Sections

കേരളത്തിൻറെ അടുത്തഘട്ട വികസനത്തിന് കൂടുതൽ പങ്കാളിത്ത മാതൃകകൾ പ്രയോജനപ്പെടുത്തണം: മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി എം.ഡി

Wednesday, Aug 19, 2026
Reported By Admin
Kerala Needs Collaborative Development Models for Its Next Growth Phase, Says Muthoot Group DMD

  • ടെക്നോപാർക്ക് വോഡ് കാസ്റ്റ് പരമ്പരയിൽ

  • മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി എം.ഡി ജോർജ് എം. ജോർജ്

തിരുവനന്തപുരം: കേരളത്തിൻറെ അടുത്തഘട്ട വികസനത്തിന് കൂടുതൽ പങ്കാളിത്ത വികസന മാതൃകകൾ ആവശ്യമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു. ആളുകൾക്ക് താമസിക്കാനും ജോലി ചെയ്യാനും ഭാവി തലമുറയെ വളർത്താനും ആഗ്രഹിക്കുന്ന മികച്ച കേന്ദ്രമായി കേരളം മാറുന്നതിന് അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെക്നോപാർക്കിൻറെ 'ആസ്പയർ: സ്റ്റോറീസ് ഓഫ് ഇന്നവേഷൻ' എന്ന വോഡ് കാസ്റ്റ് പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയോജിത വികസന മാതൃകയ്ക്കായി എല്ലാ മേഖലകളിലുള്ളവർക്കും ഒത്തുചേരാനും ആശയങ്ങൾ പങ്കുവെക്കാനും സാധിക്കുന്നയിടങ്ങൾ കേരളം രൂപീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മിക്ക സാമൂഹിക, വികസന സൂചികകളിലും കേരളം മുന്നിലാണ്. ഈ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് തുല്യമാണ് കേരളത്തിൻറെ സ്ഥാനം.

എന്നാൽ അടുത്ത ഘട്ടമെന്ന നിലയിൽ വിവിധ ആവാസവ്യവസ്ഥകളിലെ പങ്കാളികൾ ഒന്നിച്ചു പ്രവർത്തിക്കുന്ന സംയോജിത വികസന പങ്കാളിത്ത മാതൃക നമുക്ക് ആവശ്യമാണ്. അത്തരം ശ്രമങ്ങൾ ഇതിനകം ആരംഭിച്ചതായി കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാർട്ടപ്പ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ടെക്നോപാർക്കിന് കൂടുതൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്. കൊച്ചിയിലെ സ്റ്റാർട്ടപ്പ് വില്ലേജ് പോലുള്ള പദ്ധതികളിലൂടെ ശക്തമായ ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ നാം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. വിപ്ലവകരമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ യുവ പ്രതിഭകളെ ആകർഷിക്കുന്ന ടെക്നോപാർക്ക് പോലുള്ള ഇടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎസ്ആർ പ്രവർത്തനങ്ങളുടെ മാറിയ ആശയങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം കോർപ്പറേറ്റ് സ്ഥാപനങ്ങൾ തങ്ങളുടെ പ്രധാന ബിസിനസ്സ് മാതൃകയിലേക്ക് സിഎസ്ആറിനെ സംയോജിപ്പിക്കണമെന്ന് പറഞ്ഞു.

സിഎസ്ആർ പ്രവർത്തനങ്ങൾ ദീർഘകാല പദ്ധതികളായി കോർപ്പറേറ്റുകൾ പ്ലാൻ ചെയ്യണം. ഈ പ്രവർത്തനങ്ങൾ ഗുണഭോക്താക്കളുടെയും സമൂഹത്തിൻറെയും ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനം നിരന്തരം വിലയിരുത്തേണ്ടതും പ്രധാനമാണ്. സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത 'കപ്പ് ഫോർ ലൈഫ്' എന്ന മുത്തൂറ്റിൻറെ സിഎസ്ആർ പ്രവർത്തനം ഇതിനൊരു ഉദാഹരണമാണ്. ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പെൺകുട്ടികളുടെ സ്കൂൾ ഹാജർനില വർദ്ധിപ്പിക്കാനും ഇത് സഹായിച്ചു. മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ അവർക്ക് സാധിക്കുന്നു. ആർത്തവത്തെക്കുറിച്ചുള്ള സമൂഹത്തിൻറെ കാഴ്ചപ്പാടിനെ മാറ്റാൻ അതു സഹായകമാകും.

പരിസ്ഥിതി സൗഹൃദപരമായ ശുചിത്വ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയിലും സാമൂഹിക കാഴ്ചപ്പാടുകളിലും മാറ്റം വരുത്താൻ ഈ പദ്ധതി സഹായിക്കുന്നുണ്ട്. വിവിധ തലങ്ങളിൽ ഇത് സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.