Sections

ഓണം ഫെസ്റ്റിവൽ ഓഫീസ് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

Wednesday, Aug 19, 2026
Reported By Admin
Kerala Onam Week Celebrations to Begin on August 24

തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതൽ തലസ്ഥാന നഗരിയിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിക്കുന്ന ഓണം വാരാഘോഷങ്ങളുടെ ഏകോപനത്തിനായി ടൂറിസം ഡയറക്ടറേറ്റിൽ ഒരുക്കിയ ഓണം ഫെസ്റ്റിവൽ ഓഫീസ് ടൂറിസം മന്ത്രി പി. സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഈ വർഷത്തെ ഓണം ഫെസ്റ്റിവൽ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.

ഓണം കേരളത്തിൻറെ വൈവിധ്യവും വർണാഭവുമായ സാംസ്കാരിക പാരമ്പര്യങ്ങൾ ആഘോഷിക്കുന്ന ഉത്സവമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഓൺലൈനായി നൽകിയ ഓണം സന്ദേശത്തിൽ പറഞ്ഞു. എല്ലാവർക്കും അദ്ദേഹം ഓണാശംസകൾ നേർന്നു.

ടൂറിസം സെക്രട്ടറി ബിജു കെ ഐഎഎസ്, ഡയറക്ടർ അഞ്ജന എം ഐഎഎസ്, കെടിഡിസി എംഡി ഹർഷിൽ ആർ മീണ എന്നിവരും വിവിധ ഫംഗ്ഷണൽ കമ്മിറ്റികളുടെ വൈസ് ചെയർമാൻമാരായ പാലോട് രവി, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാർ, ശരത്ചന്ദ്ര പ്രസാദ്, എംഎ വാഹിദ്, കെഎസ് ഗോപകുമാർ, ലക്ഷ്മി ആർ, കെടിഡിസി ചീഫ് എഞ്ചിനീയർ ലേഖ കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഓഗസ്റ്റ് 24 മുതൽ 30 വരെ സംസ്ഥാനത്തുടനീളം നടക്കുന്ന ഓണം ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഏകോപനവും മേൽനോട്ടവും ഫെസ്റ്റിവൽ ഓഫീസ് നിർവഹിക്കും.

വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓണം ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 30 ന് നടക്കുന്ന വർണാഭമായ സമാപന ഘോഷയാത്രയിലും എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉണ്ടാകുമെന്നും പി. സി വിഷ്ണുനാഥ് പറഞ്ഞു.

തലസ്ഥാന നഗരിയിലെ കനകക്കുന്ന് കൊട്ടാരം വളപ്പുൾപ്പെടെയുള്ള ആഘോഷ വേദികളിലേക്ക് ജനങ്ങൾക്ക് സുഗമമായി എത്തുന്നതിനും വാഹന ഗതാഗതം തടസമില്ലാതെ ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ പോലീസ് ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

തലസ്ഥാന നഗരിയിൽ മാത്രം 36 വേദികളിലായി രണ്ടായിരത്തിലധികം കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളുടെ (ഡിടിപിസി) നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഓണാഘോഷങ്ങളും സാംസ്കാരിക പരിപാടികളും അവതരിപ്പിക്കും.

വ്യാപാരമേള, ഭക്ഷ്യമേള, ദീപാലങ്കാരം, കെടിഡിസിയുടെ പായസ മത്സരം എന്നിവ ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളാണ്.

'ഹരിത ഓണം' സന്ദേശവുമായി ശുചിത്വ മിഷൻ ഒരുക്കിയ ഫ്ളോട്ടിൻറെ പര്യടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയും ടൂറിസം മന്ത്രി പി സി വിഷ്ണുനാഥും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഫ്ളോട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും.

ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർ എസ്, ജില്ലാ കോ-ഓർഡിനേറ്റർ അമീർഷ ആർ എസ് എന്നിവരും ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

ഓണം ആഷോഷങ്ങൾ പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംഘടിപ്പിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.