Sections

കരിങ്കോഴി വിദേശ വിപണിയിലേക്ക്; കേരളത്തില്‍ ഡിമാന്റ് ഉയരുന്നു

Tuesday, Dec 07, 2021
Reported By admin
kadaknath

കരിങ്കോഴി കൃഷി ചെയ്ത് വിജയം കൈവരിച്ച് കര്‍ഷകര്‍ ധാരാളം കേരളത്തിലുണ്ട്

ഗുണത്തിലും വിലയിലും മുന്നിലുള്ള നമ്മുടെ സ്വന്തം കരിങ്കോഴികള്‍ വിദേശ വിപണികളിലേക്ക്.മധ്യപ്രദേശിലെ പ്രാദേശിക ഇനമായ കടക്‌നാഥ് ആണ് കരിങ്കോഴികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.ഈ കോഴികള്‍ക്ക് യുഎഇയില്‍ വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മധ്യപ്രദേശിലെ 2020 എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസ്ഥാന വ്യവസായ നയ-നിക്ഷേപ പ്രോത്സാഹന മന്ത്രി രാജ്വര്‍ദ്ധന്‍ സിംഗാണ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പല ഉത്പന്നങ്ങള്‍ക്കും വിപണി കണ്ടെത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കരിക്കേഴികള്‍ക്ക് വലിയ രീതിയില്‍ വിപണി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ഔഷധഗുണത്തിന്റെ പേരില്‍ രാജ്യത്തുടനീളം പ്രശസ്തമാണ് കടക്‌നാഥ് കോഴികള്‍.കറുത്ത നിറത്തിലുള്ള തൂവലുകളും ചര്‍മ്മവും ഉള്ള ഇവയുടെ മുട്ടയ്ക്കും ഔഷധഗുണം ഉണ്ട്.മധ്യപ്രദേശിലെ കടക്‌നാഥിലാണ് ഈ കോഴികളുള്ളത്.ചൈന-ഇന്തോനേഷ്യ രാജ്യങ്ങളില്‍ കരിങ്കോഴികളോട് സാമ്യതയുള്ള കോഴികളുണ്ട്.

അടുത്തകാലത്തായി കേരളത്തില്‍ നിരവധി കര്‍ഷകര്‍ കരിങ്കോഴി വളര്‍ത്തലിലേക്ക് തിരിഞ്ഞിട്ടുണ്ട്.മുട്ടയ്ക്ക് വിപണിയില്‍ നാടന്‍ മുട്ടയെക്കാള്‍ വിലയുണ്ട്.ഇറച്ചി ആവശ്യത്തിനാണ് കൂടുതലും വിറ്റുപോകുന്നത്.ആലപ്പുഴയിലും തെക്ക് തിരുവനന്തപുരത്തും ഒക്കെ കരിങ്കോഴികളെ മധ്യപ്രദേശില്‍ നിന്നൊക്കെ നേരിട്ട് എത്തിച്ച് വളര്‍ത്തുകയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഔഷധഗുണങ്ങളുടെ പേരില്‍ തന്നെയാണ് ഇവയെ വിപണിയിലെത്തിച്ച് വില്‍പ്പന നടത്തുന്നതും.ഹൃദയരോഗങ്ങള്‍ അടക്കമുള്ളവയ്ക്ക് മികച്ച മരുന്നാണ് കരിങ്കോഴിയെന്ന് പ്രചാരണങ്ങളുണ്ട്.മറ്റ് കോഴിയിനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ഡിമാന്റ് ഇല്ലെങ്കിലും വിലകൂടുതലുള്ളതിനാല്‍ കര്‍ഷകര്‍ക്ക് ഇവയെ വളര്‍ത്താന്‍ താല്‍പര്യം ഉണ്ട്.

കൂടാതെ പ്രമേഹം,ഹൃദയരോഗങ്ങളും ജീവിതശൈലീ രോഗങ്ങളും കേരളത്തിലെ ജനങ്ങളില്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചു വരുന്ന അവസരത്തില്‍ കരിങ്കോഴികള്‍ക്ക് വലിയ പ്രചാരം ലഭിക്കുമെന്ന പ്രതീക്ഷയും നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നു.

കറുപ്പ് നിറം തന്നെയാണ് കാലി മാസി എന്ന് വിളിപ്പേരുള്ള കരിങ്കോഴികളെ വ്യത്യസ്തനാക്കുന്നത്.ത്വക്കിലും തൂവലിലും പൂടയിലും മാസംത്തിലും ആന്തരികാവയവങ്ങളിലും ഒക്കെ ഈ കറുപ്പ് നിറം കാണാം.മെലാനിന്റെ വര്‍ദ്ധിച്ച സാന്നിധ്യമാണ് കരിങ്കോഴിയുടെ ഈ കറുപ്പിന് പിന്നില്‍.

