Sections

ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃക- അന്താരാഷ്ട്ര വിദഗ്ധർ

Monday, Feb 09, 2026
Reported By Admin
Kerala’s Responsible Tourism Model Wins Global Praise

ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനം സമാപിച്ചു


കോഴിക്കോട്: ആഗോള ഉത്തരവാദിത്ത ടൂറിസം മേഖലയിൽ കേരളത്തെ വേറിട്ട് നിറുത്തുന്നത് അതിൻറെ ജനകീയ മാതൃകയാണെന്ന് കോഴിക്കോട് സമാപിച്ച ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തിൽ പങ്കെടുത്ത വിദേശ പ്രതിനിധികളും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധരും അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് പോലും കേരളത്തിൻറെ മാതൃകയിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മുൻനിര രാജ്യമായിട്ടാണ് ലോകം സിംഗപ്പൂരിനെ കണക്കാക്കുന്നതെന്ന് ആ രാജ്യത്തെ സെൻറർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം ഡയറക്ടർ കെവിൻ ഫുൻ പറഞ്ഞു. എന്നാൽ സിംഗപ്പൂരിൻറെ കഥ കൂടുതലായും മാലിന്യസംസ്‌ക്കരണത്തിലെ സുസ്ഥിര മാതൃകകളുമായി ബന്ധപ്പെട്ടാണ്. അവിടുത്തെ ടൂറിസം വ്യവസായത്തിൻറെ പ്രത്യേക സ്വഭാവം നിമിത്തം സമൂഹപങ്കാളിത്തം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിലെ ആർടി ടൂറിസം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ആളുകളുടെ പങ്കാളിത്തം ഇവിടെ ധാരാളമായുണ്ട്. അവരുടെ ജീവിതനിലവാരം ഗണ്യമായി ഉയർത്തുന്നതിൽ വിജയിച്ചതിനാൽ തന്നെ ഇതൊരു ആഗോളമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസത്തിൻറെ അടിസ്ഥാനം തന്നെ ഗ്രാമീണ ടൂറിസമാണെന്ന് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ടൂറിസം വികസനത്തെക്കുറിച്ച് അവതരണം നടത്തിയ അസോസിയേഷൻ ഫോർ കൺസെർവേഷൻ ആൻഡ് ടൂറിസം കോ-ഓർഡിനേറ്റർ ഓഷാൻ ലെപ്ച ചൂണ്ടിക്കാട്ടി. വിദൂര ഗ്രാമങ്ങളിലുള്ളവരെ നാഗരികതയുടെ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ മാതൃകയിൽ നിന്നാണ് ഗ്രാമങ്ങളിൽ നിന്നു തന്നെ വികസനം സാധ്യമാക്കാമെന്ന ആശയം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസത്തിൻറെ ആർടി പദ്ധതികളെക്കുറിച്ചുള്ള പത്രവാർത്തയിൽ നിന്നാണ് ഹിമാചൽ പ്രദേശിലെ ടൂറിസം മേഖലയിൽ ഉത്തരവാദിത്ത ടൂറിസം ശീലങ്ങൾ സ്വായത്തമാക്കുന്ന വിപ്ലവം ആരംഭിച്ചതെന്ന് എച്ടുഒ ഹൗസിൻറെ സഹസ്ഥാപക രേണു ശർമ്മ ചൂണ്ടിക്കാട്ടി. സ്വന്തം റിസോർട്ടിൽ ആർടി പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന ആർടിമിഷൻ സൊസൈറ്റി സിഇഒ രൂപേഷ് കുമാറിൻറെ പൂർണ സഹകരണമുണ്ടായിരുന്നുവെന്ന് അവർ ഓർത്തു. കുടുംബശ്രീ മാതൃകയിലുള്ള സമൂഹ അടുക്കളയിലൂടെയാണ് അവിടെ ആർടി ശീലങ്ങൾ ആരംഭിച്ചത്. ഇന്ന് ഹിമാചൽ പ്രദേശിലെ എല്ലാ പ്രദേശത്തും മിസ്റ്റിക് വില്ലേജ് എന്ന പദ്ധതി സർക്കാർ തലത്തിൽ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഹോംസ്റ്റേ നെറ്റ് വർക്ക് നേപ്പാളിൻറെ പ്രൊഡക്ട് ഡെവലപ്മൻറ് മേധാവി പുഷ്പ ഥാപ, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് തുടങ്ങിയവരും അവതരണങ്ങൾ നടത്തി.

കേരള ടൂറിസം അഡി. സെക്രട്ടറി ജഗദീഷ് ഡി, കേരള ആർടി മിഷൻ സൊസൈറ്റി സിഇഒ രൂപേഷ് കുമാർ, തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

പൊതുയിടങ്ങളിൽ വനിതാപ്രാതിനിധ്യം വർധിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് വുമെൻ ഫോർവേൾഡ് ടൂർസ് സ്ഥാപക കോമൾ ദാരിയ ചൂണ്ടിക്കാട്ടി. ലിംഗസമത്വ- വനിതാ സൗഹൃ ടൂറിസം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ടൂറിസത്തെയും പൈതൃക-സാംസ്‌ക്കാരിക പരിപാടികളെയും ബന്ധിപ്പിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് യുഎൻ വിമൻറെ കൺട്രി പ്രോഗ്രാം മാനേജർ വേദ ഭരദ്വാജ ചൂണ്ടിക്കാട്ടി. പല പൈതൃകപരിപാടികളും സ്ത്രീകളെ മാറ്റി നിറുത്തുന്ന രീതി കാണാറുണ്ടെന്നും അവർ പറഞ്ഞു. സാമ്പത്തികമായി ശാക്തീകരിക്കുന്നതാണ് ലിംഗസമത്വത്തിന് ഏറ്റവും പ്രധാനമെന്ന് ജപ്പാനിലെ നാരാ സർവകലാശാലയിലെ അസോ. പ്രൊഫസർ നിർമല രണസിംഗെ ചൂണ്ടിക്കാട്ടി. കേരളത്തിലെ ആർടി ഉദ്യമങ്ങൾ ഈ ദിശയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നത്.

