- Trending Now:
തിരുവനന്തപുരം: ഭാവിക്ക് സജ്ജമായ ക്വാണ്ടം തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ക്വാണ്ടം സാങ്കേതികവിദ്യക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ക്വാണ്ടം ടെക്നോളജീസ് കമ്മ്യൂണിറ്റി രൂപീകരിച്ചു.
'ക്വാണ്ടം ടെക് മാട്രിക്സ്' എന്ന പരിപാടിയിൽ ഗതാഗത മന്ത്രി സി.പി ജോൺ ക്വാണ്ടം ടെക്നോളജീസ് ഇൻററസ്റ്റ് ഗ്രൂപ്പ് എന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, ക്വാണ്ടം സെൻസിംഗ്, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിൽ താൽപ്പര്യമുള്ള പഠിതാക്കൾ, ഗവേഷകർ, പ്രൊഫഷണലുകൾ എന്നിവരെ പഠന സെഷനുകൾ, മെൻറർഷിപ്പ്, വർക്ക് ഷോപ്പ്, വ്യവസായ ഇടപെടൽ എന്നിവയിലൂടെ ബന്ധിപ്പിക്കുന്ന കമ്മ്യൂണിറ്റിയായിട്ടാണ് ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
ക്വാണ്ടം ടെക്നോളജീസ് ഇൻററസ്റ്റ് ഗ്രൂപ്പ് എന്നത് ക്വാണ്ടം സാങ്കേതികവിദ്യകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേരളത്തിലെ ആദ്യത്തെ സംഘടിത കൂട്ടായ്മയാണ്. ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) പിന്തുണയ്ക്കുന്ന കേരളത്തിലെ വിദ്യാർഥി നവീകരണ, പിയർ-ലേണിംഗ് പ്ലാറ്റ്ഫോമായ മ്യൂലേണിന് കീഴിലാണ് ഇത് ആരംഭിച്ചത്.
ഇന്ത്യയുടെ നാഷണൽ ക്വാണ്ടം മിഷന് കീഴിൽ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങൾക്കായി യുവ പ്രതിഭകളെ ഒരുക്കേണ്ടതിൻറെ ആവശ്യകത മന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിൻറെ ഭാവി രൂപപ്പെടുത്തുന്നതിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. പുതിയ ആശയങ്ങൾ സ്വീകരിക്കുന്നതിൽ കേരളം എപ്പോഴും മുൻപന്തിയിലാണ്.
ഇന്ത്യയുടെ നാഷണൽ ക്വാണ്ടം മിഷൻ ആവശ്യപ്പെടുന്ന കഴിവുകളും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ക്വാണ്ടം കമ്മ്യൂണിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വാണ്ടം മെക്കാനിക്സിൻറെ അടിത്തറയും അതിൻറെ ശാസ്ത്രീയവും ദാർശനികവുമായ പ്രാധാന്യവും മുഖ്യപ്രഭാഷണത്തിൽ കൊൽക്കത്ത ജെഐഎസ് സർവകലാശാല ഉപദേഷ്ടാവ് പ്രൊഫ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ സിഎംഐ വിശദീകരിച്ചു.
ചടങ്ങിൽ ക്വാണ്ടം ടെക്നോളജീസ് ഇൻററസ്റ്റ് ഗ്രൂപ്പ് വെബ്സൈറ്റ് കാനഡയിലെ സൂപ്പർക്യു ക്വാണ്ടം ഡയറക്ടറും മെൻററുമായ മനോജ് ജോസഫ് പ്രകാശനം ചെയ്തു. കേരളത്തിൻറെ ക്വാണ്ടം ആവാസവ്യവസ്ഥയുടെ ദീർഘകാല വളർച്ചയെ പിന്തുണയ്ക്കുന്ന പ്രഖ്യാപനങ്ങൾ, പഠന വിഭവങ്ങൾ, പരിപാടികൾ, കമ്മ്യൂണിറ്റി ഇടപെടൽ എന്നിവയ്ക്കുള്ള കേന്ദ്ര പ്ലാറ്റ്ഫോമായിരിക്കും ഈ വെബ്സൈറ്റ്.
സൂപ്പർക്യു ക്വാണ്ടത്തിൻറെ പിന്തുണയോടെയും ആപ്ലിക്കേഷൻ പങ്കാളിയായ നാനോസ്റ്റഫ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്നതുമായ ക്വാണ്ടം കമ്പ്യൂട്ടിംഗ് ലബോറട്ടറി സിമുലേഷൻ പ്ലാറ്റ്ഫോമായ ചാറ്റ്ക്യുഎൽഎമ്മിൻറെ തത്സമയ പ്രദർശനവും നടന്നു.
'ക്വാണ്ടം കമ്പ്യൂട്ടിംഗ് ഉപയോഗിച്ചുള്ള പോർട്ട്ഫോളിയോ ഒപ്റ്റിമൈസേഷൻ' എന്ന വിഷയത്തിൽ നടന്ന സാങ്കേതിക സെഷനിൽ ക്വാണ്ടം അൽഗോരിതങ്ങൾ യഥാർഥ ലോകത്തിലെ സാമ്പത്തിക ഒപ്റ്റിമൈസേഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ എങ്ങനെ പ്രയോഗിക്കാമെന്ന് ഡോ. ഫാത്തിമ നിഹ്ല ലത്തീഫ് വിശദീകരിച്ചു. പരമ്പരാഗത കമ്പ്യൂട്ടിംഗിനപ്പുറം വ്യവസായങ്ങളിലുടനീളം ക്വാണ്ടം സാങ്കേതികവിദ്യകളുടെ വർധിച്ചുവരുന്ന പ്രസക്തി സെഷൻ പ്രകടമാക്കി.
പ്ലാറ്റിനം സ്പോൺസറായ ആൾട്ടോസ് കമ്പ്യൂട്ടിംഗ് (ഏസർ ഗ്രൂപ്പ് കമ്പനി), കൂടാതെ നാനോസ്റ്റഫ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സൂപ്പർ ക്യു ക്വാണ്ടം കമ്പ്യൂട്ടിംഗിൻറെ (സിഎസ്ഇ:ക്യുബിടിക്യു) ചാറ്റ് ക്യുഎൽഎം, എബിസ് ടെക്നോളജീസ് എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
50-ലധികം വിദ്യാർഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, ഗവേഷകർ, വ്യവസായ പ്രൊഫഷണലുകൾ, സാങ്കേതികവിദ്യയയിൽ അഭിരുചിയുള്ളവർ എന്നിവരെ ഈ പരിപാടി ഒരുമിച്ച് കൊണ്ടുവന്നു.
കേരളത്തിൽ ഊർജ്ജസ്വലമായ ക്വാണ്ടം ടെക്നോളജി കമ്മ്യൂണിറ്റി വളർത്തിയെടുക്കുന്നതിനും ഈ മേഖലയിലെ ഉയർന്നുവരുന്ന അവസരങ്ങൾക്കായി പഠിതാക്കളെ സജ്ജമാക്കുന്നതിനുമായി ഗ്രൂപ്പ് പതിവായി പഠന സെഷനുകൾ, വിദഗ്ധരുടെ പ്രഭാഷണങ്ങൾ, ഓഫീസ് അവേഴ്സ്, കൂട്ടായ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.