Sections

ഓട്ടോണോമസ് കോ-വർക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റൽ വർക്കർ സർവീസസ്

Thursday, Dec 18, 2025
Reported By Admin
Kochi Startup Launches AI Co-Worker Tool ‘Clap AI’

  • ഓൺ-സ്ക്രീൻ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതിൽ പ്രധാന വഴിത്തിരിവ്

കൊച്ചി: മെമ്മോ ബിപിഒ പ്ലാറ്റ് ഫോമിനായുള്ള എഐ അധിഷ്ഠിത കോ-വർക്കർ ജനറേഷൻ ഡെസ്ക്ടോപ്പ് ടൂളായ 'ക്ലാപ്പ് എഐ' ഡിജിറ്റൽ വർക്കർ സർവീസസ് സ്റ്റാർട്ടപ്പ് പുറത്തിറക്കി. മെമ്മോ ബിപിഒ പ്ലാറ്റ് ഫോമിനായുള്ള ലോകത്തിലെ ആദ്യ എഐ കോ-വർക്കർ ജനറേഷൻ ഡെസ്ക്ടോപ്പ് ടൂളാണ് കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് പുറത്തിറക്കിയത്.

ഓൺ-സ്ക്രീൻ ജോലികളെ ഓട്ടോമേറ്റഡ് വർക്ക്ഫ്ലോ ആക്കി മാറ്റുന്നതിൽ ഇതൊരു വഴിത്തിരിവാണ്. ആരോമൽ ജയരാജ് ഷിക്കി, ജെയ്ജോ ജെയിംസ് ജോൺ എന്നിവരാണ് ക്ലാപ്പ് എഐ യ്ക്ക് പിന്നിൽ.

ഉപയോക്താവിൻറെ ജോലിയും പോയിൻററുകളും സ്ക്രീനിൽ 'ക്ലാപ്പ് എഐ' നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും. നിലവിൽ ജോലി ചെയ്യുന്നവർ ഒരു പുതിയ സഹപ്രവർത്തകനെ പരിശീലിപ്പിക്കുന്ന ശൈലിയിൽ ഇത് ഉപയോക്താവിനെ പരിശീലിപ്പിക്കുന്നു. തുടർന്ന് 'ക്ലാപ്പ് ' ആ ജോലിയിൽ ഒരു സഹപ്രവർത്തകനായി ചുമതലയേൽക്കും. മെമ്മോ ക്ലൗഡ് ബിപിഒ പ്ലാറ്റ് ഫോം ഉപയോഗിച്ച് ഉപയോക്താവിന് ഒറ്റ ക്ലിക്കിലൂടെ ധാരാളം സഹപ്രവർത്തകരെ വിന്യസിക്കാനും കാര്യക്ഷമമായ തൊഴിലിടം സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.

ക്ലാപ്പ് ഓട്ടോമേഷൻ വെറുമൊരു ഉപകരണം മാത്രമല്ലെന്ന് ഡിജിറ്റൽ വർക്കർ സർവീസസിൻറെ സഹസ്ഥാപകനും സിഇഒയുമായ ആരോമൽ ജയരാജ് ഷിക്കി പറഞ്ഞു. ആവർത്തിച്ചുള്ള ജോലികളെ കാര്യക്ഷമമായ വർക്ക്ഫ്ലോകളാക്കി മാറ്റാൻ ഉപയോക്താക്കളെ ഇത് സഹായിക്കും. കംപ്യൂട്ടറധിഷ്ഠിത ജോലികളെല്ലാം ഡിജിറ്റൽ സഹപ്രവർത്തകർ ചെയ്യുന്നതിനൊപ്പം സ്വാഭാവിക സംഭാഷണങ്ങൾ, പുതിയ ആശയങ്ങൾ, അർത്ഥവത്തായ ബന്ധങ്ങൾ തുടങ്ങിയവയാൽ നയിക്കപ്പെടുന്ന ഒരു ഭാവി ജോലി സംസ്കാരമാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലാപ്പ് എഐ യ്ക്ക് മൈക്രോസോഫ്റ്റ് ഫണ്ടിംഗിനൊപ്പം സ്വകാര്യ ഇക്വിറ്റി നിക്ഷേപവും ലഭിച്ചിരുന്നു. ഉത്പന്ന വികസനത്തിനായി 2.5 മില്യൺ യുഎസ് ഡോളർ (ഏകദേശം 20 കോടി രൂപ) നേടാനായത് ശ്രദ്ധേയം. ഇന്ത്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പങ്കാളിത്ത ചർച്ചകളും നടക്കുന്നുണ്ട്. അടുത്ത ഒമ്പത് മാസത്തിനുള്ളിൽ പ്രതിമാസം 1 മില്യൺ യുഎസ് ഡോളറിലധികം വരുമാനം (ഏകദേശം 9 കോടി രൂപ) നേടാനും സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നു.