വനിതാ ടൂറിസം സംരംഭങ്ങൾക്ക് സർക്കാർ തലത്തിൽ പിന്തുണ ആവശ്യമാണെന്ന് കമ്മ്യൂണിറ്റി ഹോംസ്റ്റെ നെറ്റ് വർക്ക് സിഇഒ ആയുഷ പ്രസേൻ ചൂണ്ടിക്കാട്ടി. ടൂറിസം മേഖല വനിതാസൗഹൃദമാണെന്ന യാഥാർഥ്യം സമൂഹത്തിൽ ഊട്ടിയുറപ്പിക്കാൻ സ്വകാര്യമേഖലയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ഇംപെരിയൻസ് ഹോട്ടൽസ് സ്ഥാപകൻ ദിലീപ് കുമാർ പറഞ്ഞു.

വനിതാസൗഹൃദ താമസസ്ഥലങ്ങളെക്കുറിച്ചുള്ള ഓൺലൈൻ റേറ്റിംഗുകളിൽ ജാഗ്രത വേണമെന്ന് എസ്‌കേപ് നൗ സ്ഥാപക ഇന്ദു കൃഷ്ണ പറഞ്ഞു. സുസ്ഥിരവികസനത്തിൽ ഇൻക്ലൂസിവ് ടൂറിസം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആതിഥേയ വ്യവസായത്തിലെ ജീവനക്കാരിൽ വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് പാരിസ് ആസ്ഥാനമായ ഹോംസ്റ്റേ ശൃംഖലയുടെ മേധാവി അനിക് സാൻസോനി ചൂണ്ടിക്കാട്ടി. ഹോംസ്റ്റേകളിൽ വിപ്ലവം സൃഷ്ടിച്ച പാരീസ് മാതൃകയുടെ അടിസ്ഥാനം തന്നെ വനിതകൾ നേതൃനിരയിലുണ്ടായിരുന്നു എന്നതാണെന്ന് അവർ പറഞ്ഞു.

വ്യക്തിപരമായി പോലും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ വനിതാസമൂഹത്തിന് നേരെയുള്ളതാണെന്ന് തിരിച്ചറിയണമെന്ന് ലെറ്റ്‌സ് ഗോ ഫോർ എ ക്യാമ്പ് സ്ഥാപക ഗീതു മോഹൻദാസ് പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ടൂറിസം ശീലങ്ങൾ സർക്കാർ തലത്തിൽ നടപ്പാക്കാനുള്ള ശുപാർശകൾ പ്രായോഗികമാകണമെന്ന് ഐആർസിടി ഗ്ലോബൽ ഡയറക്ടർ മനീഷ പാണ്ഡേ ചൂണ്ടിക്കാട്ടി. സങ്കീർണമായ സർക്കാർ സംവിധാനത്തിൽ പ്രായോഗിക നിർദ്ദേശങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അവർ പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസത്തിലെ വിജയമാതൃകകളിലെക്കുറിച്ച് കേരള ആർടി മിഷൻ റിസോഴ്‌സ് പേഴ്‌സൺ പ്രൊഫ. മിനു എം ഗോപാൽ, ആർടി മേഖലയിൽ ടൂറിസം വ്യവസായത്തിൻറെ പങ്കിനെക്കുറിച്ച് കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ് സ്വാമിനാഥൻ, ബേക്കൽ ടൂറിസത്തിൻറെ വിജയമാതൃകയെക്കുറിച്ച് ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്, ബേപ്പൂരിനെക്കുറിച്ച് ആർടി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീകലാ ലക്ഷ്മി, അഗ്രി ടൂറിസത്തെക്കുറിച്ച് വെസ്റ്റേൺഘാട്ട്‌സ് ട്രോപ്പിക്കൽ സ്ഥാപകൻ വില്യംസ് മാത്യൂ, കവ്വായി സ്റ്റോറീസ് സ്ഥാപകൻ രാഹുൽ നാരായണൻ എന്നിവർ അവതരണം നടത്തി.

ഉത്തരവാദിത്ത ടൂറിസത്തിൽ സുസ്ഥിര മാർക്കറ്റിംഗ് എന്ന വിഷയത്തിൽ മനീഷ പാണ്ഡേ, ട്രീൻ ട്രാവലർ മീഡിയ ഡയറക്ടർ റിച്മണ്ട് ഹാമണ്ട്, ആസ്‌ട്രേലിയയിലെ സിഎം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാസി മീഡ്, സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് എക്‌സി. ക്രിയേറ്റീവ് ഡയറക്ടർ ഷെൽട്ടൻ പിൻഹിറോ, കെടിഎം അംഗം വാഞ്ചീശ്വരൻ, വെബ്‌സിആർഎസ് സ്ഥാപകൻ നീലകണ്ഠ് പരാരത്ത്, ഡെക്‌സിയൻ ഇന്ത്യ സബ്ജക്ട് മാറ്റർ എക്‌സപർട്ട് രാജൻ റായി തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.