Sections

മനമറിഞ്ഞ് യാത്ര (മൈൻഡ് ഫുൾ ട്രാവൽ) പ്രോത്സാഹിപ്പിക്കാൻ കേരള ടൂറിസം

Sunday, Feb 15, 2026
Reported By Admin
Kerala Tourism Launches ‘Travel Now, Post Later’ Campaign

'യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ' ഡിജിറ്റൽ പ്രചാരണം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലൂടെയുള്ള യാത്ര അതിൻറെ പൂർണതയിൽ ആസ്വദിക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര പ്രചാരണവുമായി കേരള ടൂറിസം. യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ' (ട്രാവൽ നൗ, പോസ്റ്റ് ലേറ്റർ) എന്ന ഡിജിറ്റൽ പ്രചാരണത്തിന് തുടക്കമായി. സംസ്ഥാനത്തിൻറെ തനത് പ്രകൃതി സൗന്ദര്യവും പൈതൃകവുമെല്ലാം മനസറിഞ്ഞ് ആസ്വദിക്കുന്നതിനായാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ ലൈക്കും ഷെയറും കിട്ടാൻ വേണ്ടി മാത്രമായി വിനോദയാത്രകൾ ഒതുങ്ങിപ്പോകുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും യഥാർത്ഥ യാത്രാഅനുഭവം അറിയുന്നതിനുമാണ് പുതിയ പ്രചാരണ പരിപാടി. ആഗോളതലത്തിൽ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യാൻ വേണ്ടി മാത്രമായി യാത്രകൾ ഒതുങ്ങിപ്പോകുന്ന രീതി വ്യാപകമാവുകയാണ്. സമൂഹമാധ്യമ ഉള്ളടക്കത്തിനു വേണ്ടി മാത്രമായി യാത്രകൾ മാറുമ്പോൾ സ്ഥലങ്ങൾ, ജനത, അനുഭവങ്ങൾ എന്നിവ നഷ്ടമാവുകയാണ്.

എന്നാൽ വൈകാരികമായി യാത്രകളെ കാണുന്നവരും ഉയർന്നു വരുന്നുണ്ട്. സാർഥകവും സൗഖ്യകേന്ദ്രീകൃതവുമായ യാത്രാനുഭവം ആഗ്രഹിക്കുന്നവരും വർധിച്ചു വരികയാണ്. ഈ സാധ്യത പൂർണമായും ഉപയോഗപ്പെടുത്താനായാണ് കേരള ടൂറിസം യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ എന്ന പ്രചാരണവുമായി മുന്നോട്ടു വരുന്നത്. ഇതിനായി https://travelnowpostlater.com എന്ന മൈക്രോസൈറ്റും പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രമേയത്തിനെ പിന്തുണയ്ക്കുന്ന സേവനങ്ങൾ മൈക്രോ സൈറ്റ് വഴി ലഭ്യമാക്കും.

ആഗോള ടൂറിസം ലോകത്തെ ചെറിയ മാറ്റങ്ങൾ പോലും സ്വാംശീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രചാരണങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിലുള്ള കേരള ടൂറിസത്തിൻറെ നേതൃപരമായ കഴിവാണ് ഇതിലൂടെ വെളിവാകുന്നത്. യാത്രയുടെ പ്രാധാന്യം, മനസുടക്കി നിൽക്കുന്ന ടൂറിസം സവിശേഷതകൾ, പ്രാദേശിക സംസ്ക്കാരത്തിനോടും പ്രകൃതിയോടും കാണിക്കേണ്ട ബഹുമാനം തുടങ്ങിയവയെല്ലാം പ്രചാരണത്തിൻറെ ഭാഗമാകും.

ആഗോള മേഖലയിലെ വ്യതിയാനങ്ങൾ മുൻകൂട്ടി മനസിലാക്കി മൈൻഡ് ഫുൾ ട്രാവൽ എന്ന പ്രചാരണം മുന്നോട്ടു വച്ചതിലൂടെ കേരളം മാതൃകയായിരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അനുഭവങ്ങളിൽ മുഴുകുന്ന, സമൂഹവുമായി മാനസികമായി ആത്മബന്ധം രൂപപ്പെടുത്തുന്ന യാത്രാനുഭവം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.