Sections

ബ്രിട്ടനിലെ പ്രശസ്തമായ കൊട്ടാരം സ്വന്തമാക്കി ഇന്ത്യൻ ശതകോടീശ്വരൻ

Sunday, Jul 23, 2023
Reported By admin

ലണ്ടനിലെ ആഡംബര വീടുകൾ കോടീശ്വരന്മാർ സ്വന്തമാക്കുന്ന പ്രവണത തുടരുകയാണ്


ബ്രിട്ടനിലെ പ്രശസ്തമായ കൊട്ടാരം സ്വന്തമാക്കി ഇന്ത്യൻ ശതകോടീശ്വരൻ. ബ്രിട്ടനിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടാണിത്. റഷ്യൻ പ്രോപ്പർട്ടി നിക്ഷേപകനായ ആൻഡ്രി ഗോഞ്ചരെങ്കോയിൽ നിന്നാണ് ഇന്ത്യൻ ശതകോടീശ്വരനും എസ്സാർ ഗ്രൂപ്പിൻറെ സഹ ഉടമയുമായ രവി റൂയ കൊട്ടാരം സ്വന്തമാക്കിയത്.  ഫിനാൻഷ്യൽ ടൈംസാണ് ഇടപാട് ആദ്യം റിപ്പോർട്ട് ചെയ്തത്. 19ാം നൂറ്റാണ്ടിൻറെ തുടക്കത്തിലാണ് ഹാനോവർ ലോഡ്ജ് എന്ന ബംഗ്ലാവ് പണികഴിപ്പിച്ചത്. 150 പാർക്ക് റോഡിലുള്ള റീജന്റ്‌സ് പാർക്കിന് അഭിമുഖമായാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ജിബ്രാൾട്ടർ ഇൻകോർപ്പറേറ്റഡ് ഹോൾഡിംഗ് കമ്പനി മുഖേനയാണ് രവി റൂയ കൊട്ടാരം തൻറെ പേരിലാക്കിയത്.

റഷ്യൻ സർക്കാറിൻറെ ഉടമസ്ഥതയിലുള്ള ഊർജ സ്ഥാപനത്തിന്റെ അനുബന്ധ സ്ഥാപനമായ ഗാസ്പ്രോം ഇൻവെസ്റ്റ് യുഗിന്റെ മുൻ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു ബംഗ്ലാവിൻറെ മുൻ ഉടമ ഗോഞ്ചരെങ്കോ. രണ്ട് വർഷം മുമ്പാണ് അദ്ദേഹം ബംഗ്ലാവ് സ്വന്തമാക്കിയത്. നേരത്തെ, കൺസർവേറ്റീവ് പാർട്ടിയുടെ രാജ്കുമാർ ബാഗ്രിയിൽ നിന്ന് 120 മില്യൺ പൗണ്ടിന് 2012ലാണ് ഗോഞ്ചരെങ്കോ ലീസിനെടുക്കുന്നത്. ബംഗ്ലാവ് നിർമ്മാണത്തിലാണെന്നും ആകർഷകമായ വിലക്ക് ലഭ്യമായതിനാലാണ് സ്വന്തമാക്കിയതെന്നും റൂയ ഫാമിലി ഓഫീസ് വക്താവ് വില്യം റീഗോ ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. ലണ്ടനിലെ ആഡംബര വീടുകൾ കോടീശ്വരന്മാർ സ്വന്തമാക്കുന്ന പ്രവണത തുടരുകയാണ്. വായ്പയെ ആശ്രയിക്കാതെയാണ് പലരും ബംഗ്ലാവുകൾ സ്വന്തമാക്കുന്നത്. ബ്രോക്കർ നൈറ്റ് ഫ്രാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ 30 മില്യൺ ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ള 17% വ്യക്തികൾ കഴിഞ്ഞ വർഷം ഒരു ആഡംബര വീടെങ്കിലും സ്വന്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ വർഷം വിദേശികൾക്ക് ബ്രിട്ടനിൽ സ്വത്ത് വാങ്ങുന്നത് സുതാര്യമാക്കിയിരുന്നെങ്കിലും അതീവ രഹസ്യമായാണ് ഈ കച്ചവടം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈൻ-റഷ്യ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ വ്‌ലാദിമിർ പുടിനുമായി ബന്ധമുള്ള റഷ്യൻ കോടീശ്വരന്മാർക്ക് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഗോഞ്ചരെങ്കോ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. 

ബ്രിട്ടനിൽ ആഡംബര ഭവനങ്ങൾ ഇപ്പോഴും രഹസ്യമായാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കഴിഞ്ഞ വർഷം ലണ്ടനിലെ കൂറ്റൻ വീടുകൾ റെക്കോർഡ് തുകക്കാണ് വിറ്റതെന്നും റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ ആഡംബര ഭവനങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാരേറെയുണ്ടെന്നും ബ്രോക്കർ ഹാംപ്ടൺസ് ഇന്റർനാഷണൽ പറയുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.