Sections

കേരളത്തിലെ ജൂത വനിതാ സംഗീത പാരമ്പര്യം വിളിച്ചോതി 'കാർകുഴലി' സംഗീത വിരുന്ന്  ശ്രദ്ധേയമായി

Friday, Jan 09, 2026
Reported By Admin
“Karkuzhali” Jewish Women’s Songs Revived at Spice Routes Conference

കൊച്ചി: കേരളത്തിലെ ജൂത വനിതകളുടെ സമ്പന്നമായ സംഗീത പാരമ്പര്യം വിളിച്ചോതുന്ന 'കാർകുഴലി' പാട്ടുകളുടെ സംഗീതാവിഷ്കാരം അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോൺഫറൻസിൻറെ ഭാഗമായി അരങ്ങേറി. മധ്യകേരളത്തിൽ വാമൊഴിയായി പ്രചരിച്ചിരുന്ന ജൂതപ്പാട്ടുകളുടെ ശേഖരം പരേതനായ പ്രൊഫ. സ്കറിയ സക്കറിയയാണ് 'കാർകുഴലി' എന്ന പേരിൽ സമാഹരിച്ചത്.

മുസിരിസ് പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക രശ്മി സതീഷ് കാർകുഴലിയിലെ പാട്ടുകൾ വേദിയിൽ അവതരിപ്പിച്ചു. സമാഹാരത്തിൻറെ പുസ്തകരൂപം പറവൂർ നഗരസഭാ അധ്യക്ഷൻ രമേശ് കുറുപ്പ് ചടങ്ങ് പ്രകാശനം ചെയ്തു. ബ്രിട്ടനിലെ ഗ്ലാസ്ഗോ സർവ്വകലാശാലയിൽ നിന്നുള്ള ഡോ. ഓഫിറ ഗംലിയേൽ, മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷാരോൺ വി., അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോൺഫറൻസ് അക്കാദമിക് കൺസൾട്ടൻറ് പ്രൊഫ. എം.എച്ച്. ഇല്യാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജൂത സംഗീത പാരമ്പര്യത്തെക്കുറിച്ച് ആധികാരിക പഠനം നടത്തിയ ഡോ. ഓഫിറ, ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കേരളത്തിൻറെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പൈസ് റൂട്ട് കോൺഫറൻസിൻറെ ഭാഗമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. കാലത്തെ അതിജീവിച്ച ഈ പാട്ടുകൾ സംരക്ഷിക്കുന്നതിനോടൊപ്പം പുതിയ തലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കുക എന്നതും ഇതിൻറെ ലക്ഷ്യമാണെന്ന് ഷാരോൺ വി ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടുകളായി കേരളത്തിലെ ജൂത സ്ത്രീകൾ തലമുറകളിലേക്ക് കൈമാറി സൂക്ഷിച്ചുപോന്ന ഈ വായ്പ്പാട്ടുകൾ കൊച്ചിയുടെ സാമൂഹിക ജീവിതത്തെയും പ്രകൃതിയെയും കുറിച്ചുള്ള കൃത്യമായ അടയാളപ്പെടുത്തലുകളാണ്. കൊച്ചിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം, പരിസ്ഥിതി, പക്ഷിമൃഗാദികൾ, കൊതുകുകൾ തുടങ്ങിയവയെക്കുറിച്ച് വരെ അതിസൂക്ഷ്മമായ വിവരണങ്ങൾ ഈ പാട്ടുകളിൽ ഉൾക്കൊള്ളുന്നു എന്നത് ഇതിൻറെ സാംസ്കാരിക പ്രാധാന്യം വർദ്ധിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.