Sections

ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിന്റെ ഡിജിറ്റൽ മുന്നേറ്റം

Saturday, Mar 28, 2026
Reported By Admin
KFON Expands High-Speed Internet Across Kerala

ഒരു കാലത്ത് മികച്ച ഇന്റർനെറ്റ് സേവനമെന്നത് നഗരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഒന്നായിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസ് കേൾക്കാൻ മൊബൈൽ സിഗ്നൽ തേടി വീടിനു പുറത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്ന കാലവും സർക്കാർ സേവനങ്ങൾക്കായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നിരുന്ന ദിവസങ്ങളും അത്ര പിന്നിലല്ല. ഡിജിറ്റൽ അവസരങ്ങളിൽ ഉണ്ടായിരുന്ന ഈ അന്തരം കുറയ്ക്കുന്നതിനായി കേരള സർക്കാർ ശക്തമായ ചുവടുവെപ്പുകളാണ് നടത്തുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ വീടുകളിലേക്കും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിടുന്ന സർക്കാരിന്റെ നിർണായക പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് അധവാ കെഫോൺ.

കേരളത്തിന്റെ ഡിജിറ്റൽ പരിവർത്തനവും കണക്റ്റിവിറ്റിയും സർക്കാരിന്റെ സുപ്രധാന നേട്ടമായി തന്നെ കണക്കാക്കാം. സംസ്ഥാനത്തെ, സാമ്പത്തിക ഉയർച്ചയിലേക്ക് നയിക്കുന്നതിൽ നിർണായകമാണ് ഡിജിറ്റൽ രംഗത്തുണ്ടായ കുതിപ്പ്. ഡിജിറ്റൽ കണക്റ്റിവിറ്റി രംഗത്ത് രാജ്യം ഉയരങ്ങൾ കീഴടക്കുമ്പോൾ അതിൽ കേരളത്തിന്റെ പങ്കും എടുത്തു പറയേണ്ട ഒന്നാണ്. 5G സംവിധാനം നാടെങ്ങും വ്യാപിക്കുകയും ഈ സാഹചര്യത്തിൽ ഹൈടെക് സാങ്കേതിക വിദ്യ സംസ്ഥാനത്തിന് വലിയ സാധ്യതകൾ തുറക്കുകയും ചെയ്തു. ഡിജിറ്റൽ രംഗത്തെ മുന്നേറ്റം ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗതാഗതം, സ്മാർട്ട് സിറ്റികൾ, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും ഇത് പ്രതിഫലിച്ചു. തടസ്സമില്ലാത്ത ഇന്റർനെറ്റ് ലഭ്യമായതോടെ എല്ലാ നിർണായക മേഖലകളിലും പരിവർത്തനത്തിന് വഴിയൊരുക്കി.

രാജ്യത്താകമാനം ഡിജിറ്റൽ ഡിവൈഡ് എന്നത് വലിയൊരു വെല്ലുവിളിയായിരുന്ന സാഹചര്യത്തിൽ കേരളം പോലൊരു സംസ്ഥാനം കെഫോണിലൂടെ ഒരു വ്യത്യസ്ത മാതൃക തീർത്തത് കെഫോണിന്റെ കടന്നു വരവോടെ മൊബൈൽ കണക്ടിവിറ്റിയിൽ വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചു. യാതൊരു വേർതിരിവുമില്ലാതെ എല്ലാവരിലേക്കും ഇന്റർനെറ്റ് എത്തിക്കുക, അതിനുള്ള ഇൻഫ്രാസ്ട്രക്ടച്ചർ വികസിപ്പിച്ചെടുക്കുക എന്നതിന് കണക്ടിവിറ്റി അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ മികച്ച ഇന്റർനെറ്റ് എല്ലാവരിലേക്കും എത്തിക്കുമ്പോൾ ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് വലിയൊരു മാതൃക ആയി മാറിയിരിക്കുകയാണ്.

ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാകുന്നത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും വളർച്ചയ്ക്ക് വഴിയൊരുക്കുന്നതിനും സഹായകമാകുന്നു. അതോടൊപ്പം സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിലും ഡിജിറ്റലൈസേഷൻ നിർണായക പങ്ക് വഹിക്കുന്നു. കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ സ്വപ്ന പദ്ധതിയുടെ ഓരോ പ്രവർത്തങ്ങളും നടത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം ജനങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് എത്തിക്കുക എന്ന പ്രധാന ലക്ഷ്യം മുൻനിർത്തി വിജയത്തിലേക്ക് കുതിയ്ക്കുകയാണ് കെഫോൺ.

