Sections

സാങ്കേതികവിദ്യ പുതിയ അവസരങ്ങൾ തുറക്കുന്ന ഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Monday, Dec 15, 2025
Reported By Admin
Kerala Emerging as a Future-Ready Tech and Startup Hub: CM

തിരുവനന്തപുരം: സാങ്കേതികവിദ്യ പുതിയ അവസരങ്ങൾ തുറക്കുകയും ഓരോ പൗരനെയും ശാക്തീകരിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളർന്നുവരുന്ന സുപ്രധാന സാങ്കേതിക മേഖലയിൽ കേരളം നിർമായ നേട്ടങ്ങൾ കൈവരിക്കുന്ന വേളയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ-2025 ൽ 'കേരള ഫ്യൂച്ചർ ഫോറം: എ ഡയലോഗ് വിത്ത് ദി ചീഫ് മിനിസ്റ്റർ' എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോള പങ്കാളിത്തങ്ങൾ പ്രാദേശിക മുന്നേറ്റങ്ങൾക്ക് ഇന്ധനമാകുകയും സർവകലാശാലകൾ നവീകരണത്തിൻറെ ശക്തികേന്ദ്രങ്ങളായി മാറുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭക മേഖലയിൽ പ്രവർത്തിക്കാനും സ്വപ്നം കാണാനും പുതിയ ഉയരങ്ങൾ താണ്ടാനും പറ്റിയ സ്ഥലമാണിതെന്ന ചിന്ത ചെറുപ്പക്കാർക്കിടയിൽ രൂപപ്പെടുത്താൻ കേരളത്തിനായിട്ടുണ്ട്. ഗവേഷണത്തെ പ്രശ്ന പരിഹാരങ്ങളാക്കി മാറ്റുകയും അക്കാദമിക് മികവിനെ വ്യവസായത്തെയും സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും സ്വാധീനിക്കുന്ന നൂതനാശയങ്ങളാക്കി മാറ്റുകയും ചെയ്യുന്ന വേദിയായി സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങൾ ഉയർന്നുവരുന്നു.

സ്റ്റാർട്ടപ്പുകളുടെ വളർച്ചയുടെ അടുത്ത ഘട്ടത്തെ ശാക്തീകരിക്കുന്നതിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചും അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കിയും സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം സമാഹരിച്ചുമുള്ള എമർജിങ് ടെക്നോളജി ഹബ്ബായി കേരളം മാറുകയാണ്. ഒപ്റ്റിക്കൽ ഫൈബർ വഴി പൂർണ്ണമായും ബന്ധിപ്പിച്ചിരിക്കുന്ന സംസ്ഥാനത്തിന് ഉയർന്ന നിലവാരമുള്ള പ്രൊഫഷണലുകളുടെ സാന്നിധ്യം ഉറപ്പാക്കാനും സംസ്ഥാനത്തുടനീളമുള്ള വിജ്ഞാന വ്യവസായങ്ങളെ വികേന്ദ്രീകരിക്കാനും തുല്യമായ വളർച്ച ഉറപ്പാക്കാനും സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന മൂന്ന് താത്പര്യപത്രങ്ങൾ ചടങ്ങിൽ കൈമാറി. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്, ജർമ്മനിയിൽ നിന്നുള്ള നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി എന്നിവ തമ്മിലുള്ള ത്രികക്ഷി താത്പര്യപത്രം ലോകോത്തര ഡീപ്-ടെക് ആക്സിലറേഷൻ സൗകര്യം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതാണ്.

കേരളം വർഷങ്ങളായി നൈപുണ്യ വിദ്യാഭ്യാസത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് സെഷനിൽ സംസാരിക്കവേ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി, പറഞ്ഞു. നൈപുണ്യ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി ഏർപ്പെട്ട സഹകരണങ്ങൾ സജീവമായി പിന്തുടരുമെന്നും തിരുവനന്തപുരം കരമനയിൽ സ്കിൽ ഇന്ത്യ ഇൻറർനാഷണൽ സെൻറർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സാമൂഹിക, സാമ്പത്തിക പുരോഗതി സ്വീകരിക്കുന്ന മനോഭാവത്തിൽ മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ദുബായ് സെൻറർ ഓഫ് എഐ ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സയിദ് അൽ ഫലാസി പറഞ്ഞു. മനോഭാവത്തിലെ മാറ്റം വലിയ കുതിച്ചുചാട്ടത്തിന് എങ്ങനെ കാരണമായി എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ദുബായ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐ-റെഡി കേരളം കെട്ടിപ്പടുക്കുക, പ്രത്യേക വികസനത്തിനായി സ്പേസ്ടെക് പോലുള്ള മേഖലകൾ തിരഞ്ഞെടുക്കുക, സംസ്ഥാനത്തെ വൃത്തിയുള്ളതും മാലിന്യരഹിതവുമായി നിലനിർത്തുക എന്നിവ സംസ്ഥാനത്തിൻറെ പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നിർണായക മേഖലകളാണെന്ന് ഇൻഫോസിസ് കോ-ഫൗണ്ടറും സംസ്ഥാന സർക്കാരിൻറെ ഹൈ പവർ ഐടി കമ്മിറ്റി വൈസ് ചെയർമാനുമായ എസ്ഡി ഷിബുലാൽ അഭിപ്രായപ്പെട്ടു.

പങ്കാളിത്തവും ഇടപെടലും കണക്കിലെടുക്കുമ്പോൾ ഹഡിൽ ഗ്ലോബലിൻറെ ഈ പതിപ്പ് മികച്ച വിജയമായിരുന്നുവെന്ന് സംസ്ഥാന ഇലക്ടോണിക്സ്-ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.

ആഗോള വിപണി പ്രയോജനപ്പെടുത്തുന്നതിനായി ഉയർന്ന നിലവാരമുള്ള ആനിമേഷൻ ചിത്രങ്ങൾ നിർമ്മിക്കുന്നത് തൻറെ സംരംഭത്തിൻറെ കാതലാണെന്ന് എവിജിസി സ്റ്റാർട്ടപ്പ് ക്രാവ് കോ-ഫൗണ്ടറും നടനുമായ നിവിൻ പോളി പറഞ്ഞു.

സ്റ്റാർട്ടപ് മേഖലയിൽ കഴിഞ്ഞ 10 വർഷമായി കേരളം മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അത് നൂതനാശയങ്ങളുടെയും സംരംഭകത്വത്തിൻറെയും ആവാസവ്യവസ്ഥയെ അതിവേഗം വളരാൻ പ്രാപ്തമാക്കുന്നുണ്ടെന്നും കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സർക്കാരിൻറെ നയങ്ങളും സംരംഭങ്ങളും ഈ പരിവർത്തനത്തിന് ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറി എസ് ഷാനവാസ് സന്നിഹിതനായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.