Sections

നെക്സ്റ്റ് ജെൻ ഫിനാൻസ് എഐ സമ്മേളനത്തിന് ടെക്‌നോപാർക്കിൽ തുടക്കം

Sunday, Feb 15, 2026
Reported By Admin
Next Gen Finance AI Summit 2026 Begins at Technopark

രണ്ട് ദിവസത്തെ ഐസിഎംഎഐ പരിപാടി എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം: ഫിനാൻസ്-അക്കൗണ്ടിംഗ് മേഖലയിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗത്തെയും അതിൻറെ സ്വാധീനത്തെയും സംബന്ധിച്ചുള്ള രണ്ട് ദിവസത്തെ സമ്മേളനത്തിന് ടെക്നോപാർക്കിൽ തുടക്കമായി.

'നെക്സ്റ്റ് ജെൻ ഫിനാൻസ് എഐ സമ്മിറ്റ് 2026' എന്ന പേരിൽ നടക്കുന്ന ഈ പരിപാടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎംഎഐ) പ്രൊഫഷണൽ ഡെവലപ്മെൻറ് ആൻഡ് സിപിഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടെക്നോപാർക്ക്, ഐസിഎംഎഐയുടെ എസ്ഐആർസിയും തിരുവനന്തപുരം ചാപ്റ്ററും ചേർന്ന് സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

എഐ ഉപയോഗിച്ച് ഫിനാൻസ്-അക്കൗണ്ടിംഗ് മേഖലയെ എങ്ങനെ പുനർനിർമ്മിക്കാം എന്നതാണ് ഫെബ്രുവരി 14,15 തീയതികളിൽ നടക്കുന്ന ഈ സമ്മേളനത്തിൻറെ ലക്ഷ്യം.

'ട്രാൻസ് ഫോമിങ് ഫിനാൻസ് വിത്ത് എഐ ഫ്രം ഓട്ടോമേഷൻ ടു ഇൻസൈറ്റ്' എന്ന പ്രമേയത്തിലൂന്നി നടക്കുന്ന സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ഐസിഎംഎഐ പ്രസിഡൻറ് ശ്രീനിവാസ പ്രസാദ് അധ്യക്ഷനായിരുന്നു.

ഉത്തരവാദിത്തത്തോടെയും ശാസ്ത്രീയമായും എഐ ഉപയോഗിച്ച് ഫിനാൻസ് മേഖലയെ കൂടുതൽ ലളിതമാക്കണമെന്ന് ഫിനാൻസ് പ്രൊഫഷണലുകളോട് പ്രേമചന്ദ്രൻ നിർദേശിച്ചു.

ഫിനാൻസ് മേഖലയിലെ ജോലികൾ മാനുവൽ രീതികളിൽ നിന്ന് വിഭിന്നമായി ഡാറ്റാധിഷ്ഠിത തീരുമാനങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും അതിനാൽ തന്നെ സാങ്കേതികമായും ധാർമ്മികമായും കൂടുതൽ പ്രാവീണ്യം ആർജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഈ സമ്മേളനത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

2030 ആകുമ്പോൾ രാജ്യത്ത് എഐ സ്വാധീനത്തിലൂടെ നിലവിലുള്ള ജോലികളിൽ ഏകദേശം 25 ശതമാനത്തോളം ഇല്ലാതാകുമെന്ന് മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യം മറികടക്കാൻ എഐ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഇത് ഐസിഎംഎഐയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു. ഫിനാൻസ് മേഖലയിൽ നടക്കുന്ന അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് വിദഗ്ധരെയും പ്രൊഫഷണലുകളെയും സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിനാൻസ് രംഗത്ത് എഐ അധിഷ്ഠിത മാനേജ്മെൻറ് എന്നത് ചെലവ് നിയന്ത്രണത്തിൽ മാത്രം ഒതുങ്ങുന്നതല്ല, വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുന്നത് സംബന്ധിച്ച് കൂടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎംഎഐ തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ പ്രണവ് ജയൻ സ്വാഗതം ആശംസിച്ചു. ഐസിഎംഎഐയിലെ വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ കമ്മിറ്റി ചെയർമാൻ സുരേഷ് ആർ ഗുഞ്ചാലി, ഐസിഎംഎഐയുടെ എസ്ഐആർസി റീജിയണൽ കൗൺസിൽ അംഗങ്ങളായ ഗോമതി ശങ്കർ, പ്രവീൺകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫിനാൻസ് മേഖലയിലെ വിദഗ്ധർ, വ്യവസായ നേതാക്കൾ, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ഈ സമ്മേളനം അറിവ് പങ്കിടുന്നതിനും മുന്നോട്ടുള്ള ചർച്ചകൾക്കുമുള്ള വേദിയാണ്.

ഉദ്ഘാടന ദിവസം ഫിനാൻസ് ഓട്ടോമേഷൻ, ഗൂഗിൾ ആപ്സ്, സ്ക്രിപ്റ്റ്, വിബിഎ ഓട്ടോമേഷൻ ആൻഡ് വൈബ് കോഡിംഗ് തുടങ്ങിയ വിഷയങ്ങളിൽ സെഷനുകളും റോബോട്ടിക് ഷോയും നടന്നു.

രണ്ടാം ദിവസം ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, റിസ്ക് അനാലിസിസ്, കോസ്റ്റിംഗ് ഡിജിറ്റൽ മോഡൽ തുടങ്ങിയ വിഷയങ്ങളിലുള്ള സെഷനുകൾ നടക്കും.

രണ്ട് ദിവസത്തെ പരിപാടിയിൽ ഇൻററാക്ടീവ് സെഷനുകൾ, ലൈവ് ഡെമോൺസ്ട്രേഷനുകൾ, വിദഗ്ധർ നയിക്കുന്ന ചർച്ചകൾ എന്നിവ ഉണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.