മറ്റ് ഇന്റർനെറ്റ് ദാതാക്കളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ അധികം വികസിച്ചിട്ടില്ലായിരുന്ന ഫൈബർ ഓപ്റ്റിക് ശൃംഖല സുശക്തമായി സംസ്ഥാനത്താകമാനം വ്യാപിപ്പിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നത് വലിയൊരു നേട്ടമാണ്. ടെലികോം മേഖലയിലുള്ള കോർപ്പറേറ്റ് ശക്തികൾക്കെതിരെയുള്ള കേരള സർക്കാരിന്റെ മറുപടിയാണ് കെഫോൺ. കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ആയ കെഫോൺ സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവുമാക്കാനും ഇ-ഗവേണൻസ് സാർവത്രികമാക്കാനും സഹായകമായി.

സംസ്ഥാനത്തെ പൊതുസേവനങ്ങളെ ത്വരിതപ്പെടുത്താൻ പദ്ധതിയുടെ കടന്നുവരവോടെ സാധിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 27000 ത്തിലധികം സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് സേവനം നൽകുന്നത് കെഫോണാണ്.

നാൽപ്പത് ലക്ഷത്തോളം കണക്ഷനുകൾ നൽകാൻ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കെഫോണിൽ സജ്ജമാണ്. ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിയതിലൂടെ ചെറുകിട സംരഭങ്ങൾക്ക് ഇ - കൊമേഴ്സിൽ സജീവമാകാൻ കഴിഞ്ഞു. മാത്രമല്ല സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ- എജ്യുക്കേഷൻ തുടങ്ങിയ ഇ സേവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായകമായി. ദീർഘവീക്ഷണം, മികച്ച നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആധുനിക സാങ്കേതിക വിദ്യകൾ കൂട്ടിയിണക്കിയ ഇ-ഗവണൻസ് മോഡൽ, ഉയർന്ന നിലവാരമുള്ള ഒപ്റ്റിക് ഫൈബർ ഇവയെല്ലാം തന്നെ കെഫോണിനെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളാണ്.

കേരളത്തിലെ ടെക് പാർക്കുകളിൽ കെഫോൺ വഴി അതിവേഗവും സ്ഥിരതയുള്ള ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നത് സംസ്ഥാനത്തിന്റെ ഐ.ടി. മേഖലയ്ക്ക് കൂടുതൽ വളർച്ചയ്ക്ക് വഴിയൊരുക്കും. ഐ.ടി. രംഗത്ത് വേഗത്തിൽ നടക്കുന്ന മാറ്റങ്ങളെയും ആഗോള മത്സരങ്ങളെയും നേരിടാൻ ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർണായകമാണ്. ഇത്തരം സൗകര്യങ്ങൾ മെച്ചപ്പെടുന്നതോടെ കൂടുതൽ നിക്ഷേപങ്ങളും തൊഴിൽ അവസരങ്ങളും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയുന്നതാണ്.

