Sections

ബിറ്റ്കോയിനെക്കുറിച്ച് പഠിപ്പിക്കാന്‍ അക്കാദമിയുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയും റാപ്പര്‍ ജെയ്-സിയും

Friday, Jun 10, 2022
Reported By Ambu Senan
bitcoin academy

 സാമ്പത്തിക വിദ്യാഭ്യാസവും ശാക്തീകരണവുമാണ് അക്കാദമിയുടെ ലക്ഷ്യം

 

ട്വിറ്ററിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി, ബിറ്റ്കോയിന്‍ അക്കാദമി (Bitcoin ആരംഭിക്കുന്നു. അമേരിക്കന്‍ റാപ്പര്‍ ജെയ്-സിയുമായി (Jay-Z) ചേര്‍ന്നാണ് ഡോര്‍സിയുടെ പുതിയ പ്രഖ്യാപനം. ബിറ്റ്കോയിന് പ്രധാന്യം നല്‍കിക്കൊണ്ടുള്ള സാമ്പത്തിക വിദ്യാഭ്യാസവും ശാക്തീകരണവുമാണ് അക്കാദമിയുടെ ലക്ഷ്യം.

ജൂണ്‍ 22 മുതല്‍ thebitcoinacademy.com എന്ന വെബ്സൈറ്റ് വഴി ക്ലാസുകള്‍ ആരംഭിക്കും. തുടക്കത്തില്‍ ബ്രൂക്ലിനിലെ പബ്ലിക് ഹൗസിംഗ് പ്രോജക്ടായ മേഴ്സി ഹൗസുകളില്‍ താമസിക്കുന്നവര്‍ക്കാണ് കോഴ്സുകള്‍ നല്‍കുന്നത്. ബിറ്റ്കോയിന്‍ അക്കാദമിയിലെ ക്ലാസുകള്‍ സൗജന്യമായിരിക്കും. താമസിയാതെ മറ്റ് പ്രദേശങ്ങളിലേക്കും ബിറ്റ്കോയിന്‍ അക്കാദമിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ക്രിപ്റ്റോ കറന്‍സികള്‍ ബാങ്കുകളെ അപ്രസക്തമാക്കുമെന്നും വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ കൊണ്ടുവരുമെന്നും ആണ് ഡോര്‍സിയുടെ വിലയിരുത്തല്‍. എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലെയ്സ്, ഓപ്പണ്‍സീ ഉള്‍പ്പെടെ നിരവധി വെബ്3 ഭീമന്‍മാരെ ശക്തിപ്പെടുത്തിയ ബ്ലോക്ക്ചെയിന്‍ സ്റ്റാര്‍ട്ടപ്പ് ആല്‍ക്കെമിയില്‍ ജെയ്-സി നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനി ബ്ലോക്കിന്റെ സിഇഒ ആണ് ഡോര്‍സി. 2009ല്‍ ആണ് ഡോര്‍സി ബ്ലോക്ക് സ്ഥാപിക്കുന്നത്. ബിറ്റ്കോയിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2022 ആദ്യ പാദത്തില്‍ ബ്ലോക്കിന്റെ വരുമാനത്തില്‍ 22 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫോര്‍ച്യൂണ്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 8,027 ബിറ്റ്കോയിനുകളാണ് ബ്ലോക്കിന്റെ കൈവശമുള്ളത്.

ഡോര്‍സിയും ജെയ്-സിയും ദീര്‍ഘകാല ബിസിനസ് പങ്കാളികളാണ്. 2021-ന്റെ തുടക്കത്തില്‍, റാപ്പറുടെ ഉടമസ്ഥതയിലുള്ള മ്യൂസിക് സ്ട്രീമിംഗ് സേവനമായ ടൈഡലിനായി 300 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ഡോര്‍സി സമ്മതിച്ചിരുന്നു. കൂടാതെ 'ബ്ലോക്കിന്റെ' ഡയറക്ടര്‍ ബോര്‍ഡിലും ജെയ്-സിക്ക് ഇടം ലഭിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.