Sections

ചാര്‍ജറില്ലാതെ ഐഫോണ്‍ വില്‍പന; അപ്പീല്‍ നല്‍കുമെന്ന് ആപ്പിള്‍

Wednesday, Sep 07, 2022
Reported By admin
apple

ഐഫോണ്‍ പുതിയ പതിപ്പുകളും നിരോധനത്തില്‍ ഉള്‍പ്പെടുന്നുണ്ട്

 

ചാര്‍ജറില്ലാതെ ഐഫോണുകള്‍ വില്‍ക്കുന്നതില്‍ നിന്നും വിലക്കാന്‍ കഴിയില്ലെന്ന് ആപ്പിള്‍. ബാറ്ററി ചാര്‍ജര്‍ ഇല്ലാതെ ഐഫോണുകള്‍ വില്‍ക്കുന്നതില്‍ നിന്ന് യുഎസ് ടെക് ഭീമനായ ആപ്പിളിനെ ബ്രസീല്‍ വിലക്കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ആപ്പിള്‍ കമ്പനി വ്യക്തമാക്കുന്നത്. 

ചാര്‍ജറില്ലാതെ ഐഫോണുകള്‍ വില്‍ക്കുന്നതില്‍ നിന്ന് വിലക്കിയതിന് പുറമെ ബ്രസീല്‍ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. 2 മില്യണ്‍ ഡോളറിലധികം തുക ആപ്പിള്‍ പിഴ അടക്കേണ്ടി വരും. ഫോണിനൊപ്പം ചാര്‍ജര്‍ ഇല്ലാത്ത സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്പനിയോട് നീതിന്യായ-പൊതു സുരക്ഷാ മന്ത്രാലയം ഉത്തരവിട്ടിരുന്നു. 

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്പ്രദായം നടപ്പാക്കിയതെന്ന ആപ്പിളിന്റെ വാദം അധികൃതര്‍ തള്ളിക്കളഞ്ഞു, ചാര്‍ജറില്ലാതെ സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കുന്നത് പരിസ്ഥിതി സംരക്ഷണം നല്‍കുമെന്നതിന് തെളിവുകളില്ലെന്ന് മന്ത്രാലയം പറഞ്ഞു.

ഐഫോണ്‍ പുതിയ പതിപ്പുകളും നിരോധനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ആപ്പിള്‍ അതിന്റെ പുതിയ ഐഫോണ്‍ മോഡല്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന് ഒരു ദിവസം മുമ്പാണ് ബ്രസീലിന്റെ നിരോധനം ഉണ്ടായത്. ഉപഭോക്താവിനെതിരെ വിവേചനം, മൂന്നാം കക്ഷികള്‍ക്ക് ഉത്തരവാദിത്തം കൈമാറല്‍ എന്നീ കുറ്റങ്ങള്‍ക്ക് ആപ്പിളിനെതിരെ ഡിസംബര്‍ മുതല്‍ ബ്രസീലില്‍ അന്വേഷണം നടക്കുന്നുണ്ട്. 

ടെക് ഭീമനായ ആപ്പിളിന് മുന്‍പ് ബ്രസീലിയന്‍ സ്റ്റേറ്റ് ഏജന്‍സികളും പിഴ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ആപ്പിള്‍ ഇതുവരെ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ആപ്പിള്‍ ചാര്‍ജറുകളില്ലാതെ സെല്ലുലാര്‍ ഉപകരണങ്ങള്‍ വില്‍ക്കുന്നത് തുടര്‍ന്നു. ഐഫോണ്‍ വില്‍പ്പനയില്‍ നിന്ന് ചാര്‍ജറുകളെ ഒഴിവാക്കാനുള്ള തീരുമാനം പാരിസ്ഥിതിക പ്രതിബദ്ധത കൊണ്ടാണെന്നാണ് ആപ്പിളിന്റെ വാദം. എന്നാല്‍ ആപ്പിളിന്റെ നയത്തിന്റെ അനന്തരഫലമായി ബ്രസീലിയന്‍ മണ്ണില്‍ പരിസ്ഥിതി പ്രശനങ്ങള്‍ ഇല്ലെന്ന് മന്ത്രാലയം പറയുന്നു.    


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.