Sections

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

Wednesday, Jun 10, 2026
Reported By Admin
KCL 2026 to Begin on August 20 in Thiruvananthapuram

കേരളത്തിലെ കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ തിരുവനന്തപുരത്ത് നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) ആസ്ഥാനത്ത് നടന്ന ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് ലീഗിന്റെ തീയതികളും ജൂലൈ ആദ്യവാരം നടക്കുന്ന താരലേലത്തിന്റെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് സീസണുകളുടെയും വൻ വിജയത്തിന് പിന്നാലെ, കൂടുതൽ മികവോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും മൂന്നാം പതിപ്പ് ഒരുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. മുൻ സീസണുകളിലെപ്പോലെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, അദാനി ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസ്, കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നീ ആറ് കരുത്തരായ ഫ്രാഞ്ചൈസികളാണ് ഇത്തവണയും കിരീടത്തിനായി കളം നിറയുക. രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിലൊന്നായി കെ.സി.എൽ അതിവേഗം മാറിയെന്നും, സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണിതെന്നും കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ വ്യക്തമാക്കി. യുവതാരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും (IPL) തുടർന്ന് ഇന്ത്യൻ ടീമിലേക്കുമുള്ള വഴിതുറക്കാൻ കെ.സി.എൽ വലിയൊരു പാലമായി മാറുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ.സി.എ ട്രഷറർ അജിത്ത് കുമാർ, ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസർ മച്ചാൻ, ഗവേണിംഗ് കൗൺസിൽ മെമ്പർ നവാസ് പി.ജെ, സി.ഇ.ഓ/സി.എഫ്.ഓ മിനു ചിദംബരം, കെ.സി.എൽ ഡയറക്ടർ രാജേഷ് തമ്പി എന്നിവരും പങ്കെടുത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നവീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, തത്സമയ സംപ്രേഷണം എന്നിവയോടെ മൂന്നാം സീസൺ ചരിത്രവിജയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. രാജ്യത്തെ പ്രാദേശിക ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഒന്നായി കെ.സി.എൽ ഇതിനകം മാറിക്കഴിഞ്ഞു. രണ്ടാം സീസണിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷത്തി നാല്പതിനായിരം പേരും മത്സരം തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിന് (TNPL) കഴിഞ്ഞ വർഷം രണ്ട് കോടി അൻപത്തി നാലായിരം കാഴ്ചക്കാരും, കർണാടകയുടെ മഹാരാജ പ്രീമിയർ ലീഗിന് രണ്ട് കോടി പത്ത് ലക്ഷം കാഴ്ചക്കാരും മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഈ വൻ കുതിപ്പ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.