പോഷകമൂല്യത്തിനൊപ്പം മൃദുവായ മാംസം കഠിനമായ മാംസവും ഈ കോഴിയെ മികവുറ്റതാക്കുന്നു.കഠിനമായ ചൂടും തണുപ്പും നേരിടാന്‍ കഴിയുന്ന കരിങ്കോഴികള്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉയര്‍ന്ന ശേഷിയുമുണ്ട്

കരിങ്കോഴിയിറച്ചിയില്‍ 27% പ്രോട്ടീനുണ്ട്.സാധാരണ കോഴിയിറച്ചിയില്‍ ഇത് കേവലം 15-18% വരെയാണ്.കരിങ്കോഴി മാംസത്തില്‍ കൊഴുപ്പ് കേവലം 0.73-1.05%വരെയാണ് സാധാരണ കോഴിയിറച്ചിയില്‍ കൊഴുപ്പ് ഇതിന്റെ 25 ഇരട്ടിയോളം വരും.മനുഷ്യശരീരത്തിന് ആവശ്യമായ പതിനെട്ടോളം അമിനോ ആസിഡുകളും കാത്സ്യം,ഫോസ്ഫറസ്,ജീവകം ബി1,ബി2,ബി12 തുടങ്ങിയ നിരവധി ധാതുക്കളാലും സമ്പന്നമാണ് കരിങ്കോഴി ഇറച്ചി.

കേരളത്തില്‍ സാധാരണ കോഴികളെ വളര്‍ത്തുന്ന അതെ രീതിയില്‍ ഇരുമ്പ് കൂടുകളിലോ ഡീപ്പ് ലിറ്റര്‍ രീതിയിലോ അടുക്കള മുറ്റത്തോ കരിങ്കോഴികളെ വളര്‍ത്താം.കരിങ്കോഴി കൃഷി ചെയ്ത് വിജയം കൈവരിച്ച് കര്‍ഷകര്‍ ധാരാളം കേരളത്തിലുണ്ട്.

സാധാരണ കോഴികള്‍ക്ക് നല്‍കുന്ന അരിയും തവിടും ഗോതമ്പും ചോളത്തവിടും ധാതുജീവക മിശ്രിതങ്ങളും അടങ്ങുന്ന തീറ്റ തന്നെയാണ് കരിങ്കോഴികള്‍ക്കും നല്‍കേണ്ടത്.ആറുമാസം പ്രായമാകുമ്പോള്‍ കോഴികള്‍ മുട്ടയിട്ട് തുടങ്ങും വര്‍ഷം മൂന്ന് സീസണുകളിലായി 180 ഓളം മുട്ടകളിടും.പ്രത്യുത്പാദനക്ഷമമായ മുട്ടകള്‍ ലഭിക്കാന്‍ 10 പിടക്കോഴിക്ക് ഒരു പൂവന് എന്ന കണക്കില്‍ വളര്‍ത്തണം.

ഒരു ദിവസം പ്രായമായ കരിങ്കോഴി കുഞ്ഞിന് 45-60 രൂപവരെ വില ലഭിക്കും.ആറ് മാസം പ്രായമായവയ്ക്ക് 1500 രൂപ വരെ ലഭിക്കും.പൂര്‍ണ വളര്‍ച്ച എത്തിയ കരിങ്കോഴികള്‍ക്ക് 2 കിലോയോളം തൂക്കം വെയ്ക്കും.


ഒരു മുട്ടയ്ക്ക് 20 രൂപ മുതല്‍ 35 രൂപ വരെ വില ലഭിക്കും.മാംസവും മുട്ടയും മാത്രമല്ല ഇവയുടെ കാഷ്ഠവും മികച്ച ജൈവവളമാണ് ഇതും വില്‍പ്പന നടത്താം.

മികച്ച രോഗപ്രതിരോധ ശേഷിയുണ്ടെങ്കിലും കോഴിവസൂരി,കോഴിവസന്ത തുടങ്ങിയ വൈറസ് രോഗങ്ങള്‍ കരിങ്കോഴികളില്‍ കണ്ടുവരാറുണ്ട്.ഇവയ്ക്ക് എതിരെ ജനിച്ച് 5-ാം ദിവസവും 21-ാം ദിവസവും 8-ാം ആഴ്ചയിലും 18-ാം ആഴ്ചയിലും പ്രതിരോധ മരുന്നു നല്‍കാം.ഒപ്പം രണ്ട് മാസത്തിലൊരിക്കല്‍ വിരമരുന്നും നല്‍കണം.

വെറ്റിനറി കോളേജ് പൗള്‍ട്രി ഫാം വയനാട് 9497729137 ,വെറ്റിനറി കോളേജ് പൗള്‍ട്രി ഫാം മണ്ണൂത്തി 0487-2371178 എന്നിവിടങ്ങളിലൊക്കെ കരിങ്കോഴി കുഞ്ഞുങ്ങളെ ലഭിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.