കേരളത്തിലാകെ 159116 കണക്ഷനുകൾ നേടി കെഫോൺ മുന്നോട്ട് കുതിയ്ക്കുമ്പോൾ ഏറ്റവും കൂടുതൽ ഉപഭൂക്താക്കളെന്ന മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലപ്പുറം ജില്ല. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കെഫോണിന് ജില്ലയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 31281 കണക്ഷനുകളാണ് ഇതിനോടകം മലപ്പുറം ജില്ലയിൽ നൽകിയിട്ടുള്ളത്. 24,338 ഗാർഹിക കണക്ഷനുകൾ ജില്ലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ, 3383 സർക്കാർ, എന്റർപ്രൈസ് ഓഫീസുകളിലും കെ-ഫോൺ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കെഫോണിന്റെ വളർച്ചയിൽ ഓരോ ഓപ്പറേറ്റർമാരുടേയും പങ്ക് ഏറെ പ്രശംസയർഹിക്കുന്നതാണ്. നിലവിൽ സംസ്ഥാനത്ത് ഏകദേശം 3,000ലേറെ ലോക്കൽ നെറ്റുവർക്ക് പ്രൊവൈഡർമാർ കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും കെഫോൺ കണക്ഷൻ വിതരണം പുരോഗമിക്കുകയാണ്. മലപ്പുറം മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ, മറ്റു ജില്ലകളിലും പദ്ധതിയുടെ വ്യാപനം ദ്രുതഗതിയിൽ നടക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ ഇതുവരെ 14,344 കണക്ഷനുകൾ നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 13,355 കണക്ഷനുകളും എറണാകുളം ജില്ലയിൽ 12,467 കണക്ഷനുകളും ,പാലക്കാട് 14,483 കൊല്ലം ജില്ലയിൽ 11,710, തൃശൂർ 11,219, തിരുവനന്തപുരം ജില്ലയിൽ 10053 എന്നീ ക്രമത്തിൽ കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ഗ്രാമീണ, ആദിവാസി മേഖലകളിൽ കൂടുതൽ വ്യാപനം നേടിയ വയനാട് ജില്ലയിൽ 8,203 കണക്ഷനുകൾ ലഭ്യമായപ്പോൾ, ഇടുക്കിയിൽ 8,427, കണ്ണൂർ ജില്ലയിൽ 7,003 കണക്ഷനുകളും ആലപ്പുഴ ജില്ലയിൽ 7,070 കണക്ഷനുകളും പൂർത്തിയായി. പത്തനംതിട്ടയിൽ 4,509 കണക്ഷനുകളും കാസർഗോഡ് ജില്ലയിൽ 4,635 കണക്ഷനുകളും നിലവിലുണ്ട്. കെഫോൺ സംസ്ഥാനതലത്തിൽ എത്രത്തോളം പുരോഗതി കൈവരിച്ചു വരികയാണെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഈ കണക്കുകൾ ജില്ലകളിലുടനീളം കെഫോണിന്റെ വ്യാപനം സമതുലിതമായി പുരോഗമിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഉത്തര കേരളം മുതൽ തെക്കൻ ജില്ലകൾ വരെ കണക്ഷനുകളുടെ സ്ഥിരമായ വർധന, പദ്ധതിയുടെ സംസ്ഥാനതല സ്വീകാര്യതയെ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ഗ്രാമീണവും ഭൗമപരമായി വെല്ലുവിളികൾ നേരിടുന്ന പ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാൻ കഴിഞ്ഞത് പദ്ധതിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്. വീടുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും ഒരുപോലെ കണക്റ്റിവിറ്റി ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം കൂടുതൽ ശക്തമാകുന്നതിന്റെ സൂചന കൂടിയാണ് ഈ പുരോഗതി. ഉയർന്ന നിലവാരമുള്ള ഒപ്റ്റിക് ഫൈബർ ശൃംഖലയുടെ സഹായത്തോടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിശ്വാസ്യതയുള്ള അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ കെഫോൺ ശ്രമം ശക്തമാക്കുകയാണ്. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ഡിജിറ്റൽ അന്തരം കുറച്ച് കൂടുതൽ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നതിലാണ് പദ്ധതിയുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2026 അവസാനത്തോടെ രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജില്ലകളിലുടനീളം പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി- ക്കൊണ്ടിരിക്കുകയാണ് കെഫോൺ.

സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിൽ കെഫോൺ കൈവരിക്കുന്ന മുന്നേറ്റങ്ങൾക്ക് രാജ്യാന്തര അംഗീകാരവും ലഭിച്ചിട്ടുണ്ട്. കെഫോണിന് ഏഷ്യൻ ടെലികോം മാഗസിൻ സംഘടിപ്പിച്ച 'ഏഷ്യൻ ടെലികോം അവാർഡ്സ് 2026'-ൽ 'ബ്രോഡ്ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചത് പദ്ധതിയുടെ വളർച്ചയും സ്വീകാര്യതയും അടയാളപ്പെടുത്തുന്നതാണ്. ഈ പുരസ്കാരം, കേരളത്തിലുടനീളം ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുമായി കെഫോൺ നടത്തുന്ന ഇടപെടലുകൾക്ക് ലഭിച്ച അംഗീകാരമാണ്. സംസ്ഥാനത്ത് 32,000 കിലോമീറ്റർ ഫൈബർ ഒപ്റ്റിക് ശൃംഖലയും 375 പോയിന്റ് ഓഫ് പ്രസൻസ് (PoP) കേന്ദ്രങ്ങളും സജ്ജമാക്കിയതോടെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്താനായി. കൂടാതെ കൊച്ചിയിലെ അത്യാധുനിക നെറ്റ്വർക്ക് ഓപ്പറേഷൻ സെന്റർ വഴി തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതും കെഫോണിന്റെ സാങ്കേതിക ശേഷിയെ കൂടുതൽ വ്യക്തമാക്കുന്നു. ഈ നേട്ടങ്ങൾ കെഫോണിനെ സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസന യാത്രയിലെ നിർണായക ശക്തിയായി ഉയർത്തുകയാണ്.

സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിൽ കെഫോൺ നിർണായക പങ്ക് വഹിച്ചുവരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റ് വ്യാപിക്കുന്നതോടെ കേരളം ഡിജിറ്റൽ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. സാങ്കേതിക സൗകര്യങ്ങൾ കൂടുതൽ ആളുകളിലേക്കെത്തുന്നതിലൂടെ ഉൾക്കൊള്ളുന്ന വികസനത്തിനും പുതിയ അവസരങ്ങൾക്കും വഴിയൊരുങ്ങുന്നു. മാത്രമല്ല സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിക്കൊണ്ടുവരുവാനും സർക്കാരിന് ഈ പദ്ധതിയിലൂടെ കഴിഞ്ഞു. കൂടാതെ വീടുകളിലേക്കുള്ള കണക്റ്റിവിറ്റി വർധിച്ചതോടെ വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾക്ക് കെഫോൺ ശക്തമായ പിന്തുണ നൽകുന്നു.

ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ സുലഭമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഫോൺ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുമായി സഹകരിച്ച് ഭാരത് ബില് പേയ്മെന്റ് (BBPS) സംവിധാനവുമായി സേവനങ്ങൾ ഏകീകരിച്ചതും ശ്രദ്ധേയമാണ്. ഈ സഹകരണത്തോടെ കെഫോൺ ഉപഭോക്താക്കൾക്ക് ബിൽ പേയ്മെന്റുകളും റീചാർജുകളും കൂടുതൽ എളുപ്പത്തിലും വേഗത്തിലും നടത്താൻ സാധിക്കും. ബിബിപിഎസ് അംഗീകൃത പ്ലാറ്റ്ഫോമുകളായ ഗൂഗിൾ പേ, ഫോൺപേ, ഭീം, ക്രെഡ് തുടങ്ങിയ ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് ബിൽ പേയ്മെന്റുകളും റീചാർജുകളും എളുപ്പത്തിൽ നടത്താൻ സാധിക്കും ഇത് വഴി ഉപഭോക്തൃ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നു. സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ സേവനങ്ങൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനുള്ള കെഫോണിന്റെ ശ്രമങ്ങളിലൊന്നാണ് ഈ സംരംഭം. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം വർദ്ധിപ്പിക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകുന്നതിനും ഈ സംവിധാനത്തിന് സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ആദ്യഘട്ടങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും, ഘട്ടംഘട്ടമായ ആസൂത്രണവും കാര്യക്ഷമമായ നടപ്പാക്കലും വഴി കെഫോൺ വേഗത്തിൽ മുന്നേറ്റം കൈവരിച്ചു. വിവിധ പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്തുടനീളം വ്യാപനം സാധ്യമാക്കിയ പദ്ധതി, ഇന്ന് കേരളത്തിന്റെ പ്രധാന ഡിജിറ്റൽ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്.

ഒ.ടി.ടി. സേവനങ്ങൾ അവതരിപ്പിച്ചതോടെ, വിനോദരംഗത്തും ശക്തമായ സാന്നിധ്യം കൈവരിച്ചിരിക്കുകയാണ് കെ-ഫോൺ. കെ-ഫോൺ ഒ.ടി.ടി. പ്ലാറ്റ്ഫോം വഴി 29 ഒ.ടി.ടി. ആപ്ലിക്കേഷനുകളും 350-ലധികം ഡിജിറ്റൽ ടിവി ചാനലുകളും ഉൾപ്പെടുത്തിയ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ ഫൈവ്, ഫാൻ കോഡ്, ഡിസ്കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്സ് ടിവി തുടങ്ങിയ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ കെഫോൺ മുഖേന പ്രേക്ഷകർക്ക് ഒരേ പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് ?444 മുതൽ ആരംഭിക്കുന്ന അഞ്ചു വ്യത്യസ്ത പാക്കേജുകൾ ലഭ്യമാണ് - സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ. ഈ പാക്കേജുകൾ ഒരുമാസം, മൂന്ന് മാസം, ആറുമാസം, ഒരു വർഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

കെഫോണിന്റെ പുതിയ ഗാർഹിക കണക്ഷൻ എടുക്കുന്നതിനായി എന്റെ കെഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷൻ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കെഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെഫോൺ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ൽ സന്ദർശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോൺ പ്ലാനുകൾ അറിയാനാവും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.