- Trending Now:
പർമേഷ് ഷഹാനി ഗോദ്റെജ് ഇൻഡസ്ട്രീസ്
എല്ലാവരേയും ഉൾപ്പെടുത്തുന്നതും മാനസിക ആരോഗ്യവും ജോലി സ്ഥലങ്ങളിൽ പ്രത്യേകമായി കാണേണ്ട ഒന്നല്ല. ഓരോ വ്യക്തിക്കും തങ്ങളുടേതായ സ്വത്തം കൈവിടാതെ തന്നെ തങ്ങളുടെ വ്യക്തിത്വം സൂക്ഷിച്ചു കൊണ്ട് മികച്ച രീതിയിൽ തൊഴിലിടങ്ങളിൽ മുന്നോട്ടു പോകാനാവണം. എൽജിബിടിക്യൂഐഎപ്ലസ് ജീവനക്കാർക്ക് അവരുടെ ക്ഷേമം എന്നത് വ്യക്തിത്വവുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
ലിംഗഭേദത്തോടു കൂടിയ മാനസിക ആരോഗ്യ ചട്ടക്കൂടുകൾക്കും അപ്പുറത്താണ് തൊഴിലിടങ്ങളിലെ ക്ഷേമത്തിൻറെ പ്രാധാന്യമെന്ന് ഇന്നു പുരോഗമന സ്ഥാപനങ്ങൾ മനസിലാക്കുന്നുണ്ട്. ലിംഗം, ലൈഗിതക, ഭിന്നശേഷി, ന്യൂറോ വൈവിധ്യം, ജീവനക്കാരുടെ ജീവിത അനുഭവങ്ങൾ എന്നിവയിലെ വ്യത്യാസങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. ക്വീർ വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴിലിടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാരംഭഘട്ടം മാനസികമായ സുരക്ഷിതത്വമാണ്. മുൻവിധിയോടെ അവർ വീക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. അവർ ആരെന്നതിൻറെ അടിസ്ഥാനത്തിലുള്ള വിവേചനവും വ്യത്യാസവും ഉണ്ടാകാനും പാടില്ല. തങ്ങൾ ബഹുമാനിക്കപ്പെടുന്നു എന്ന് ജനങ്ങൾക്ക് തോന്നലുണ്ടാകുമ്പോൾ സമ്മർദ്ദത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇല്ലാതാകുന്നു. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആത്മവിശ്വാസം വളർത്താനും ജോലിയിൽ കൂടുതലായി മുഴുകാനും ഇതു വഴിയൊരുക്കുന്നു.
എന്നിരുന്നാലും ഉൾപ്പെടുത്തൽ എന്നത് ഒരിക്കലും വെറുമൊരു പ്രഹസനമാകരുത്. ഇത്തരം കാര്യങ്ങളിൽ ഒറ്റത്തവണത്തേക്കുള്ള പ്രചാരണമോ കേവലം പ്രകടനങ്ങളോ കൊണ്ടായില്ല. സ്ഥാപനത്തിൻറെ രീതികളിലും ദൈനംദിന പ്രവർത്തനങ്ങളിലും ഇവയെല്ലാം ഉൾപ്പെടുത്തിയാലേ എല്ലാവരേയും ഉൾക്കൊള്ളിച്ചുള്ള മുന്നേറ്റം യാഥാർത്ഥ്യമാകൂ. പങ്കാളികൾക്ക് ആരോഗ്യ സേവന ആനുകൂല്യങ്ങൾ ലഭ്യമാക്കൽ, എൽജിബിടിക്യൂഐഎപ്ലസ് വിഷയങ്ങൾ മനസിലാകുന്ന മാനസികാരോഗ്യ പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കൽ, കൃത്യമായ നയങ്ങൾ നടപ്പാക്കൽ, ആശയ വിനിമയങ്ങൾക്കും പരാതി പരിഹാരത്തിനും സുരക്ഷിതമായ ചാനലുകൾ സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം ഇതിൻറെ ഭാഗമായി നടത്തണം. ഇത്തരം നടപടികൾ കൃത്യമായ ആലോചനയോടെ നടപ്പിലാക്കുമ്പോൾ വൈവിധ്യത്തെ വെറുമൊരു ഔദ്യോഗിക കടമയായി കാണുന്നതിന് പകരം ജീവനക്കാരുടെ ക്ഷേമത്തിന് സ്ഥാപനം യഥാർത്ഥ മൂല്യം നൽകുന്നു എന്ന സന്ദേശമാണ് അത് നൽകുന്നത്.
ജീവനക്കാരുടെ ലൈംഗിക അഭിരുചിയെയോ ലിംഗ സ്വത്വമോ വെളിപ്പെടുത്താൻ സ്ഥാപനങ്ങൾ ഒരിക്കലും അവരെ നിർബന്ധിക്കരുത്. പല ക്വീർ ജീവനക്കാരും തങ്ങളുടെ വ്യക്തിത്വം തൊഴിലിടങ്ങളിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവരാകാം, അവരുടെ സ്വകാര്യത എപ്പോഴും ബഹുമാനിക്കപ്പെടണം. ഒരാൾ തൻറെ സ്വത്വം വെളിപ്പെടുത്തിയോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ പിന്തുണയും ആനുകൂല്യങ്ങളും എല്ലാവർക്കും ലഭ്യമാകണം. കാലക്രമേണ, ഉൾക്കൊള്ളുന്ന നയങ്ങളും സുരക്ഷിതമായ അന്തരീക്ഷവും തങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവെക്കാൻ ജീവനക്കാർക്ക് ആത്മവിശ്വാസം നൽകിയേക്കാം, എങ്കിലും അത്തരം തീരുമാനങ്ങൾ പൂർണ്ണമായും വ്യക്തിപരമായിരിക്കണം.
