- Trending Now:
കോവളം: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (KACV) സംഘടിപ്പിക്കുന്ന 'കലപില' സമ്മർ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഡിജിറ്റൽ ലോകത്തെ തിരക്കുകളിൽ നിന്ന് മാറി, കേരളത്തിന്റെ തനതായ ഗ്രാമീണ അന്തരീക്ഷത്തിൽ കലയെയും സർഗ്ഗാത്മകതയെയും നേരിട്ടറിയാൻ കഴിയുന്ന രീതിയിലാണ് ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
പഴമയുടെ തനിമയും പുതുമയുടെ സാങ്കേതികതയും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാണ് കലപില സമ്മർ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും കരകൗശല വിദ്യകളും നേരിട്ട് മനസ്സിലാക്കാനും മികച്ച കലാകാരന്മാരിൽ നിന്ന് അവ അഭ്യസിക്കാനും ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സാധിക്കും. ഇത്തരം സംവേദനാത്മക സെഷനുകളിലൂടെയും തത്സമയ പ്രദർശനങ്ങളിലൂടെയും കേരളത്തിന്റെ സർഗ്ഗാത്മക പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടുന്നതിനൊപ്പം പുതിയ സംരംഭകത്വ ചിന്തകൾ വളർത്തിയെടുക്കാനും ക്യാമ്പ് അവസരമൊരുക്കുന്നു.
റോബോട്ടിക് വർക്ക്ഷോപ്പാണ് ഈ വർഷത്തെ ക്യാമ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. പാരമ്പര്യ കലകളും ആധുനിക സാങ്കേതികവിദ്യയും എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നു എന്ന് തിരിച്ചറിയാൻ ഈ വർക്ക്ഷോപ്പിലൂടെ സാധിക്കും. റോബോട്ടിക്സ് സാങ്കേതികവിദ്യ സർഗ്ഗാത്മകമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നും കരകൗശല വിദ്യകളെ സാങ്കേതിക വിദ്യയുമായി എങ്ങനെ കോർത്തിണക്കാമെന്നും ഇതിലൂടെ പഠിപ്പിക്കും. കുട്ടികളിൽ ശാസ്ത്രീയമായ അറിവിനൊപ്പം കലാപരമായ കാഴ്ചപ്പാടുകളും വളർത്താൻ ഈ സെഷൻ ഏറെ സഹായകരമാകുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു ശ്രീപ്രസാദ് പറഞ്ഞു.
പരമ്പരാഗത വ്യവസായങ്ങൾ ആധുനിക ലോകത്ത് എങ്ങനെ പരിണമിക്കാം എന്നതിനെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതോടൊപ്പം സർഗ്ഗാത്മകത പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്യാമ്പ് മികച്ചൊരു വേദിയായിരിക്കും. ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിൽ പുതിയ വൈദഗ്ധ്യങ്ങൾ ആർജ്ജിക്കാനും ആത്മവിശ്വാസം വളർത്താനും കേരളത്തിന്റെ കരകൗശല സംസ്കാരം അനുഭവിച്ചറിയാനും ക്യാമ്പ് സഹായിക്കും.
5 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 21 മുതൽ 26 വരെയാണ് ക്യാമ്പ്. രജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെടുക: 9288001166, 9288001197.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.