ഒരു മനുഷ്യന് കമ്പ്യൂട്ടർ സ്ക്രീനിൽ കാണാനും പ്രവർത്തിക്കാനും കഴിയുന്നതെല്ലാം വർക്ക്ഫ്ലോയും ഓട്ടോമേറ്റഡുമായി പകർത്താൻ ക്ലാപ്പിലൂടെ സാധിക്കുമെന്ന് ഡിജിറ്റൽ വർക്കർ സർവീസസ് സഹസ്ഥാപകനും ഡയറക്ടറുമായ ജെയ്ജോ ജെയിംസ് ജോൺ പറഞ്ഞു. മികച്ച റെക്കോർഡിംഗ്, ഇൻറലിജൻറ് മാപ്പിംഗ്, ഗുണമേമ്മയുള്ള നിർവഹണം എന്നിവയിലൂടെ ക്ലാപ്പ് ഇത് യാഥാർത്ഥ്യമാക്കും. ഭാഷാ മോഡലുകളില്ലാതെ പ്രാദേശിക ഇൻസ്റ്റാളേഷനും ആർട്ടിഫിഷ്യൽ ജനറൽ ഇൻറലിജൻസ് (എജിഐ) കോഡോടെയുമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർക്ക്ഫ്ലോ ഡിജിറ്റൈസ് ചെയ്യുന്നതിന് ചെലവ് കുറഞ്ഞ പരിഹാരങ്ങളാണ് നിലവിൽ ബിസിനസ്സുകൾ തേടുന്നത്. കോഡിംഗിൻറെയും വിപുലമായ സേവനങ്ങളുടെയും ആവശ്യകത ഇല്ലാതാക്കിക്കൊണ്ട് ക്ലാപ്പ് ഈ ആവശ്യം നിറവേറ്റുന്നു. ഇൻവോയ്സ് ക്യാപ്ചർ, ബാക്ക്-ഓഫീസ് ഡിജിറ്റൈസേഷൻ പോലുള്ള ആപ്ലിക്കേഷനുകളിൽ ക്ലാപ്പ് നടപ്പിലാക്കുന്നതിനായി ഡിജിറ്റൽ വർക്കർ സർവീസസ് അടുത്ത വർഷം വിവിധ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കും.

സങ്കീർണ്ണ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനുഷ്യരെ സഹായിക്കുന്നതും ജോലികൾ സ്വയം കൈകാര്യം ചെയ്യുന്നതുമായ ഒരു സൂപ്പർ സഹപ്രവർത്തകനാകുക എന്നതാണ് ക്ലാപ്പിലൂടെ ലക്ഷ്യമിടുന്നത്. ക്ലാപ്പിൻറെ പങ്കാളികൾക്കും പൈലറ്റ് ഉപഭോക്താക്കൾക്കുമുള്ള ആദ്യകാല ആക്സസ് പ്രോഗ്രാമുകൾ ഉടൻ ആരംഭിക്കും. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം കോഡിംഗ് ഇല്ലാതെ ഓൺ-സ്ക്രീൻ ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.