Sections

പഞ്ചസാര കയറ്റുമതി ചെയ്യാന്‍ അനുവദിക്കുന്നു; വില വര്‍ധനയ്ക്ക് സാധ്യതയോ?

Saturday, Jul 23, 2022
Reported By admin
sugar

മെയ് മാസം ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തി

 

രാജ്യത്തെ പഞ്ചസാര മില്ലുകളെ കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചേക്കും. 1.2 ദശലക്ഷം ടണ്‍ പഞ്ചസാരയുടെ അധിക വില്‍പ്പനയ്ക്ക് സര്‍ക്കാര്‍  പച്ചക്കൊടി കാട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ക്വാട്ടയായ 10 ദശലക്ഷം ടണ്ണിന്റെ മുകളിലാണിത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ, മെയ് മാസത്തില്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചിരുന്നു. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ ആണ് സര്‍ക്കാര്‍ കയറ്റുമതി കുറച്ചത്. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിറകെയാണ് കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചത്.  ആറ് വര്‍ഷത്തിനിടെ ആദ്യമായി ആയിരുന്നു ഈ തീരുമാനം. മെയ് മാസം ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തി. 

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാല്‍ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തും. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. 

രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വില്‍പ്പന വില നിലവില്‍ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ്. വരും മാസങ്ങളില്‍ ഇത് 40-43 രൂപയില്‍ തുടരാനാണ് സാധ്യത. പഞ്ചസാര ഉത്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഏകദേശം 14,456 കോടി രൂപയാണ് സര്‍ക്കാര്‍ പഞ്ചസാര മില്ലുകള്‍ക്ക് അനുവദിച്ചത്. വീണ്ടും കയറ്റുമതി കൂട്ടുന്നതോടെ രാജ്യത്തെ പഞ്ചസാര വില ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.