Sections

കൊച്ചി മുസിരിസ് ബിനാലെ സന്ദർശിച്ച് പ്രധാനമന്ത്രി ഓഫീസ് ഉപദേഷ്ടാവ് തരുൺ കപൂർ

Thursday, Dec 18, 2025
Reported By Admin
PMO Advisor Praises Kochi-Muziris Biennale as Global Inspiration

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് വലിയ പ്രചോദനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉപദേഷ്ടാവ് തരുൺ കപൂർ പറഞ്ഞു. ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിലെ ഡയറക്ടേഴ്സ് ബംഗ്ലാവ്, കയർ ഗോഡൗൺ എന്നിവിടങ്ങളിലെ കലാസൃഷ്ടികൾ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി കൂടിയായ തരുൺ കപൂർ ഫോർട്ട് കൊച്ചിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി കാശിവിശ്വനാഥനൊമൊപ്പമാണ് അദ്ദേഹം ബിനാലെ സന്ദർശിക്കാനെത്തിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ തോമസ് വർഗീസ് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

ബിനാലെയുടെ ആറാം പതിപ്പിന്റെ പ്രമേയമായ 'ഫോർ ദി ടൈം ബീയിംഗ്'എന്ന ആശയത്തോട് ചേർന്നുനിൽക്കുന്ന കലാസൃഷ്ടികൾ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കലാസൃഷ്ടികളുടെ ആശയങ്ങൾ, രൂപഭംഗി, ആഴം, വലുപ്പം, സൗന്ദര്യശാസ്ത്രം എന്നിവയെല്ലാം ആകർഷിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കലാസൃഷ്ടികളെ ആഴത്തിൽ മനസിലാക്കാനും അതെക്കുറിച്ച് കൂടുതൽ സംസാരിക്കാനും ഈ സന്ദർശനം മതിയാകില്ലെന്ന് തരുൺ കപൂർ പറഞ്ഞു. ആർട്ട് മീഡിയേറ്റർ അരുന്ധതി കാർത്തിക് ആണ് വിശിഷ്ടാതിഥികൾക്ക് കലാസൃഷ്ടികൾ വിശദീകരിച്ച് നൽകിയത്. പഞ്ചേരി ആർട്ടിസ്റ്റ് യൂണിയൻ, ധീരജ് രാഭ, ബിരേന്ദർ യാദവ്, ആർ ബി ഷാജിത്, കീർത്തിക കെയ്ൻ, പല്ലവി പോൾ, ബിരാജ് ദോഡിയ, സറീന മുഹമ്മദ്, മറീന അബ്രമോവിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംഎഐ) ആർക്കൈവുകൾ, അബുൽ ഹിഷാം ഫൈസ ഹസ്സൻ തറയിൽ, സ്മിത ബാബു, അഞ്ജ ഇബ്ഷ്, ഹുമ മുൽജി, രത്ന ഗുപ്ത, ഭാഷ ചക്രവർത്തി തുടങ്ങിയവരുടെ സൃഷ്ടികളും പ്രതിഷ്ഠാപനങ്ങളും അദ്ദേഹത്തെ ആകർഷിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.