Sections

കേരള ബജറ്റ്: വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യസുരക്ഷയ്ക്കും 2000 കോടി

Friday, Mar 11, 2022
Reported By Admin
budjet

സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും


ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് വേണ്ടി. വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ബജറ്റില്‍ 2000 കോടി വകയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി  അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. 

യുദ്ധത്തിന് ശേഷം വന്‍ വിലക്കയറ്റമാണുള്ളത്. വിലക്കയറ്റത്തെ നേരിടാന്‍ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുകള്‍പ്പെറ്റതാണ്. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വര്‍ധിപ്പിക്കാനായെന്നും ആ നല്ല  മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. 

നവകേരളം ലക്ഷ്യമിട്ട് ബജറ്റാണ് അവതരിപ്പിക്കുന്നത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ പ്രശംസ നേടുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു. സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും. സര്‍വകലാശാല ക്യാമ്പസുകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ യൂണിറ്റ് തുടങ്ങും. ഹോസ്റ്റലുകളോട് ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ഹോസ്റ്റലുകള്‍ ആരംഭിക്കും. തിരുവന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ കേന്ദ്രം തുടങ്ങും. ഇതിന് കിഫ്ബി വഴി 100 കോടി അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 

ദീര്‍ഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റാണ് ഇന്നവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിന് അനുസരിച്ചുള്ള പ്രഖ്യാപനമാണ് നടത്തിയത്. കേരളത്തിന്റെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായതിനാല്‍ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ബജറ്റ് അവതരണത്തിനായി സഭയിലേക്ക് പോകും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.