Sections

നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണർന്നു

Saturday, Feb 14, 2026
Reported By Admin
Nishagandhi Dance Festival 2026 Begins at Kanakakkunnu, Thiruvananthapuram

നിശാഗന്ധി നൃത്തോത്സവത്തെ ലോകസഞ്ചാരികൾ യാത്രാ ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്ന നിലയിലേക്ക് വളർത്തും: മന്ത്രി മുഹമ്മദ് റിയാസ്


  • മണിപ്പൂരി നർത്തകി ദർശന ജാവേരിയ്ക്ക് 2026 ലെ നിശാഗന്ധി പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: ടൂറിസം വകുപ്പിൻറെ 2026 ലെ നിശാഗന്ധി നൃത്തോത്സവത്തിന് കനകക്കുന്നിൽ അരങ്ങുണർന്നു. ഇനി ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകൾ ഇന്ത്യൻ ശാസ്ത്രീയ നൃത്ത വൈവിധ്യത്തിന് നൂപുരധ്വനികൾ തീർക്കും.

നൃത്തോത്സവത്തിൻറെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു.

നിശാഗന്ധി നൃത്തോത്സവത്തെ ലോകസഞ്ചാരികൾ അവരുടെ യാത്രാ ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്ന നിലയിലേക്ക് വളർത്തുകയാണ് ടൂറിസം വകുപ്പിൻറെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിനായുള്ള പദ്ധതികൾ തയ്യാറാക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. നൃത്തപ്രേമികൾക്കു പുറമേ നിരവധി ആഭ്യന്തര, വിദേശ സഞ്ചാരികളെ വർഷങ്ങളായി നിശാഗന്ധി നൃത്തോത്സവം ആകർഷിക്കുന്നുണ്ട്. കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിലയിലേക്ക് നിശാഗന്ധി നൃത്തോത്സവത്തിൻറെ തനിമ നഷ്ടപ്പെടുത്താതെ പുതുക്കി പണിയേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ വി.കെ പ്രശാന്ത് എംഎഎൽഎ അധ്യക്ഷത വഹിച്ചു.

നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ നിശാഗന്ധി പുരസ്കാരം പ്രശസ്ത മണിപ്പൂരി നർത്തകി ദർശന ജാവേരിയ്ക്ക് വി.കെ പ്രശാന്ത് എംഎഎൽഎ സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മണിപ്പൂരി നൃത്തത്തിൻറെ പാരമ്പര്യം പ്രചരിപ്പിക്കുന്നതിനും വേരറ്റ് പോകാതെ കാത്തുസൂക്ഷിക്കുന്നതിനുമായി ജീവിതം മാറ്റിവെച്ച ദർശന ജാവേരിയുടെ കലാസപര്യയ്ക്കുള്ള അംഗീകാരമായാണ് നിശാഗന്ധി പുരസ്കാരം സമ്മാനിച്ചത്. ഏകദേശം 60 വർഷമായി മണിപ്പൂരി നൃത്തമേഖലയിലുള്ള ദർശന ജാവേരിയുടെ സംഭാവനകൾ നിസ്തുലമാണ്.

1961 മുതൽ മണിപ്പൂരി നൃത്തം അവതരിപ്പിക്കാൻ കേരളത്തിൽ എത്താറുണ്ടെന്ന് ദർശന ജാവേരി പറഞ്ഞു. കേരളത്തിലെ നൃത്താസ്വാദകർ മണിപ്പൂരി ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളെയും അതിൻറെ സ്വാഭാവികതയിൽ ആസ്വദിക്കുന്നവരാണെന്നും അവർ കൂട്ടിച്ചേർത്തു.

നിശാഗന്ധി നൃത്തോത്സവം കേരള ടൂറിസം സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളിലൊന്നാണെന്നും ടൂറിസം വികസനത്തിന് ഇത്തരം സാംസ്കാരിക പരിപാടികൾ ആവശ്യമാണെന്നും സ്വാഗതപ്രസംഗത്തിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.

