Sections

സാങ്കേതികവിദ്യാധിഷ്ഠിത പരിചരണത്തിലൂടെ പ്രോസ്റ്റേറ്റ് കാൻസറിനെ നേരിട്ട് കേരളം; മലയാളി ഡോക്ടർക്ക് ദേശീയ റെക്കോർഡ്

Tuesday, Sep 23, 2025
Reported By Admin
Kerala Leads in Prostate Cancer Care with Robotic Surgery

  • ഒരു മാസത്തിനുള്ളിൽ 58 റോബോട്ടിക് യൂറോളജിക്കൽ ശസ്ത്രക്രിയകൾ നടത്തി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ സർജൻ ഡോ. കിഷോർ ടിഎ ദേശീയ റെക്കോർഡ് സ്ഥാപിച്ചു.
  • പ്രാരംഭ ഘട്ടത്തിലുള്ള കണ്ടെത്തൽ, ഡാവിഞ്ചി പോലുള്ള നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, സർജൻ പരിശീലനം, രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തൽ, പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കൽ എന്നിവയിലൂടെ പ്രോസ്റ്റേറ്റ് കാൻസർ പരിചരണത്തിൽ കേരളം മുൻപന്തിയിൽ.

കൊച്ചി: പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറുകളിൽ ഒന്നായ പ്രോസ്റ്റേറ്റ് കാൻസറിനെതിരെ നടത്തുന്ന പോരാട്ടം കൂടുതൽ ശക്തമാക്കുകയാണ് കേരളം. പ്രാരംഭനിലയിൽ രോഗം കണ്ടെത്തുന്നതിനെയും അത്യാധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യയെയും ഒരുമിച്ച് ഉപയോഗിച്ചാണ് ഈ മുന്നേറ്റം. ഐസിഎംആർ പുറത്തുവിട്ട പുതിയ റിപ്പോർട്ട്, കേരളത്തിലെ പുരുഷന്മാരിൽ സ്ഥിരമായി ഉയർന്ന നിരക്കിൽ ഈ രോഗം കണ്ടെത്തപ്പെടുന്നതായി വ്യക്തമാക്കുകയും, വെല്ലുവിളിയുടെ വ്യാപ്തിയെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു.

കേരളത്തിൻറെ പ്രോസ്റ്റേറ്റ് കാൻസർ പ്രതിരോധ ശ്രമങ്ങൾക്ക് ശക്തി പകരുന്നത്, രാജ്യത്തെ തന്നെ ഏറ്റവും പ്രഗത്ഭരായ ഒരു കൂട്ടം മലയാളി റോബോട്ടിക് ശസ്ത്രക്രിയാ വിദഗ്ധരാണ്. ഈ വിഭാഗത്തിൽ ഏറ്റവും പുതിയ നേട്ടം, കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ സർജൻ ഡോ. കിഷോർ ടിഎ യുടെ ദേശീയ റെക്കോർഡാണ്. കഴിഞ്ഞ മാസം 58 റോബോട്ടിക് യൂറോളജിക്കൽ ശസ്ത്രക്രിയകൾ നടത്തിയ അദ്ദേഹം, ഒരു മാസം ഏറ്റവും കൂടുതൽ അത്തരം ശസ്ത്രക്രിയകൾ നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സർജനായി.

പ്രോസ്റ്റേറ്റെക്ടമി, പാർഷ്യൽ നെഫ്രെക്ടമി, ലിവിംഗ് കിഡ്നി റീഇംപ്ലാൻറേഷൻ തുടങ്ങിയ സങ്കീർണ്ണമായ യൂറോളജിക്കൽ സർജറികളാണ് നൂതന ഡാവിഞ്ചി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇക്കാലയളവിൽ അദ്ദേഹം ചെയ്തത്.

''ആസ്റ്റർ മെഡ്സിറ്റിയിൽ, റോബോട്ടിക് യൂറോളജി പ്രോഗ്രാം കൂടുതൽ കാര്യക്ഷമമായി വളർന്നിരിക്കുന്നു. ഇപ്പോൾ ടീമിന് അഞ്ച് മുതൽ ആറ് വരെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പതിവായി നടത്താൻ കഴിയും. നൂതന ശസ്ത്രക്രിയാ സാങ്കേതികവിദ്യയുടെ സ്വീകാര്യത ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൊച്ചി പോലുള്ള ഒരു നഗരത്തിൽ ഇത് വളരെ പ്രധാനമാണ്,'' ഡോ. കിഷോർ പറഞ്ഞു.

റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ സുസ്ഥിരവും ഉയർന്ന അളവിലുള്ള ശസ്ത്രക്രിയ ശേഷി കെട്ടിപ്പടുക്കുവാൻ സഹായിക്കും. റോബോട്ടിക് സർജറി കൂടുതൽ സമയം എടുക്കുമെന്ന മിഥ്യാധാരണയെ തകർക്കാനും ഇത്തരം നേട്ടങ്ങൾ സഹായിക്കും. ഏറ്റവും സങ്കീർണ്ണമായ സന്ദർഭങ്ങളിൽ പോലും കാര്യക്ഷമതയും കൃത്യതയും സംയോജിപ്പിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.

വളരുന്ന ഈ വൈദഗ്ദ്ധ്യം പ്രോസ്റ്റേറ്റ് കാൻസർ രോഗികൾക്ക് നേരിട്ട് ഗുണം ചെയ്യുന്നതാണ്. രോഗം പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ മാത്രമായി ഒതുങ്ങി നിൽക്കുമ്പോൾ റോബോട്ടിക് സഹായത്തോടെയുള്ള റാഡിക്കൽ പ്രോസ്റ്റേറ്റെക്ടമി ഒരു സാധാരണ ചികിത്സാരീതിയായി മാറിയിട്ടുണ്ട് ഇപ്പോൾ.

പരമ്പരാഗത ശസ്ത്രക്രിയയെ അപേക്ഷിച്ച് റോബോട്ടിക് സർജറിക്ക് വളരെ മികച്ച ഗുണങ്ങളുണ്ടെന്ന് ഡോ. കിഷോർ പറഞ്ഞു. ചെറിയ മുറിവുകൾ, കുറഞ്ഞ രക്തനഷ്ടം, അണുബാധയ്ക്കുള്ള സാധ്യത കുറവ്, വേഗത്തിലുള്ള രോഗശാന്തി എന്നിവയാണ് ഇതിൻറെ പ്രധാന ഗുണങ്ങൾ. മിക്ക രോഗികൾക്കും മൂന്നോ നാലോ ദിവസത്തിനുള്ളിൽ ആശുപത്രി വിട്ട് ആഴ്ചകൾക്കുള്ളിൽ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതിക വിദ്യയിൽ, മൂത്രാശയത്തിൻറെ മുൻവശത്തുകൂടിയല്ലാതെ പിന്നിൽ നിന്ന് പ്രോസ്റ്റേറ്റ് ഭാഗത്തെത്തുകയാണ് ചെയ്യുന്നത്. ഇതിലൂടെ മൂത്രനിയന്ത്രണത്തിലും ലൈംഗിക പ്രവർത്തനത്തിലും നിർണായകമായ പങ്ക് വഹിക്കുന്ന പ്രധാന ശരീര ഭാഗങ്ങളെ മുറിപ്പെടുത്തുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

ഈ ശരീര ഭാഗങ്ങളെ സംരക്ഷിക്കുന്നതിലൂടെ, കാൻസർ നീക്കം ചെയ്യുന്നതിനിടയിൽ നമുക്ക് പ്രധാനപ്പെട്ട ശരീര പ്രവർത്തനങ്ങൾ നിലനിർത്താൻ കഴിയുമെന്ന് ഡോ. കിഷോർ പറഞ്ഞു. ഡാവിഞ്ചി റോബോട്ടിക് സിസ്റ്റത്തിൻറെ 3ഡി മാഗ്നിഫൈഡ് വിഷൻ, റിസ്റ്റഡ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച്, വളരെ ഇടുങ്ങിയ പെൽവിക് ഭാഗത്ത് കൃത്യമായി സർജറി നടത്താനും ടിഷ്യു കേടുപാടുകൾ കുറയ്ക്കാനും മൂത്രസഞ്ചിയും മൂത്രനാളിയും വീണ്ടും ബന്ധിപ്പിക്കുമ്പോൾ സൂക്ഷ്മമായ തുന്നൽ നടത്താനും കഴിയും. ഈ ഗുണങ്ങൾ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സുഗമമായ സുഖം പ്രാപിക്കലിനും സഹായിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.