ജീവനക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും അവരെ സ്ഥാപനത്തിൽ നിലനിർത്തുന്നതിലും മാനസിക സുരക്ഷിതത്വം നിർണ്ണായക പങ്ക് വഹിക്കുന്നു. ക്വീർ ജീവനക്കാർക്ക് തങ്ങൾ സുരക്ഷിതരാണെന്നും പിന്തുണയ്ക്കപ്പെടുന്നുണ്ടെന്നും തോന്നുമ്പോൾ, അവർക്ക് അവരുടെ ഊർജ്ജം സർഗ്ഗാത്മകതയിലേക്കും സഹകരണത്തിലേക്കും പ്രശ്നപരിഹാരങ്ങളിലേക്കും ഫലപ്രദമായി കേന്ദ്രീകരിക്കാൻ കഴിയും.വൈകാരികമായി സുരക്ഷിതമായ തൊഴിലിടങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങൾ വൈവിധ്യമാർന്ന പ്രതിഭകളെ ആകർഷിക്കാനും സാധിക്കുന്നു. ആളുകൾക്ക് തുറന്ന മനസ്സോടെ തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാൻ സാധിക്കുമ്പോൾ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവിടെ വളരുകയും, ഇഅതിലൂടെ ടീം പ്രവർത്തനങ്ങളും ബിസിനസ്സ് വിജയത്തെയും കൂടുതൽ ശക്തമാകുകയും ചെയ്യുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ മാനസിക ആരോഗ്യമെന്നത് സാമൂഹിക, സാംസ്ക്കാരിക യാഥാർത്ഥ്യങ്ങളുടെ ആഴത്തിലുള്ള സ്വാധീനത്തിനു വിധേയമാണെന്നതും ഇതോടൊപ്പം മനസിലാക്കേണ്ടതുണ്ട്. എൽജിബിടിക്യൂഐഎപ്ലസ് ജീവനക്കാർക്ക് സുരക്ഷിതരാണെന്ന് തൊഴിലിടങ്ങളിൽ തോന്നലുണ്ടാകുന്നത് അവരുടെ മാനസിക ക്ഷേമത്തെ പ്രത്യക്ഷമായി തന്നെ സ്വാധീനിക്കുന്നതാണ്. ഇക്കാര്യം മനസിലാക്കുന്ന സ്ഥാപനങ്ങൾ സമഗ്രമായ സംവിധാനങ്ങളും ജിവനക്കാർക്ക് പിന്തുണയും നൽകും. ഈ ബന്ധം തിരിച്ചറിയുന്ന സ്ഥാപനങ്ങൾക്ക് ജീവനക്കാരെ കേവലം തൊഴിലാളികളായല്ല, മറിച്ച് വ്യക്തികളായി കണ്ട് പിന്തുണയ്ക്കുന്ന സമഗ്രമായ സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കും. ഈ യാത്രയിലെ പ്രധാന ഘട്ടങ്ങൾ എന്നത് സാമൂഹികമായ മാറ്റിനിർത്തലുകൾ ഇല്ലാതാക്കുക, തുറന്ന സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, വിശ്വാസം വളർത്തുക എന്നിവയാണ്.
വികസിത് ഭാരത് 2047 എന്നതിനൊപ്പം എല്ലാവരേയും ഉൾപ്പെടുത്തിയുള്ള തൊഴിലിടങ്ങൾ എന്നത് സാധ്യമാക്കാൻ നയങ്ങൾക്കും അപ്പുറത്തേക്കു പോയി ദീർഘകാല സാംസ്ക്കാരിക മാറ്റങ്ങളിലേക്കാവും ചെല്ലുന്നത്. ഇവിടെ നേതൃത്വത്തിന് നിർണായക പങ്കുണ്ട്. നേതാക്കൾ സജീവമായി പിന്തുണ പ്രകടിപ്പിക്കുകയും, ഉഎല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരുകയും,തങ്ങളുടെ പരിമിതികൾ തുറന്നുപറയാൻ തയ്യാറാവുകയും ചെയ്യുമ്പോൾ, വിശ്വാസത്തിലും ഉൾപ്പെടലിലും അടിയുറച്ച ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അത് സഹായിക്കുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്നതും മാനസികമായി ആരോഗ്യകരവുമായ തൊഴിലിടങ്ങൾ കെട്ടിപ്പടുക്കുക എന്നത് നിരന്തരമായ ഒരു പ്രക്രിയയാണ്. ഇതിന് ജീവനക്കാരെ തുടർച്ചയായി ശ്രദ്ധിക്കുന്നതും, അവരുടെ അഭിപ്രായങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നതും, കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതും അത്യാവശ്യമാണ്. തങ്ങളുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉൾക്കൊള്ളലും, ക്ഷേമവും സമന്വയിപ്പിക്കുന്നതിലൂടെ വ്യക്തികളെ പിന്തുണയ്ക്കുകയും ടീമുകളെ ശക്തിപ്പെടുത്തുകയും കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്ന കരുത്തുറ്റ സംസ്കാരം രൂപപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.