- Trending Now:
കോഴിക്കോട്: വിനോദസഞ്ചാരികളുടെ എണ്ണത്തിൽ തുടർച്ചയായി റെക്കോഡ് ഭേദിക്കുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ ടൂറിസം മേഖല വളർന്നതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2025 ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ടൂറിസ്റ്റ് സന്ദർശനങ്ങൾ 2,58,80,365 ആണ്. 2024 ലേതിനേക്കാൾ 28,95,002 പേരാണ് അധികമായി എത്തിയത്. 2024 ൽ ആകെ സഞ്ചാരികളുടെ എണ്ണം 2,29,85,363 ആയിരുന്നു.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ കുതിപ്പ്. 2025 ൽ 2,50,58,366 സന്ദർശകരാണുള്ളത്. മുൻവർഷം ഇത് 2,22,46,989 ആയിരുന്നു. 12.46 ശതമാനം അധികം. കോവിഡിന് മുമ്പുള്ളതിനേക്കാൾ 36.3 ശതമാനം വർധനവാണിത്. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലും ക്രമാനുഗതമായ വളർച്ച നേടാൻ സംസ്ഥാനത്തിനായി.
2025 ൽ 8,21,999 വിദേശ സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. മുൻവർഷത്തേക്കാൾ 11.3 ശതമാനം വർധന.
ഇടുക്കി ജില്ലയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ഏറ്റവും മുന്നിൽ -46,79,800. എറണാകുളം (44,29,899), തിരുവനന്തപുരം (43,75,846), തൃശൂർ (31,24,696), വയനാട് (14,73,710), കോഴിക്കോട് (14,69,253) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാങ്ങളാണ് ആഭ്യന്തരസഞ്ചാരികളുടെ വരവിൽ സംഭാവന ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ.
യുകെ, യുഎസ്, ജർമ്മനി, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദേശസഞ്ചാരികളാണ് കൂടുതലായി കേരലത്തിൽ എത്തുന്നത്. വിദേശ സഞ്ചാരികളുടെ വരവിൽ എറണാകുളം ജില്ലയാണ് മുന്നിൽ. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടുപിന്നിൽ.
വിദേശ സഞ്ചാരികളുടെ എണ്ണത്തിന്റെ കാര്യത്തിൽ കോവിഡിന് മുൻപത്തെ സാഹചര്യത്തിലേക്ക് എത്തുന്നതേയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് പല ഇടങ്ങളിലായി നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്. എങ്കിലും അത്തരം സാഹചര്യങ്ങളെ മറികടന്നാണ് നാം ഓരോ വർഷവും ഈ മുന്നേറ്റം സാധ്യമാക്കി കൊണ്ടിരിക്കുന്നത്.
കേരള ടൂറിസം നടത്തിയ ആസൂത്രിതമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സാധ്യമാക്കാനായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നൂതന പദ്ധതികളും നവീനമായ ഉത്പ്പന്നങ്ങളും സജ്ജമാക്കിയാണ് കേരള ടൂറിസം ഈ മുന്നേറ്റം സാധ്യമാക്കിയത്. നിരവധി പുതിയ ഡെസ്റ്റിനേഷനുകൾ കേരളത്തിൽ വികസിപ്പിച്ചു. കൂടുതൽ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ നടപ്പിലാക്കി.
റസ്റ്റ് ഹൗസുകൾ നവീകരിച്ചതോടെ വലിയ മാറ്റമുണ്ടായി. റസ്റ്റ് ഹൗസുകളിൽ താമസത്തിന് എത്തുന്നതിൽ വലിയ ശതമാനവും വിനോദസഞ്ചാരികൾ ആണ്. വടക്കൻ കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാൻ കഴിഞ്ഞത്. കാസർകോട് അടക്കമുള്ള ജില്ലകളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ താമസസൗകര്യം വർധിച്ചു. മികച്ച റോഡുകൾ ഒരുക്കി. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പിന്നോക്കം നിന്നിരുന്ന വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇതോടെയാണ് കുതിപ്പുണ്ടായത്. ഇത് മലബാറിലെ ടൂറിസം മേഖലക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.
കേരള ടൂറിസത്തിന്റെ വളർച്ച കേരളത്തിലെ ജനങ്ങളുടെ കൂടി വികസനം സാധ്യമാകുന്നത് ആണ്. കേരളത്തിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാകുവാൻ ടൂറിസത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായി ടൂറിസത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.