Sections

കേരള ഐടി പ്രതിനിധി സംഘം കൺവെർജൻസ് ഇന്ത്യ എക്സ്പോയിൽ പങ്കെടുക്കും

Friday, Mar 20, 2026
Reported By Admin
Kerala IT Team at Convergence India Expo 2026

  • മാർച്ച് 23 മുതൽ 25 വരെ നടക്കുന്ന പരിപാടിയിൽ ഐടി സ്പെഷ്യൽ സെക്രട്ടറി, മൂന്ന് ഐടി പാർക്ക് സിഇഒമാർ, 15 കമ്പനികൾ, ഐഐഐടിഎം-കെ, കെ-സ്പേസ് ഉദ്യോഗസ്ഥർ എന്നിവർ ഭാഗമാകും

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി എക്സ്പോയായ 33-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയിൽ കേരളത്തിൽ നിന്നുള്ള ഐടി പ്രതിനിധി സംഘം പങ്കെടുക്കും. ന്യൂഡൽഹിയിൽ മാർച്ച് 23 മുതൽ 25 വരെയാണ് എക്സ്പോ.

സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, മൂന്ന് ഐടി പാർക്കുകളുടെ സിഇഒമാർ, 15 ഐടി കമ്പനി പ്രതിനിധികൾ എന്നിവർക്കൊപ്പം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് കേരള (ഐഐഐടിഎം-കെ), കേരള സ്പേസ്പാർക്ക് (കെ-സ്പേസ്), ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് ഉദ്യോഗസ്ഥർ എന്നിവരാണ് കേരള സംഘത്തിലുള്ളത്.

ഭാരത് മണ്ഡപത്തിൽ നടക്കുന്ന എക്സ്പോയിലെ കേരള പവലിയനിൽ സംസ്ഥാനത്തെ അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റൽ, ഇന്നൊവേഷൻ ആവാസവ്യവസ്ഥയും അവസരങ്ങളും പ്രദർശിപ്പിക്കും. ഹാൾ നമ്പർ 3 (ബൂത്ത് നമ്പർ സി3-08) -ലാണ് കേരള പവലിയൻ സജ്ജീകരിച്ചിരിക്കുന്നത്.

ആഗോള നിക്ഷേപകർ, സാങ്കേതിക മേഖലയിലെ പ്രമുഖർ, വ്യവസായ പങ്കാളികൾ എന്നിവരുമായി സഹകരണം, നവീകരണം, നിക്ഷേപ അവസരങ്ങൾ എന്നിവ തേടുന്നതിനുള്ള വേദിയായി ഈ പരിപാടി കേരള ഐടി കമ്പനികളെ മാറ്റും.

ക്ലൗഡ്ഹൗസ് ടെക്നോളജീസ്, എൽവിക്ടോ ടെക്നോളജീസ്, എക്സ്പീഡ് സോഫ്റ്റ്വെയർ, ഇൻക്രെഡിബിൾ വിസിബിലിറ്റി, ലീയെറ്റ് ടെക്നോളജീസ് എൽഎൽപി, മെറ്റ്ക്ലൗഡ്സ് ടെക്നോളജീസ്, നെക്സ്റ്റ്ജെനിക്സ് സൊല്യൂഷൻസ്, റിക്രൂട്ട്മെൻറ്ബ്രിക്സ്.എഐ (റോജെനിയസ് ടെക്നോളജീസ്), ടിഎൻപി കൺസൾട്ടൻറ്സ്, ആബാസോഫ്റ്റ്, ഡിക്യൂബ് എഐ, ഫോക്സ്ഡെയ്ൽ, എൻഡിമെൻഷൻസ് സൊല്യൂഷൻസ്, നോർമാലിറ്റി ടെക്നോളജീസ്, വാല്യുമെൻറർ ഇൻഫോസെക് എന്നിവയാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന ഐടി കമ്പനികൾ.

എമർജിംഗ് ടെക്നോളജി, ബ്രോഡ്കാസ്റ്റ് ആൻഡ് ഡിജിറ്റൽ മീഡിയ എന്നിവ മുതൽ സ്പേസ് ടെക്നോളജി, ടെലികോം ആൻഡ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, മൊബൈൽ ആപ്ലിക്കേഷൻ, ഐടി/സെക്യൂരിറ്റി സൊല്യൂഷൻസ്, എആർ ആൻഡ് വിആർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്/മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ ആൻഡ് അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ ആൻഡ് എൻഎഫ്ടി, സൈബർ സുരക്ഷ, ഇ-കൊമേഴ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ഗെയിമിംഗ് ആൻഡ് എൻറർടെയിൻമെൻറ്, സാസ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഇൻറർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകൾ വരെയുള്ള കമ്പനികൾ എക്സ്പോയിൽ നൂതന പരിഹാരങ്ങളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കും.

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ടെക്നോളജി എക്സ്പോയാണ് കൺവെർജൻസ് ഇന്ത്യ എക്സ്പോ. ഭാവി പ്രദർശിപ്പിക്കുന്നതിനും പരിവർത്തന സാധ്യതകൾ തുറക്കുന്നതിനുമുള്ള പ്രമുഖ വേദിയായി ഇത് പ്രവർത്തിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.