Sections

വിഭജനത്തിന്റെ ശേഷിപ്പ് തലമുറകൾ കൈമാറിയ ജനതയുടെ പരിഛേദമായി പഞ്ചേരി ആർട്ടിസ്റ്റ് യൂണിയൻ

Thursday, Dec 18, 2025
Reported By Admin
Partition, Identity and Memory at Kochi-Muziris Biennale

കൊച്ചി: ഒരു ജീവതകാലത്ത് തന്നെ നാല് ദേശീയഗാനങ്ങൾ പാടിയവരാണ് പശ്ചിമബംഗാളിലെ ഹാബ്രയിലെ 75 വയസുകഴിഞ്ഞവർ. വിഭജനത്തിനു ശേഷവും പലവട്ടം ജീവിതങ്ങൾ വിഭജിക്കപ്പെട്ട് പോകുന്നത് കണ്ടു നിൽക്കേണ്ടി വന്ന സ്വന്തം സമൂഹത്തിന്റെ കഥയാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിൽ പഞ്ചേരി ആർട്ടിസ്റ്റ് യൂണിയൻ ഒരുക്കിയിരിക്കുന്ന കലാസൃഷ്ടികൾ. ബ്രിട്ടീഷ് ഇന്ത്യയിലും കിഴക്കൻ പാക്കിസ്ഥാനിലും സ്വതന്ത്ര ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇവരുടെ ജീവിതം ചാഞ്ചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.

കൊച്ചി ബിനാലെയുടെ വേദികളിലൊന്നായ ആസ്പിൻവാൾ ഹൗസിലെ കയർ ഗോഡൗണിലാണ് പഞ്ചേരി ആർട്ടിസ്റ്റ് യൂണിയന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ ബനിപൂരിൽ ആരംഭിച്ച ഈ കലാകൂട്ടായ്മയിൽ 14 കലാകാരന്മാരാണുള്ളത്. ദൃശ്യകല, ഡിസൈൻ, സാഹിത്യം, സിനിമ, ഫോട്ടോഗ്രഫി, സംഗീതം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഈ കൂട്ടായ്മയിലുള്ളത്.

ചണമാണ് കലാസൃഷ്ടികളുടെ പ്രധാന അസംസ്കൃതവസ്തു. ഇതിന് തക്കതായ കാരണമുണ്ടെന്നാണ് കൂട്ടായ്മയിലെ അംഗമായ ഭാസ്കർ ഹസാരിക പറയുന്നത്. നൂറ്റാണ്ടുകളായി ചണം കൃഷിയായിരുന്നു ഇന്നാട്ടുകാരുടെ പ്രധാന വരുമാന സ്രോതസ്സ്. വ്യവസായവത്കരണത്തിന്റെ ഭാഗമായി ആദ്യം ബ്രിട്ടീഷുകാരും പിന്നീട് ആധുനിക ഉത്പന്നങ്ങൾ വിപണിയിലേക്കെത്തിയപ്പോൾ ആഗോളവത്കരണവും ചണ വ്യവസായത്തെ തകർത്തുവെന്നാണ് ഇവരുടെ പക്ഷം.

വിഭജനത്തിനു ശേഷം കിഴക്കൻ പാക്കിസ്ഥാനിലായിരുന്ന ഈ ജനത 1971ലെ ബംഗ്ലാദേശിന്റെ പിറവിയ്ക്ക് മുമ്പുണ്ടായ അക്രമങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇവിടെ എത്തിയവരാണ്.

കലാസൃഷ്ടികളിൽ ഈ ജീവിതകഷ്ടതകൾ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഭാസ്കർ പറഞ്ഞു. വലകളുടെ കള്ളികളാണ് കലാസൃഷ്ടികളിൽ ഏറെയുമുള്ളത്. സ്ഥിരതയില്ലാത്ത ജീവിതത്തെ ഇത് പ്രതിനിധീകരിക്കുന്നു. തിളക്കമുള്ള ഉടയാടകൾ ബ്രാഹ്മണ മേധാവിത്തത്തിനെതിരായ അസമിലെ ജനങ്ങളുടെ പ്രതിരോധമായ ഹിന്ദു അനുഷ്ഠാന കലയുടെ ഭാഗമാണ്. അടിച്ചമർത്തപ്പെട്ട ജാതിയിലുള്ളവർ തങ്ങൾക്കും തിളക്കം ചേരും എന്ന സാംസ്ക്കാരികമായ പ്രതിരോധമാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ കലാകാരനും/കലാകാരിയും അവരവരുടെ ജീവിതാനുഭവങ്ങളിൽ നിന്നുള്ള ഏടുകളാണ് കലാസൃഷ്ടിയാക്കി മാറ്റിയത്. അടുത്ത മൂന്നു മാസവും പഞ്ചേരി യൂണിയൻ ബിനാലെയ്ക്കൊപ്പമുണ്ടാകും. കലാപ്രദർശനത്തിനു പുറമെ വീഡിയോ, പ്രകടന കല, അവതരണങ്ങൾ തുടങ്ങിയവ കൊണ്ട് തങ്ങൾ മുന്നോട്ടു വയ്ക്കുന്ന സന്ദേശം കലാസ്വാദകരിലേക്കും അതുവഴി പൊതുസമൂഹത്തിലേക്കുമെത്തിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.