Sections

രണ്ട് ലക്ഷം കണക്ഷനുകൾ പിന്നിട്ട് കെഫോൺ; ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ പുതിയ നാഴികക്കല്ല്

Thursday, Oct 01, 2026
Reported By Admin
K-FON Crosses 2 Lakh Internet Connections in Kerala

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയായ കെഫോൺ രണ്ട് ലക്ഷം കണക്ഷനെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. സംസ്ഥാനത്തുടനീളം വീടുകൾ, സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി കെഫോൺ സേവനം വ്യാപിച്ചിട്ടണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 2,00,073 കണക്ഷനുകളാണ് കെഫോണിനുള്ളത്.

നഗര-ഗ്രാമ മേഖലകൾക്കൊപ്പം വിദൂര, ആദിവാസി മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെഫോൺ തുടരുകയാണ്. കണക്റ്റിവിറ്റി പരിമിതമായ ആദിവാസി മേഖലകളിൽ പുതിയ കണക്ഷനുകൾ ലഭ്യമാക്കുന്നതിനും നിലവിലുള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും പുരോഗമിക്കുകയാണ്.

34,505 കിലോമീറ്ററിലേറെ വ്യാപിച്ച ഫൈബർ ശൃംഖലയാണ് കെഫോണിനുള്ളത്. ഏകദേശം 3,800 ലോക്കൽ നെറ്റ്വർക്ക് പ്രൊവൈഡർമാരുടെ സഹകരണത്തോടെയാണ് കെഫോൺ പ്രവർത്തിക്കുന്നത്.

ഇന്റർനെറ്റ് സേവനത്തിനൊപ്പം ഡിജിറ്റൽ വിനോദത്തിനും പ്രാധാന്യം നൽകുന്ന കെഫോൺ, ഉപഭോക്താക്കൾക്കായി 29-ലേറെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും 350-ലേറെ ഡിജിറ്റൽ ടെലിവിഷൻ ചാനലുകളും ഉൾപ്പെടുന്ന സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതിവേഗ ഇന്റർനെറ്റ് സേവനത്തോടൊപ്പം വിനോദവും ഡിജിറ്റൽ സൗകര്യങ്ങളും ഒരേ പ്ലാറ്റ്ഫോമിലൂടെ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും നഗര-ഗ്രാമ മേഖലകളിലും മികച്ച ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുകയും ഡിജിറ്റൽ വിടവ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഫോൺ രണ്ട് ലക്ഷം കണക്ഷനുകൾ പിന്നിട്ടതിൽ അതിയായ സന്തോഷമുണ്ട്, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു പറഞ്ഞു. കൂടുതൽ വേഗത്തിൽ കൂടുതൽ കണക്ഷനുകളിലേക്ക് എത്തിച്ചേരാൻ കൂട്ടായ പ്രയത്നത്തിലൂടെ കെഫോണിനു സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

''രണ്ട് ലക്ഷം കണക്ഷനുകൾ പിന്നിട്ടത് കെഫോണിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. ഈ നേട്ടത്തിന് പിന്നിൽ അശ്രാന്തമായി പ്രവർത്തിച്ച കെഫോൺ ടീമിന്റെയും ലോക്കൽ നെറ്റ്വർക്ക് പ്രൊവൈഡർമാരുടെയും ഉപഭോക്താക്കളുടെയും പങ്കാളികളുടെയും കൂട്ടായ പരിശ്രമവും പിന്തുണയുമുണ്ട്. ഈ നേട്ടം കൈവരിക്കാൻ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറി'യിക്കുന്നു, കെഫോൺ മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ ഐ.എ.എസ് പറഞ്ഞു. രണ്ട് ലക്ഷം കണക്ഷൻ എന്നത് ഒരു അവസാന ലക്ഷ്യമല്ല; കേരളത്തിലെ കൂടുതൽ ജനങ്ങളിലേക്ക് മികച്ച ഡിജിറ്റൽ സേവനങ്ങൾ എത്തിക്കുന്നതിനുള്ള പ്രചോദനവും അതിലേക്കുള്ള പുതിയ ചുവടുവയ്പുമാണ്. കൂടുതൽ വേഗത്തിലും ലക്ഷ്യബോധത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രവർത്തിച്ച് കെഫോണിന്റെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.