Sections

ക്രിപ്‌റ്റോയെ വാഴാന്‍ വിടില്ല; നികുതിയില്‍ പൂട്ടാന്‍ ഒരുങ്ങി കേന്ദ്രം

Tuesday, May 10, 2022
Reported By admin
crypto

രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികളെ പൂട്ടാനുള്ള പദ്ധതികളുമായി കേന്ദ്രം മുന്നോട്ട് തന്നെ ഇത്തവണ നികുതിക്കുരിക്കില്‍പ്പെടുത്താനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍.ഏറ്റവും ഉയര്‍ന്ന ജിഎസ്ടി തന്നെ ക്രിപ്‌റ്റോ നാണയങ്ങള്‍ക്ക് ചുമത്താന്‍ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രം. 

 

രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി ക്രിപ്റ്റോകറന്‍സികള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ജിഎസ്ടി കൗണ്‍സില്‍. കാസിനോകളിലും, വാതുവെപ്പ്, ലോട്ടറി എന്നിവയ്ക്കും ഈടാക്കുന്ന നിലവിലെ ജിഎസ്ടി നിരക്കിന് തുല്യമായി ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നികുതി ഈടാക്കാനാണ് തീരുമാനം.അടുത്ത ജിഎസ്ടി മീറ്റിംഗില്‍ നിര്‍ദ്ദേശം നടപ്പായാല്‍ ക്രിപ്‌റ്റോ വാങ്ങുന്നതിനും വില്‍ക്കുന്നതിനും 28 ശതമാനം നികുതി നല്‍കേണ്ടി വരും.

ക്രിപ്റ്റോകറന്‍സിക്ക് ജിഎസ്ടി മാത്രമല്ല ക്രിപ്റ്റോ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് ഉയര്‍ന്ന ആദായ നികുതിയും നല്‍കണം. 2022-23 ഫെബ്രുവരിയില്‍ അവതിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ക്രിപ്‌റ്റോ ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി പ്രഖ്യാപിച്ചിരുന്നു. 1961-ലെ ആദായനികുതി നിയമത്തില്‍ പുതിയ വകുപ്പ് ചേര്‍ത്താണ് ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത്.


ഒരു ശതമാനമാണ് ടിഡിഎസ്. നിലവില്‍ എന്തായാലും ഉയര്‍ന്ന നികുതിയാണ്. ക്രിപ്റ്റോ വരുമാനത്തിന് 30 ശതമാനം നികുതി ചുമത്താനുള്ള നിര്‍ദ്ദേശം ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 30 ശതമാനം ആദായനികുതിക്ക് പുറമെയാണ് 28 ശതമാനം ജിഎസ്ടി കൂടെ ഏര്‍പ്പെടുത്തുന്നത്.കള്ളപ്പണം വെളുപ്പിക്കാന്‍ എല്ലാ രാജ്യങ്ങളിലും ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗപ്പെടുത്തുന്നത് ഭീഷണിയാണെന്നും ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി ഉപയോഗിക്കുന്നുണ്ടെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ക്രിപ്‌റ്റോ വിപണിമൂല്യം നേര്‍പകുതിയായി ഇടിഞ്ഞു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.