- Trending Now:
കൊച്ചി: മട്ടാഞ്ചേരിയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിലുള്ള 'സ്പേസി'ൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രശസ്ത കലാകാരൻ ജ്യോതി ഭട്ടിന്റെ കലാസൃഷ്ടികൾ പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്നതാണ്. ഏഴ് പതിറ്റാണ്ടോളം നീണ്ട കലാജീവിതത്തിലെ പ്രധാന സൃഷ്ടികളാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രദർശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിൻറെ 92-ാം ജന്മദിനം കൂടിയാണ് ഇന്ന് 'പെയിന്റിംഗ്, പ്രിന്റ് മേക്കിംഗ്, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഭട്ട്, ഗ്രാമീണ ഇന്ത്യൻ സംസ്കാരത്തെ ഫോട്ടോഗ്രാഫുകളിലൂടെ രേഖപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1950 മുതൽ 2023 വരെയുള്ള കാലയളവിലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത 42 സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബറോഡ എം.എസ്. സർവകലാശാലയിലെ പഠനത്തിന് ശേഷം ഇറ്റലിയിലും ന്യൂയോർക്കിലും ഉപരിപഠനം നടത്തിയ ജ്യോതി ഭട്ട് ക്യൂബിസവും പോപ്പ് ആർട്ടും ഇന്ത്യൻ നാടൻ കലാരൂപങ്ങളുമായി സമന്വയിപ്പിച്ചു. 1967 മുതൽ 1995 വരെയുള്ള കാലയളവിൽ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആചാരങ്ങളും അന്യംനിന്നുപോകുന്ന കലകളും അദ്ദേഹം ക്യാമറയിൽ പകർത്തി. ഫോട്ടോഷോപ്പ് പോലുള്ള സാങ്കേതികവിദ്യകൾ വരുന്നതിന് മുൻപുതന്നെ ഫോട്ടോ എഡിറ്റിംഗിൽ അദ്ദേഹം വൈദഗ്ധ്യം നേടിയിരുന്നു. തമിഴ്നാട്ടിലെ കോലം വരയും ഇന്ത്യൻ ദേവീദേവന്മാരുടെ രൂപങ്ങളും അദ്ദേഹത്തിന്റെ പ്രിന്റുകളിൽ പ്രധാന പ്രമേയങ്ങളായി കടന്നുവന്നിട്ടുണ്ട്.
ബിനാലെ ക്യൂറേറ്റ് ചെയ്യുന്ന നിഖിൽ ചോപ്രയുടെയും എച്എച് ആർട്സ്പേസിന്റെയും നേതൃത്വത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് ഈ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. രാഷ്ട്രനിർമ്മാണം, മനുഷ്യനും യന്ത്രവും, മൃഗസ്നേഹം എന്നിവയാണ് ഈ വിഭാഗങ്ങൾ. ഗാന്ധിജി, നെഹ്റു, അംബേദ്കർ തുടങ്ങിയ നേതാക്കൾക്കുള്ള ആദരവും 'മേരാ ഭാരത് കഹാൻ' പോലുള്ള സാമൂഹിക വിമർശനങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാം. ഓട്ടോറിക്ഷകളിലെ ചിത്രങ്ങൾ, തീപ്പെട്ടിക്കൂടുകൾ, സിനിമാ താരങ്ങളുടെ ചിത്രങ്ങൾ, തെരുവിലെ സൈൻബോർഡുകൾ എന്നിവയിൽ നിന്നുള്ള ഘടകങ്ങളും അദ്ദേഹം തന്റെ സൃഷ്ടിയിൽ ഉപയോഗിച്ചിട്ടുണ്ട്.
മൃഗങ്ങളെ ആസ്പദമാക്കിയുള്ള മുത്തശ്ശിക്കഥകളും ഐതിഹ്യങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളിലെ മറ്റൊരു പ്രത്യേകതയാണ്. പഴയ ക്യാൻവാസുകൾ പുനരുപയോഗിച്ചുള്ള കൊളാഷുകൾ നിർമ്മിക്കുന്നതിലൂടെ പരിസ്ഥിതിക്കും സമൂഹത്തിനും പ്രാധാന്യം നൽകുന്ന സമ്പ്രദായം അദ്ദേഹം പിന്തുടരുന്നു. തകരാറിലായ പഴയ കലാരൂപങ്ങളെ പുനരുദ്ധരിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയും അദ്ദേഹം പ്രയോജനപ്പെടുത്തുന്നുണ്ട്. മാനവികതയും സഹാനുഭൂതിയും നിറഞ്ഞതാണ് ഭട്ടിന്റെ ഓരോ സൃഷ്ടിയുമെന്ന് നിഖിൽ ചോപ്ര വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.