Sections

കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ മുഴുവൻ സാധ്യതയും യാഥാർത്ഥ്യമാക്കാൻ ഇതര ഫണ്ടുകൾ പ്രയോജനപ്പെടുത്തണം: നിക്ഷേപകൻ വിക്രം ഗുപ്ത

Sunday, Dec 14, 2025
Reported By Admin
Kerala Can Emerge as Global Innovation Hub: Vikram Gupta

തിരുവനന്തപുരം: കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ആഗോള ഇന്നൊവേഷൻ ഹബ്ബായി ഉയർന്നു വരാനുള്ള സാധ്യത യാഥാർത്ഥ്യമാക്കാൻ ധനസമാഹരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐവിക്യാപ് വെഞ്ചേഴ്സിൻറെ സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ വിക്രം ഗുപ്ത അഭിപ്രായപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2025-ൽ 'കേരളത്തിൻറെ നിമിഷം: പ്രതിഭയിൽ നിന്ന് വളർച്ചയിലേക്ക്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥകൾ ആഗോള ഹബ്ബുകൾ എന്ന നിലയിൽ വളർച്ച നേടിയിട്ടുണ്ടെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി. കേരളത്തിൻറെ അടിത്തറ ശക്തമായതിനാലും, നിലവിലെ ശ്രദ്ധ ഡീപ്ടെക്, എമർജിംഗ് ടെക് എന്നിവയിലായതിനാലും, ഈ മേഖലയിലെ സ്റ്റാർട്ടപ്പ് ഹോട്ട്സ്പോട്ടായി ഉയർന്നുവരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. മികച്ച പ്രതിഭയും ശക്തമായ അടിസ്ഥാന സൗകര്യങ്ങളും ഉള്ള കേരളത്തിൻറെ ആവാസ വ്യവസ്ഥ മൂല്യത്തിൽ 147 ശതമാനം വർദ്ധനവാണ് നേടിയതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് ഇപ്പോൾ അടിയന്തിരമായി ആവശ്യമുള്ളത് കൂടുതൽ ആക്സിലറേഷൻ ഫണ്ടിംഗാണ്. അതിനായി ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (എഐഎഫ്) മാതൃക പ്രയോജനപ്പെടുത്താനാകും. പ്രവാസി അടിത്തറ ബൃഹത്തായതിനാൽ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിന് എൻഡോവ്മെൻറ് മാതൃക ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ നേതൃത്വത്തിലുള്ള പ്രൊഫഷണൽ എൻഡോവ്മെൻറ് വഴി സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ദീർഘകാല കരുതൽ ധനം സ്വരൂപിക്കാൻ സഹായിക്കും. മൂലധനവും പ്രതിഭയും യോജിപ്പിക്കുക, ഡീപ്ടെക് അഗ്രി-ഫുഡ് എന്നിവയ്ക്കുള്ള പാത നിർമ്മിക്കുക, നിക്ഷേപകരെയും കോർപ്പറേറ്റ് പങ്കാളിത്തവും വർദ്ധിപ്പിക്കുക എന്നിവയിലും കേരളം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2033-ഓടെ ഇന്ത്യയുടെ വെഞ്ച്വർ കാപിറ്റൽ ഫണ്ടിംഗ് ടെക് മേഖലയുടെ പിൻബലത്തിൽ 45 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ ഫണ്ടുകളുടെ വളർച്ച, ആഭ്യന്തര മൂലധനത്തിൻറെ വളർച്ച, വിസി ഫണ്ടുകളുടെ ഏകീകരണം, മെച്ചപ്പെട്ട എക്സിറ്റ് അന്തരീക്ഷം എന്നിവയാണ് ഫണ്ടിംഗിലെ ഉയർന്നുവരുന്ന ട്രെൻഡുകളെന്നും അദ്ദേഹം പറഞ്ഞു.

ക്യാപിറ്റൽ വിത്ത് കൺവിക്ഷൻ, റി തിങ്കിംഗ് ഇന്ത്യാസ് ഫണ്ടിംഗ് ഡിഎൻഎ ത്രൂപേഷ്യൻറ് ക്യാപിറ്റൽ, എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വെഞ്ച്വർ ഫണ്ടിംഗ് അവരുടെ പരമ്പരാഗത മാനദണ്ഡങ്ങൾക്കപ്പുറത്തേക്ക് പോകേണ്ട ഒരു ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന് പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. ബ്ലൂം വെഞ്ചേഴ്സ് പാർട്ണർ രഞ്ജിത്ത് മേനോൻ, വാട്ടർബ്രിഡ്ജ് വെഞ്ചേഴ്സിലെ നിക്ഷേപകയായ അഞ്ജലി സോസാലെ, അഡ്വാൻറേജ് മാനേജിംഗ് പാർട്ണർ കുനാൽ ഖട്ടാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.