കൗൺസിലർ കെആർ ക്ലീറ്റസ്, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

നൃത്തോത്സവത്തോടനുബന്ധിച്ച് ഏഴു ദിവസം നീണ്ടുനിൽക്കുന്ന കഥകളി മേളയ്ക്കും കനകക്കുന്നിൽ തുടക്കമായി. ആദ്യദിവസം ലവണാസുരവധം കഥ അരങ്ങേറി. എല്ലാ ദിവസവും വൈകിട്ട് 5.30 ന് കനകക്കുന്ന് കൊട്ടാരത്തിനകത്തെ വേദിയിലാണ് കഥകളി നടക്കുക.

ഉദ്ഘാടനത്തിനു ശേഷം ഡോ. നർത്തകി നടരാജ്, ഡോ.രാജശ്രീ വാര്യർ എന്നിവരുടെ ഭരതനാട്യവും ലതാസന ദേവിയും സംഘവും അവതരിപ്പിച്ച മണിപ്പൂരി നൃത്തവും അരങ്ങേറി.

ഫെബ്രുവരി 20 വരെയാണ് നൃത്തോത്സവം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങി നൃത്തരംഗത്തെ പ്രഗത്ഭ കലാകാരൻമാർ നൃത്തോത്സവത്തിൻറെ ഭാഗമാകും. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്ക് പരിപാടി ആരംഭിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

ഇന്ന് (ഫെബ്രുവരി 14) പൂജ ദശമിയുടെ മോഹിനിയാട്ടം, ശോഭനയുടെ ഭരതനാട്യം, മധുലിത മൊഹാപത്രയുടെയും സംഘത്തിൻറെയും ഒഡീസി എന്നിവ അരങ്ങേറും. നാളെ (ഫെബ്രുവരി 15) ശ്രീവിദ്യ ശൈലേഷിൻറെ ഭരതനാട്യം, ടി. റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുടി, ഡോ. അനന്തശങ്കർ ജയന്തിൻറെയും സംഘത്തിൻറെയും ഭരതനാട്യം. 16 ന് അക്ഷയ അരുൺകുമാർ, മീനാക്ഷി ശ്രീനിവാസൻ എന്നിവരുടെ ഭരതനാട്യം, ഡോ. കലാമണ്ഡലം രചിതാ രവിയുടെയും സംഘത്തിൻറെയും മോഹിനിയാട്ടം. 17 ന് ശർമദ വിശ്വനാഥിൻറെ ഭരതനാട്യം, സിത്താര ബാലകൃഷ്ണൻറെ മോഹിനിയാട്ടം, പ്രതിഭ രാമസ്വാമി, സന്ധ്യ ഉഡുപ്പ എന്നിവരുടെ ഭരതനാട്യം. 18 ന് ഡോ. അരുണ മൊഹന്തിയുടെ ഒഡീസി, ഡോ. സത്യനാരായണ രാജുവിൻറെ ഭരതനാട്യം, ശ്രുതി ഷോബിയും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. 19 ന് ഡിംപീ ബൈഷ്യയുടെ സത്രിയ നൃത്യ, നവ്യ നായരുടെ ഭരതനാട്യം, രചന നാരായൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. സമാപന ദിവസമായ 20 ന് ആശ ശരത്തിൻറെ ഭരതനാട്യം, അപർണ ബൽറാം മാരാരുടെ മോഹിനിയാട്ടം, സ്വാതി സിംഹയും സംഘവും അവതരിപ്പിക്കുന്ന കഥക്, ഷൈജ ബിനീഷിൻറെ ഭരതനാട്യം എന്നിവ നടക്കും.

കഥകളി മേളയിൽ 14 ന് രാവണോദ്ഭവം, 15 ന് നളചരിതം മൂന്നാം ദിവസം, 16 ന് ബകവധം, 17 ന് കർണ്ണശപഥം, 18 ന് ദുര്യോധനവധം, 19 ന് ദക്ഷയാഗം, 20 ന് തോരണയുദ്ധം എന്നിവയാണ് അവതരിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.