്പാക്കുന്നത്. കെആർടിഎംഎസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണവും വിപുലീകരണവുമാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വനിതാ സംരംഭകർക്കായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ കെആർടിഎംഎസിൽ രജിസ്റ്റർ ചെയ്തവർക്കും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കും ടൂറിസം സംരംഭങ്ങൾ ആരംഭിക്കുന്നതിനായിട്ടാണ് വായ്പ നൽകുക. വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് 4 ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയിൽ പട്ടികജാതി - പട്ടികവർഗ വിഭാഗക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ, ജനറൽ വിഭാഗക്കാർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കും ഈ സബ്സിഡി ലഭിക്കും.

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിൻറെ ടൂറിസം മേഖലയിൽ കൂടുതൽ വനിതാ സംരംഭകർക്ക് കടന്നുവരാൻ ഈ പദ്ധതി പ്രോത്സാഹനമാകുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയിൽ സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആരംഭിച്ച് കേരളം രാജ്യത്തിന് തന്നെ മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ വനിതകളെ മേഖലയിലേക്ക് ആകർഷിക്കുകയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് കെആർടിഎംഎസ് സിഇഒ കെ. രൂപേഷ് കുമാർ പറഞ്ഞു.

ഇൻററസ്റ്റ് സബ് വെൻഷൻ പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നൽകി നേരത്തെ സർക്കാർ ഉത്തരവായിരുന്നു.

ലോൺ ലഭിക്കുന്നതിന് ഗുണഭോക്താക്കളായ വനിതകൾ ആവശ്യമായ രേഖകളോടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ സമർപ്പിക്കണം. ഇത് പരിശോധിച്ച് അംഗീകരിക്കുന്നവ കെആർടിഎംഎസ് വനിതാ വികസന കോർപ്പറേഷന് സമർപ്പിക്കും. വനിതാ വികസന കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് മാത്രമാണ് ഈ വായ്പാ പദ്ധതി പ്രകാരം സാമ്പത്തിക ആനുകൂല്യം ലഭ്യമാവുക.

പദ്ധതിക്ക് വേണ്ടി തുക നൽകുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സിയും കെആർടിഎംഎസ് സിഇഒ കെ. രൂപേഷ് കുമാറും ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.

അപേക്ഷയ്ക്കും വിശദാംശങ്ങൾക്കും: https://www.keralatourism.org/responsible-tourism/uploads/tenders/interest-subvention-scheme-20260312135426628705.pdf.

2025-26 സാമ്പത്തിക വർഷം കെആർടിഎംഎസിനായി സംസ്ഥാന ബജറ്റിൽ അനുവദിച്ചിരിക്കുന്ന തുകയിൽ 50 ശതമാനം സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കായിട്ടുള്ളതാണ്. കെആർടിഎംഎസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ 70 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലോ സ്ത്രീകൾ നടത്തുന്നതോ ആണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.