- Trending Now:
കൊച്ചി: അടിസ്ഥാന സൗകര്യ എഞ്ചിനീയറിങ് സോഫ്റ്റ്വെയർ രംഗത്തെ ആഗോള പ്രമുഖ സ്ഥാപനമായ ബെന്റ്ലി സിസ്റ്റംസ്, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സിഇടി) എന്നിവ തമ്മിൽ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഡിജിറ്റൽ അടിസ്ഥാന സൗകര്യ വിദ്യാഭ്യാസവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വ്യവസായോന്മുഖ കഴിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണം.
ധാരണാപത്രത്തിന്റെ ഭാഗമായി സിഇടി ക്യാമ്പസിൽ 'സെന്റർ ഓഫ് ഇൻഫ്രാസ്ട്രക്ചർ ഇന്നവേഷൻ' സ്ഥാപിക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രായോഗിക പരിശീലനം, ഗവേഷണം, പ്രത്യേക പരിശീലന പരിപാടികൾ എന്നിവയ്ക്കായി പ്രത്യേക സൗകര്യം ഇവിടെ ഒരുക്കും. സുസ്ഥിര രൂപകൽപ്പന, ഡിജിറ്റൽ കൺസ്ട്രക്ഷൻ രീതികൾ, എഐയും ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യയും ഉപയോഗിച്ച ആസ്തി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ബെന്റ്ലിയുടെ മൈക്രോസ്റ്റേഷൻ, ഓപ്പൺറോഡ്സ്, ഓപ്പൺഫ്ളോവ്സ് തുടങ്ങിയ പ്രമുഖ സോഫ്റ്റ്വെയറുകൾ വിദ്യാർത്ഥികൾക്ക് നേരിട്ട് ഉപയോഗിച്ച് പഠിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ ബെന്റ്ലി എഡ്യുക്കേഷൻ പ്ലാറ്റ്ഫോം മുഖേന സർട്ടിഫിക്കേഷൻ, പ്രോജക്ട് അധിഷ്ഠിത പരിശീലനം തുടങ്ങിയവയും ലഭ്യമാക്കും.
ഇന്ത്യയിലെ അടുത്ത തലമുറ അടിസ്ഥാന സൗകര്യ വിദഗ്ധരെ വളർത്തിയെടുക്കുന്നതിൽ തങ്ങൾ പ്രതിബദ്ധരാണെന്നും സിഇടിയുമായുള്ള സഹകരണം ഡിജിറ്റൽ പഠനവും ഗവേഷണവും ശക്തിപ്പെടുത്തുമെന്നും ബെന്റ്ലി സൗത്ത് ഏഷ്യ റീജിയണൽ എക്സിക്യൂട്ടീവ് കമലാകണ്ണൻ തിരുവാടി പറഞ്ഞു.
ബെന്റ്ലി സിസ്റ്റവുമായുള്ള ധാരണാപത്രം സിഇടിക്ക് ഒരു പ്രധാന നേട്ടമാണെന്നും വിദ്യാർത്ഥികൾക്ക് ആധുനിക സാങ്കേതികവിദ്യകളിൽ കൂടുതൽ പ്രായോഗിക പരിചയം നേടാൻ ഇത് സഹായിക്കുമെന്നും സിഇടി പ്രിൻസിപ്പൽ ഡോ. സുരേഷ് കെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.