Sections

ചേതക് സ്ക്രീൻ അവാർഡ്സ് 2026: 14 പുരസ്കാരങ്ങളുമായി 'ധുരന്ധർ'; മികച്ച ചിത്രം 'ഹോംബൗണ്ട്'

Wednesday, Apr 08, 2026
Reported By Admin
Chetak Screen Awards 2026 Winners List | Ranveer Singh, Yami Gautam, Dharmendra Honoured

കൊച്ചി: ഹിന്ദി സിനിമയുടെയും ഒടിടി ലോകത്തെയും മികവിനെ ആദരിച്ചുകൊണ്ടുള്ള 'ചേതക് സ്ക്രീൻ അവാർഡ്സ് 2026' സമ്മാനിച്ചു. വിശ്വാസ്യതയും സുതാര്യമായ തിരഞ്ഞെടുപ്പ് രീതിയും കൊണ്ട് ശ്രദ്ധേയമായ അവാർഡ്ദാന ചടങ്ങിൽ 2025-ലെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും അണിയറ പ്രവർത്തകരെയും ആദരിച്ചു.

നീരജ് ഘയ്വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യവസായ പ്രമുഖ നിത അംബാനിയും ചേർന്നാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർക്ക് പുരസ്കാരം നൽകിയത്. അതേസമയം ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ആകെ 14 പുരസ്കാരങ്ങൾ നേടി.

രൺവീർ സിംഗ് (ചിത്രം: ധുരന്ധർ) മികച്ച നടൻ, യാമി ഗൗതം (ചിത്രം: ഹഖ്) മികച്ച നടി, ആദിത്യ ധർ (ചിത്രം: ധുരന്ധർ) മികച്ച സംവിധായകൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനായി ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്ര തെരഞ്ഞെടുക്കപ്പെട്ടു. ധർമ്മേന്ദ്രയ്ക്ക് വേണ്ടിയുള്ള ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് മകൻ ബോബി ഡിയോൾ ഏറ്റുവാങ്ങി. ജാവേദ് അക്തർ, രമേഷ് സിപ്പി എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.

പിതാവ് തൻറെ സിനിമകളിലൂടെയും ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. സന്തോഷം പടർത്താനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചതെന്ന് ബോബി ഡിയോൾ പറഞ്ഞു.

സിനിമയുടെ മാറുന്ന കാലത്തിനനുസരിച്ച് ഇത്തവണ അഞ്ച് പുതിയ ഒടിടി വിഭാഗം പുരസ്കാരങ്ങളും ഏർപ്പെടുത്തിയിരുന്നു.

സ്റ്റോളൻ മികച്ച ഒടിടി ചിത്രം, സന്യ മൽഹോത്ര (ചിത്രം: മിസിസ്) മികച്ച നടി (ഒടിടി), അഭിഷേക് ബാനർജി (ചിത്രം: സ്റ്റോളൻ) മികച്ച നടൻ (ഒടിടി), കരൺ തേജ്പാൽ (ചിത്രം: സ്റ്റോളൻ) മികച്ച സംവിധായകൻ (ഒടിടി) ആയി തെരഞ്ഞെടുക്കപ്പെട്ടു.

ബോളിവുഡ് താരം ആലിയ ഭട്ട്, സുനിൽ ഗ്രോവർ, സാക്കിർ ഖാൻ, സൗരഭ് ദ്വിവേദി എന്നിവരായിരുന്നു ചടങ്ങിൻറെ അവതാരകർ. 2025-ൽ വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് 'ഇൻ മെമ്മോറിയം' വിഭാഗത്തിലൂടെ ആദരമർപ്പിച്ചു.

ഹിന്ദി സിനിമാ ലോകത്തെ പ്രമുഖർ ഒത്തുചേർന്ന ഈ ചടങ്ങ് സിനിമയുടെ മാന്ത്രികതയെയും വിശ്വാസ്യതയെയും ഉയർത്തിപ്പിടിക്കുന്ന ഒന്നായി മാറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.