Sections

ട്രാവൽ പ്ലസ് ലെയ്ഷർ ഇന്ത്യയുടെ 'ബെസ്റ്റ് വെൽനെസ്  ഡെസ്റ്റിനേഷൻ ' പുരസ്‌കാരം കേരളത്തിന്

Thursday, Dec 18, 2025
Reported By Admin
Kerala Wins Best Wellness Destination Award 2025

തിരുവനന്തപുരം: ആയുർവേദത്തിൻറെയും ചികിത്സാ പാരമ്പര്യങ്ങളുടെയും മികവിലൂടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിന് ട്രാവൽ പ്ലസ് ലെയ്ഷർ ഇന്ത്യയുടെ 'ബെസ്റ്റ് വെൽനെസ് ഡെസ്റ്റിനേഷൻ 'പുരസ്കാരം.

ട്രാവൽ പ്ലസ് ലെയ്ഷർ ഇന്ത്യയുടെ 2025 ലെ ബെസ്റ്റ് അവാർഡ്സ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്.

യാത്ര, ലൈഫ്സ്റ്റൈൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിനെ ആദരിക്കുന്നതിനായി വായനക്കാരുടെ വോട്ടിംഗിൻറെ അടിസ്ഥാനത്തിലാണ് ട്രാവൽ പ്ലസ് ലെയ്ഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ വിജയികളെ തിരഞ്ഞെടുക്കുന്നത്. പ്രിൻറ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ലോകത്തെ ആഴത്തിൽ അനുഭവവേദ്യമാക്കുന്ന ആഗോള പ്രശസ്തമായ ട്രാവൽ മീഡിയയാണ് ട്രാവൽ പ്ലസ് ലെയ്ഷർ.

ഇന്ത്യയിലെ വെൽനെസ് ടൂറിസം രംഗത്ത് കേരളത്തിൻറെ ആധിപത്യം അടിവരയിടുന്നതാണ് ഈ ബഹുമതിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകമെമ്പാടുമുള്ള വെൽനെസ് ടൂറിസ്റ്റുകളെ കേരളത്തിൻറെ ആയുർവേദ ചികിത്സകൾ വർഷം മുഴുവനും ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൻറെ പ്രകൃതിസൗന്ദര്യവും കാലങ്ങളായുള്ള ആയുർവേദ പാരമ്പര്യവും മറ്റ് ചികിത്സാ രീതികളും വിനോദസഞ്ചാരികൾക്ക് പുത്തനുണർവ് പകരുന്നതാണ്. ഇതിലൂടെ അവർ കേരളത്തിലെ വെൽനെസ് ടൂറിസത്തിൻറെ അംബാസഡർമാരായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ട്രാവൽ പ്ലസ് ലെയ്ഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യയുടെ എഡിറ്റർ-ഇൻ-ചീഫ് അക്ഷിത എം ഭഞ്ച് ദിയോയിൽ നിന്ന് സംസ്ഥാന സർക്കാരിൻറെ അഡീഷണൽ റസിഡൻറ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് പുരസ്കാരം ഏറ്റുവാങ്ങി.

കേരളത്തിൻറെ ആയുർവേദ-വെൽനെസ് ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പിൻറെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരിയിൽ കോഴിക്കോട് വച്ച് സംസ്ഥാനത്തിൻറെ ആദ്യ അന്താരാഷ്ട്ര ആയുർവേദ-വെൽനെസ് കോൺക്ലേവ് സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖരെ ഒരുമിച്ച് കൊണ്ടുവന്ന് ഈ മേഖലയിൽ കേരളത്തിൻറെ നേതൃസ്ഥാനം ശക്തമാക്കുകയാണ് കോൺക്ലേവിൻറെ ലക്ഷ്യം.

ഓൺലൈൻ വോട്ടിംഗിലൂടെയാണ് ലോകമെമ്പാടുമുള്ള വായനക്കാർ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളിലായി ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ലൈഫ്സ്റ്റൈൽ ബ്രാൻഡുകൾ എന്നിവയിൽ നിന്നാണ് തിരഞ്ഞെടുപ്പുകൾ നടന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.