- Trending Now:
തിരുവനന്തപുരം: കേരള ഐടി യ്ക്ക് കീഴിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള പതിനൊന്ന് മുൻനിര ടെക്നോളജി കമ്പനികൾ അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (സിഇഎസ്- 2026) സ്റ്റാൾ തുറന്നു.
ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ. ജെ ശ്രീനിവാസ കേരള ഐടി പവലിയൻ ഉദ്ഘാടനം ചെയ്തു. ജനുവരി ആറിന് ആരംഭിച്ച നാല് ദിവസത്തെ പരിപാടി ഒൻപതിന് അവസാനിക്കും.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ടെക്നോളജി ട്രേഡ് അസോസിയേഷനായ കൺസ്യൂമർ ടെക്നോളജി അസോസിയേഷനാണ് (സിടിഎ) പരിപാടി സംഘടിപ്പിക്കുന്നത്. അത്യാധുനിക ഉപഭോക്തൃ ടെക്നോളജി ഹാർഡ് വെയർ, സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകൾ, ടെക്നോളജി ഡെലിവറി സിസ്റ്റംസ്, നൂതന സൊല്യൂഷനുകൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ, ഡെവലപ്പർമാർ, വിതരണക്കാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണിത്..
ആഗോള ടെക്നോളജി ഹബ് എന്ന നിലയിൽ സംസ്ഥാനത്തിൻറെ സ്ഥാനം ഉയർത്തിക്കാട്ടുന്ന വിധത്തിലാണ് കേരള പ്രതിനിധി സംഘത്തിൻറെ സ്റ്റാൾ രൂപകല്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ടെക്നോളജി ഇവൻറുകളിൽ ഒന്നാണ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ. കേരളത്തിൻറെ ഇന്നൊവേഷൻ, അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ്, ഭാവിക്ക് അനുയോജ്യമായ ഡിജിറ്റൽ സൊല്യൂഷനുകൾ എന്നിവയിലെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിന് സിഇഎസ് അവസരമൊരുക്കും.
ഡീപ്-ടെക് മേഖലയിലെ പുരോഗതി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, പ്രോഡക്ട് എഞ്ചിനീയറിംഗ്, എൻറർപ്രൈസ് സൊല്യൂഷനുകൾ എന്നിവയിൽ സംസ്ഥാനത്തിൻറെ മുന്നേറ്റം വിളിച്ചോതുന്ന കാഴ്ചകളാണ് കേരള പവലിയനിൽ സന്ദർശകരെ കാത്തിരിക്കുന്നത്. കേരളത്തിൻറെ ശക്തമായ പ്രതിഭാ അടിത്തറ, ഊർജ്ജസ്വലമായ നവീകരണ സംസ്കാരം, ആഗോള സഹകരണത്തിനുള്ള തയ്യാറെടുപ്പ് എന്നിവ പ്രതിനിധി സംഘം പ്രതിഫലിപ്പിക്കുന്നു.
ഇൻഫിനിറ്റ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ് എൽഎൽപി, തിങ്ക്പാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്ബ്രെയിൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സെക്വോയ അപ്ലൈഡ് ടെക്നോളജീസ്, ആർഐഒഡി ലോജിക് പ്രൈവറ്റ് ലിമിറ്റഡ്, ഹാഷ്റൂട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സോഫ്റ്റ് നോഷൻസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കാബോട്ട് ടെക്നോളജി സൊല്യൂഷൻസ്, ആക്സിയ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ക്യൂബെറ്റ് ടെക്നോളജീസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, സൂണ്ടിയ സോഫ്റ്റ് വെയർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് സിഇഎസ് 2026 ൽ പങ്കെടുക്കുന്ന കേരള ഐടി കൂട്ടായ്മയുടെ ഭാഗമായ കമ്പനികൾ.
കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ പങ്കെടുക്കുന്നതിലൂടെ അന്താരാഷ്ട്ര പങ്കാളികളെ ആകർഷിക്കാനും സഹകരണം വളർത്താനും കേരള ഐടി പ്രതിനിധി സംഘം ലക്ഷ്യമിടുന്നു. അതോടൊപ്പം ആഗോള സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനുള്ള സംസ്ഥാനത്തിൻറെ പ്രതിബദ്ധതയും പ്രകടമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.