Sections

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നിക്ഷേപ അവസരങ്ങൾക്ക് വഴിയൊരുക്കി വ്യവസായരംഗത്ത് വൻ മുന്നേറ്റം സാധ്യമാക്കി: മന്ത്രി പി. രാജീവ്

Monday, Sep 15, 2025
Reported By Admin
Invest Kerala Summit Spurs RCC Nutriphil Unit in Angamaly

ആർ സി സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ തറക്കല്ലിട്ടു


ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നിക്ഷേപ അവസരങ്ങൾക്ക് വഴിയൊരുക്കി വ്യവസായരംഗത്ത് വൻ മുന്നേറ്റം സാധ്യമാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അങ്കമാലിയിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ബിസിനസ് പാർക്കിൽ, ആർ സി സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളിൽ ഒന്നാണിത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പുവെച്ചവയിൽ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ നിക്ഷേപ കരാറുകൾ നടപ്പിലാക്കപ്പെടുന്നു എന്നത് കേരളത്തിന്റെ ശക്തിയാണ്. അദാനി ഗ്രൂപ്പിന്റെ കളമശ്ശേരി ലോജിസ്റ്റിക്സ് പാർക്കിനും വിവിധ മേഖലകളിലെ ബില്യൺ ഡോളർ പദ്ധതികൾക്കും കേരളം വേദിയാകുകയാണ്. ആദ്യ ഘട്ട നിക്ഷേപങ്ങൾ വിജയകരമായി നടപ്പിലായാൽ കൂടുതൽ പദ്ധതികൾക്കും വൻതോതിൽ നിക്ഷേപങ്ങൾക്കും വാതിൽ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ റിവേഴ്സ് മൈഗ്രേഷൻ 176 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നും 40000 ൽ അധികം പ്രൊഫഷണലുകൾ വിവിധ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരികെ കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സുരക്ഷിതവും സമ്പന്നവുമായ അന്തരീക്ഷമാണ് ഇതിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫുഡ് പ്രൊസസിങ്ങ്, ലൈഫ് സയൻസ് മേഖലയിൽ വലിയ മുന്നേറ്റ സാധ്യതകൾക്ക് വഴിതുറന്നു കൊണ്ടാണ് ആർ സി സി ന്യൂട്രാഫിലിന്റെ യൂണിറ്റ് അങ്കമാലിയിൽ ആരംഭിക്കുന്നത്. ഇതിലൂടെ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയായി ആദ്യമാസങ്ങളിൽ തന്നെ നൂറിലധികം തൊഴിലവസരങ്ങൾ ഇവിടെ ലഭ്യമാകും.

ലൈഫ് സയൻസ്, ഫാസ്റ്റ് മൂവിങ്ങ് കൺസ്യൂമർ ഗുഡ്സ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഉൽപന്നങ്ങളുടെ നിർമ്മാണത്തിനൊപ്പം കോൾഡ് സ്റ്റോറേജും സംഭരണ ശാലയും ആർ ആന്റ് ഡി സൗകര്യവുമെല്ലാം ഉൾക്കൊള്ളുന്നതായിരിക്കും പുതിയ യുണിറ്റ് . ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത മെഷിനറികൾ ഉപയോഗപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെ ദീർഘകാലം ഈടുനിൽക്കുന്ന ഉൽപന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്ന രീതിയിലായിരിക്കും യൂണിറ്റിലെ സജ്ജീകരണങ്ങൾ.

രാജ്യത്ത് കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഡോ. കൃഷ്ണ എല്ലയുടെ പുതിയ സംരംഭമാണ് ആർ സി സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ്.

ചടങ്ങിൽ റോജി എം ജോൺ എം എൽ എ അധ്യക്ഷനായി. ജില്ലാ കളക്ടർ ജി പ്രിയങ്ക, ഭാരത് ബയോടെക് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ സായി പ്രസാദ് ദേവരാജലുലു, ഇന്നൊവേറ്റീവ് ഇൻഫ്രാ ആൻഡ് മൈനിംഗ് സൊല്യൂഷൻസ് ഹ്യൂമൻ റിസോഴ്സസ് മേധാവി വിനോദ് കൃഷ്ണ, അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, വാർഡ് കൗൺസിലർ അജിത തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.